Crime: 8-ാം ക്ലാസുകാരിയുടെ ദുരൂഹ മരണം; പല തവണ പീഡിപ്പിക്കപ്പെട്ടു, പിന്നിൽ ലഹരി സംഘം?
8 year old girl`s unnatural death: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടി കൂട്ടുകാരോടൊപ്പം പുറത്തുപോകാൻ വസ്ത്രം മാറാനായി പോയപ്പോഴാണ് കുഴഞ്ഞുവീണത്.
തിരുവനന്തപുരം: വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണ മരിച്ച പെൺകുട്ടി പല തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മാർച്ച് 30നാണ് പെൺകുട്ടിയെ വീട്ടിലെ ശൌചാലയത്തിൽ കുഴഞ്ഞുവീണ് കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.
മാർച്ച് 30ന് സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടി ശൌചാലയത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. കൂട്ടുകാരോടൊപ്പം പുറത്തുപോകാൻ വസ്ത്രം മാറാനായി പോയ പെൺകുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണാണ് പെൺകുട്ടി വീണു കിടക്കുന്നത് കണ്ടത്. വീഴ്ചയിൽ തലയ്ക്ക് ക്ഷതമേറ്റ് മൂക്കിൽ നിന്ന് രക്തം ഒഴുകിയിരുന്നു.
ALSO READ: സ്വർണവും പണവും വാങ്ങി കബളിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ
പെൺകുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 1ന് മരിച്ചു. പെൺകുട്ടി പല തവണ പ്രകൃതി വിരുദ്ധ, ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പീഡനത്തെ തുടർന്ന് പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പെൺകുട്ടിയുടെ ഫോൺ കോൾ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ കേടായതിനാൽ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പെൺകുട്ടി പല തവണ പീഡിപ്പിക്കപ്പെട്ടു എന്ന് സ്ഥിരീകരിച്ചതോടെ സംഭവത്തിൽ ലഹരി സംഘങ്ങൾക്ക് പങ്കുണ്ടോ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പെൺകുട്ടിയുടെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. സിവിൽ പോലീസ് ഉദ്യോഗസ്ഥൻറെ മകളാണ് വിദ്യാർത്ഥിനി.
വടകരയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: വടകരയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അറക്കിലാട്ട് സ്വദേശി ശ്രീജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെ പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ശ്രീജേഷിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പോലീസിൻറെ സന്ദേശം എത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും പുറത്തുപോയ ശ്രീജേഷ് ഉച്ചയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാരും ബന്ധുക്കളും ശ്രീജേഷിനെ തിരഞ്ഞിറങ്ങി. ഒരു രാത്രി മുഴുവനും ബന്ധുക്കൾ ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവിലെയോടെ ഒരു വീടിനു മുന്നിൽ ശ്രീജേഷിൻറെ ബൈക്ക് കണ്ടെത്തുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പരിസര പ്രദേശങ്ങളിൽ ഇയാളെക്കുറിച്ച് അന്വേഷിച്ചു.
മരപ്പണിക്കാരനായിരുന്ന ശ്രീജേഷ് ഇയാളുടെ ബൈക്ക് കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ ജോലിക്കെത്തിയിരുന്നതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇതിന് പിന്നാലെ ബന്ധുക്കൾ വീടിനുള്ളിൽ കയറി പരിശോധിച്ചു. തുടർന്ന് കത്തിക്കരിഞ്ഞ നിലയിൽ ശ്രീജേഷിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ സമയം വീടിൻറെ വാതിൽ ഉള്ളിൽ നിന്നും അടച്ച നിലയിലായിരുന്നു. ശ്രീജേഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ പോയ ശ്രീജേഷിനോട് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ സംഭവവുമായി മരണത്തിന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ശ്രീജേഷ് മുമ്പ് എപ്പോഴെങ്കിലും ചെയ്ത നിയമ ലംഘനത്തിന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം ചൊവ്വാഴ്ച അയച്ചതാകാം എന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. ശ്രീജേഷിൻറെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...