Sharon Murder Case: പാറശാല ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും എന്നും വിചാരണയെ അത് ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കൂടി അംഗീരിച്ചാണ് കോടതി ഗ്രീഷ്മയുടെ ജാമ്യം തള്ളിയത്.
തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യമില്ല. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. ഗ്രീഷ്മയെ കസ്റ്റഡിയിൽ വച്ച് തന്നെ വിചാരണ നടത്താൻ പ്രോസിക്യൂഷന് നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും എന്നും വിചാരണയെഅത് ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിടുന്നത് അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒക്ടോബർ 25ന് മരിക്കുകയും ചെയ്തു. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
2021 ഒക്ടോബർ മുതലാണ് ഷാരോൺ രാജും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലാകുന്നത്. ഇതിനിടയിൽ 2022 മാർച്ച് നാലിന് സൈന്യത്തിൽ ജോലി ചെയ്യുന്ന മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചു. ഇതിന്റെ പേരിൽ ഇരുവരും പിണങ്ങിയിരുന്നെങ്കിലും നവംബറിൽ ഇവർ വെട്ടുകാട് പള്ളിയിലും,ഷാരോണിൻറെ വീട്ടിലും വെച്ച് താലികെട്ടിയിരുന്നു. ഇതിനിടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചിരുന്നു.
നേരത്തെ പാരസെറ്റാമോൾ പൊടിച്ച് ജ്യൂസിൽ കലക്കിയും ഷാരോണിനെ കൊല്ലാൻ ശ്രമിച്ചിരുന്നു. ഇത് ഗൂഗിളിലും യൂട്യൂബിലും സെർച്ച് ചെയ്താണ് കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവനാണ് കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ സഹായിച്ചത്.അമ്മയ്ക്കും ഇതിനെ പറ്റി വ്യക്തമായ അറിവുണ്ടായിരുന്നതായും പോലീസ് സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...