വീട്ടിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് മണത്തുകണ്ടുപിടിച്ച് പോലീസ് നായ; 800 ഗ്രാം കഞ്ചാവ് പിടികൂടി
തൃശൂര്‍ റൂറല്‍ പോലീസിന്റെ ലഹരിവിരുദ്ധ സംഘവും ഡോഗ് സ്ക്വാഡും വാടാനപ്പിള്ളി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
തൃശൂര്‍: തൃശൂർ ചേറ്റുവയില്‍ കഞ്ചാവ് പിടികൂടി. വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച 800 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. തൃശൂർ ചേറ്റുവ സ്വദേശി വിനോദിന്റെ വീട്ടിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. തൃശൂര്‍ റൂറല്‍ പോലീസിന്റെ ലഹരിവിരുദ്ധ സംഘവും ഡോഗ് സ്ക്വാഡും വാടാനപ്പിള്ളി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
പോലീസിനെ കണ്ടതോടെ വിനോദ് രക്ഷപ്പെട്ടു. കഞ്ചാവ് എവിടെയാണ് ഒളിപ്പിച്ചതെന്ന് ആദ്യം പോലീസിന് കണ്ടെത്താനായില്ല. ഒടുവിൽ, റൂറല്‍ പൊലീസിന്റെ ഡോഗ് സ്ക്വാഡിനെ പരിശോധനയ്ക്കെത്തിക്കുകയായിരുന്നു. പോലീസ് നായ റാണയാണ് കട്ടിലിനടിയിൽ കഞ്ചാവ് കണ്ടെത്തിയത്. ചേറ്റുവ മേഖലയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് വിനോദ്.
ALSO READ: കഞ്ചാവ് കുരുകൊണ്ട് മിൽക്ക് ഷേക്ക്; കോഴിക്കോട് കടയുടമക്കെതിരെ കേസെടുത്തു
ഒട്ടേറെ കഞ്ചാവ് കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു. മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളാക്കി വിൽപന നടത്തുകയാണ് വിനോദിന്റെ രീതിയെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, ഇടുക്കിയിൽ കുട്ടികൾക്കിടയിൽ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി പോലീസ്. കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന വിതരണക്കാരെ അധ്യാപകരിലൂടെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇടുക്കിയിലെ തോട്ടംമേഖലകള്‍ കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ വ്യാപകമായി വിൽപന നടത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇടനിലക്കാര്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘങ്ങളും മൂന്നാറില്‍ സജീവമാണ്. പല കുട്ടികളും കാര്യത്തിന്റെ ഗൗരവമറിയാതെയാണ് ലഹരി ഉപയോഗത്തിന് അടിമയാകുന്നത്.
ALSO READ: ''കഞ്ചാവ് കുരുവല്ല അത് ഹെംപ് സീഡെ''ന്ന് കോഴിക്കോട് മിൽക് ഷേക്ക് കടയുടമ
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍, കോളേജ് അധ്യാപകര്‍ക്ക് പോലീസ് ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. ഇടനിലക്കാർ മുഖേനയാണ് കുട്ടികൾക്ക് ലഹരി ലഭിക്കുന്നത്. ഇവരെ കുട്ടികളിലൂടെ കണ്ടെത്തി ശിക്ഷിക്കുന്നതോടൊപ്പം ലഹരി ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്‍തിരിപ്പിക്കുകയാണ് ക്യാമ്പ് കൊണ്ട് പോലീസ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...