Crime News: അധ്യാപകന്‍റെ പീഡനം, വാര്‍ണീഷ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഏഴാം ക്ലാസുകാരി 


COMMERCIAL BREAK
SCROLL TO CONTINUE READING

Chennai: മാതാ പിതാ  ഗുരു ദൈവം.... അതായത്  ഭൂമിയില്‍ ഈശ്വരന് തുല്യമാണ് ഗുരുവിന്‍റെ സ്ഥാനം.... എന്നാല്‍, ഗുരുക്കന്മാരുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്...!!
 
ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നും റിപ്പോട്ട് ചെയ്തിരിയ്ക്കുന്ന ഈ സംഭവത്തിലും വില്ലന്‍  അധ്യാപകന്‍  തന്നെ....  അധ്യാപകന്‍റെ പീഡനത്തെത്തുടര്‍ന്ന് ഏഴാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്.


സംഭവത്തില്‍  മുരളി കൃഷണയെന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.   അധ്യാപകനെകുറിച്ച് പെണ്‍കുട്ടി പരാതിപ്പെട്ടതിനെത്തുടര്‍ന്ന്  കുട്ടിയുടെ അമ്മ സ്കൂളില്‍ എത്തി മുരളി കൃഷ്ണയോട് കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ശല്യം തുടര്‍ന്നാല്‍ പോലീസില്‍ പരാതി നല്‍കുമെന്നും അമ്മ താക്കീത് നല്‍കിയിരുന്നു. എന്നാല്‍,  അധ്യാപകന്‍  ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നു.  


രണ്ട് ദിവസം മുമ്പ് റാണിപ്പേട്ട ജില്ലയിലെ ചീക്കാപുരത്തെ ഹൗസി൦ഗ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക്  വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ കത്ത് നല്‍കിയത്  പെണ്‍കുട്ടിയെ കൂടുതല്‍ ഭയപ്പെടുത്തി.   


ഇക്കാര്യം  രക്ഷിതാക്കളോട് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയിരുന്നില്ല. രക്ഷിതാക്കള്‍ സമാധാനപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല.  ഭയപ്പെട്ട പെണ്‍കുട്ടി, വീട്ടിലുണ്ടായിരുന്ന വാര്‍ണീഷ് എടുത്ത് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.  ബോധരഹിതയായ പെണ്‍കുട്ടിയെ ഉടന്‍തന്നെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്, മാതാപിതാക്കള്‍ തിരുവലം പോലീസില്‍ പരാതി നല്‍കി. പോക്സോ കേസില്‍ അധ്യാപകനെ  പോലീസ്  അറസ്റ്റ്‌ചെയ്തു. 


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.