Nikhil Thomas Arrest: സർട്ടിഫിക്കറ്റുണ്ടാക്കാൻ രണ്ടു ലക്ഷം രൂപ; സഹായിച്ചത് വിദേശത്തുളള എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്‍റ്- നിഖിൽ തോമസിൻറെ മൊഴി
കോട്ടയത്ത് കെഎസ്ആർടിസി ബസ്സിൽ ഇരിക്കുമ്പോഴാണ് നിഖിൽ തോമസ് പൊലീസിന്‍റെ പിടിയിലായത്
കായംകുളം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ ഒളിവിലായിരുന്ന എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിലായതിനു പിന്നാലെ പുറത്തുവരുന്നത് വൻ തട്ടിപ്പിന്‍റെ വിവരങ്ങൾ. കൊച്ചിയിലെ സ്ഥാപനത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. രണ്ടു ലക്ഷം രൂപ ചെലവായെന്നും ഇതിന് സഹായിച്ചത് ഇപ്പോൾ വിദേശത്തുളള എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്‍റാണെന്നും നിഖിൽ പൊലീസിന് മൊഴി നൽകി. നിഖിലിന്‍റെ മൊബൈൽ പൊലീസിന് കിട്ടിയില്ല. മൊബൈൽ നഷ്ടപ്പെട്ടെന്ന് മൊഴി.
കോട്ടയത്ത് കെഎസ്ആർടിസി ബസ്സിൽ ഇരിക്കുമ്പോഴാണ് നിഖിൽ തോമസ് പൊലീസിന്‍റെ പിടിയിലായത്. തുടർന്ന് കായംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുമ്പോഴാണ് തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇപ്പോൾ വിദേശത്തുളള എസ് എഫ് ഐയുടെ കായംകുളം മുൻ ഏരിയ പ്രസിഡന്‍റ് അബിൻ സി രാജ് ആണ് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചത്.
ALSO READ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസ് അറസ്റ്റിൽ
ഇയാൾ കൊച്ചിയിലെ ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തി. കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് കേരള സർവകലാശാല അംഗീകരിക്കും എന്ന് ധരിപ്പിച്ചു. രണ്ടു ലക്ഷം രൂപയാണ് സർട്ടിഫിക്കറ്റുണ്ടാക്കാൻ ചെലവിട്ടതെന്നും നിഖിൽ മൊഴി നൽകി. അതേസമയം തന്‍റെ മൊബൈൽ ഉപേക്ഷിച്ച ശേഷമാണ് നിഖിൽ പൊലീസിന്‍റെ കൈയിൽ പെടുന്നത്. മൊബൈൽ നഷ്ടപ്പെട്ടെന്നാണ് മൊഴി.
വ്യാജ സർട്ടിഫിക്കറ്റ് സംഭവം വിവാദമായതിന് പിന്നാലെ, നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...