Sindhu Murder case: Drishyam മോഡല്‍ കൊലപാതകം...!! അയല്‍വാസി അടുക്കളയില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു, സിന്ധുവിന്റേതെന്ന് സ്ഥിരീകരണം
ഇടുക്കി പണിക്കന്‍കുടിയില്‍ അടുക്കളയില്‍ കുഴിച്ചുമൂടിയ വീട്ടമ്മയുടെ മൃതേദഹം പുറത്തെടുത്തു.
Idukki: ഇടുക്കി പണിക്കന്‍കുടിയില്‍ അടുക്കളയില്‍ കുഴിച്ചുമൂടിയ വീട്ടമ്മയുടെ മൃതേദഹം പുറത്തെടുത്തു.
3 ആഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധുവിന്റെ (Sindhu Murder case) മൃതദേഹംമാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചു. അയല്‍വാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കണ്ടെത്തിയ മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹത്തില്‍നിന്നും വസ്ത്രങ്ങള്‍ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടിയിരുന്നു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. അടുക്കളയില്‍ കുഴിച്ചു മൂടിയ മൃതദേഹം പോലീസ് ഡോഗ് സ്ക്വാഡ് കണ്ടുപിടിക്കാതിരിക്കാന്‍ മുളകുപൊടി വിതറിയിരുന്നതായി പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
3 ആഴ്ച മുന്‍പ് ആണ് സിന്ധുവിനെ കാണാതായത്. സിന്ധുവിനെ തിരക്കിയുള്ള അന്വേഷണം നടക്കുന്നതിനിടെ അയല്‍വാസിയായ ബിനോയ് ഒളിവില്‍ പോയത് സംശയത്തിനിടയാക്കി. കൂടാതെ, അയാള്‍ അടുത്തിടെ പണികഴിപ്പിച്ച പുതിയ അടുക്കളയും സംശയത്തിനിടയാക്കി. പുതിയ അടുക്കളയെപ്പറ്റി സിന്ധുവിന്റെ 13 കാരനായ ഇളയ മകനാണ് വിവരം നല്‍കിയത്.
അമ്മയെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടി ഈ വിവരം അറിയിച്ചതോടെ ബിനോയിയുടെ വീട് പരിശോധിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കളവാതില്‍ ചാരിയനിലയിലായിരുന്നു. വീട്ടില്‍ കയറിയ ഇവര്‍ കുട്ടി പറഞ്ഞ കാര്യം ശരിയാണെന്ന് ഉറപ്പിച്ചു. പിന്നീട് പുതുതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയും വിരലുകളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
യുവതിയുമായി അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പല തവണ ഫോണില്‍ വിളിച്ചിരുന്നു. ഇതില്‍ അസ്വസ്ഥനായ ബിനോയ് ഭര്‍ത്താവ് വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്നും സിന്ധുവിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി ഒത്തു പോകാന്‍ തീരുമാനിച്ചതോടെ സിന്ധുവിനെ ബിനോയി വകവരുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.
അതേസമയം, സംഭവത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത വനിതാ കമ്മീഷന് ജില്ലാ പോലീസ് സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...