Subair Murder Case: പാലക്കാട് സുബൈർ വധം; നാല് പേരെ കസ്റ്റഡിയിലെടുത്തു
രണ്ട് വർഷം മുമ്പ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ ഇവർ പ്രതികളായിരുന്നു.
Palakkad : പാലക്കാട് എലപ്പുള്ളിയിലെ സുബൈർ വധക്കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു. ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേസിൽ കസ്റ്റഡിയിലെടുത്തിരിക്കുന്ന നാല് പേരും മുമ്പും ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ്. രണ്ട് വർഷം മുമ്പ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ ഇവർ പ്രതികളായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന ഇവർ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്.
അതേസമയം കൊല്ലപ്പെട്ട സുബൈറിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശേഷം വിലാപയാത്രയായി മൃതദേഹം എലപ്പുള്ളിയിലെ വീട്ടിൽ എത്തിച്ചു. എലപ്പുള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം ഏപ്രിൽ 16 ന് തന്നെ ശവസംസ്ക്കാരം നടത്തും. പൊലീസ് അകമ്പടിയോടെയാണ് വിലാപ യാത്ര സംഘടിപ്പിച്ചത്. എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ അടക്കം വൻ ജനാവലിയാണ് വിലാപയാത്രയ്ക്ക് അണിനിരന്നത്.
ALSO READ: Subair Murder Case: സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് FIR; ആരേയും പ്രതി ചേർത്തിട്ടില്ല
സുബൈറിന്റെ കൊലപാതകം രാഷ്ട്രീയമെന്ന് എഫ്ഐആറിൽ പറഞ്ഞിട്ടുണ്ട്. എഫ്‌ഐആറിൽ രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണെന്ന കൊല്ലപ്പെട്ട സുബൈറിന്റെ അച്ഛന്‍ അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏപ്രിൽ 15 (വെള്ളിയാഴ്ച) ഉച്ചയ്ക്ക് പള്ളിയില്‍ നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഉപ്പയുടെ കണ്‍മുന്നില്‍ വെച്ചാണ് സുബൈറിനെ (Subair Murder Case) അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വരുകയായിരുന്ന സുബൈറിനെ രണ്ടു കാറിലെത്തിയ അക്രമികൾ ഇടിച്ചിട്ടശേഷമായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്.
സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉണ്ടായ രണ്ടാമത്തെ കൊലപാതകമായിരുന്നു ഇത്. ആർഎസ്എസിന്റെ മുൻ ശാരിരിക ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേൽമുറിയിൽ വെച്ചാണ് സംഭവം. സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണ് ബിജെപി ആരോപിച്ചു.
ഏപ്രിൽ 16 ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. മേൽമുറിയിലെ കടയിൽ കയറിയാണ് ആർഎസ്എസ് നേതാവിനെ അക്രമികൾ വെട്ടിക്കൊന്നത്. തലയ്ക്കും കൈക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ശ്രീനിവാസന്റെ കൊലപാതകത്തിനിടെ പാലക്കാട് കൊടുന്തറപ്പുള്ളയിൽ വേറെ ഒരാൾക്കും കൂടി വെട്ടേറ്റു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...