Crime News: കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ
Ernakulam Mass Death: ഗൃഹനാഥനായ മണിയനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയേയും മകനേയും വെട്ടിയും കല്ലിലിടിച്ചും കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.
കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥനായ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8:50 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്. മണിയൻ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് സൂചന.
മണിയന്റെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, സരോജിനിയെയും മകൻ മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മുറിയിൽ രക്തം തളംകെട്ടി നിൽക്കുകയാണെന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളെല്ലാം ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. മനോജിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. പോലീസെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി.
രാത്രി വീട്ടിൽ വഴക്ക് നടക്കുന്ന ശബ്ദം കേട്ടിരുന്നതായി അയൽക്കാർ പറഞ്ഞു. മണിയൻ ലോട്ടറി വിൽപ്പനക്കാരനായിരുന്നു. ഇന്ന് രാവിലെ ഇവരുടെ സഹോദരി വീട്ടിലെത്തി വിളിച്ചിട്ടും ആരും പുറത്തുവന്നില്ല. ശേഷം സഹോദരിയുടെ മക്കളെത്തി വാതിൽ തുറന്നു പരിശോധിച്ചപ്പോഴാണ് മൂവരേയും മരിച്ച നിലയിൽ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...