Crime: സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിലെന്ന് പോലീസ്
ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്.
തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. തൃശൂർ - തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. കഴിഞ്ഞ മാസം 18ന് അർധരാത്രിയായിരുന്നു സഹറിന് നേരെ ആക്രമണമുണ്ടായത്. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് സഹർ മരിച്ചത്. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തുള്ള ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ പ്രതികളായ ആറു പേരും ഒളിവിലാണെന്ന് പോലീസ്.
ക്രൂരമായി മർദ്ദനമേറ്റ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളിൽ ക്ഷതമേൽക്കുകയും, പാൻക്രിയാസിൽ പൊട്ടലും ഉണ്ടായിരുന്നു. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്.
Also Read: Wild Elephant Attack: വീണ്ടും പടയപ്പയുടെ ആക്രമണം; കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
രാത്രി അസമയത്ത് സഹറിനെ കണ്ട പ്രതികൾ ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍ വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചയോടെ വേദന അസഹനീയമായി. ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഒരാഴ്ചയ്ക്കിടെ സഹറിന്‍റെ ആരോഗ്യ നില വഷളായി. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...