Twenty 20 Member Death: ട്വന്റി 20 പ്രവർത്തകന്റെ മരണം: ദീപു കോവിഡ് പോസിറ്റീവ്, അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ട്വന്റി 20
മരണത്തിന് ശേഷമുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
Kochi : കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മര്‍ദ്ദനത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന ട്വന്‍റി 20 പ്രവർത്തകൻ ദീപു കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. മരണത്തിന് ശേഷമുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. അതേസമയം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ട്വന്റി 20 രംഗത്തെത്തി. മരണകാരണം ലിവർ സിറോസിസ് ആയിരിക്കാമെന്ന പി വി ശ്രീനിജൻ എംഎൽഎ പറഞ്ഞിരുന്നു. ഇതിനെതിരെയും ട്വന്റി 20 പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
ആശുപത്രി അധികൃതരും കേസ് അട്ടിമറിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് ട്വന്റി ട്വന്റി പ്രവർത്തകർ ആരോപണം ഉയർത്തിയിട്ടുണ്ട്. സിപിഎം പ്രവർത്തകർ ദീപുവിനെ പട്ടിയെ പോലെ തല്ലി ചതയ്ക്കുകയായിരുന്നുവെന്നാണ് ട്വന്റി ട്വന്റി പ്രവർത്തകർ പറയുന്നത്. ക്രൂരമായ മർദ്ദനമാണ് ദീപുവിന്റെ മർദ്ദനത്തിന് ഇടയാക്കിയതെന്ന് പ്രവർത്തകർ ആരോപിച്ചു. ദീപുവിന്റെ ബന്ധുക്കളും മരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ALSO READ: Twenty 20 Worker : സിപിഎം പ്രവർത്തകരുടെ മര്‍ദ്ദനത്തിനിരയായ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു
മർദ്ദനത്തെ തുടർന്ന് ദീപുവിന്റെ തലച്ചോറിൽ ശക്തമായ ആന്തരികരക്തസ്രാവം ഉണ്ടായിരുന്നു, ഇതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. എന്നാൽ വീണ്ടും ആരോഗ്യ നില വഷളാവുകയായിരുന്നു. ദീപുവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും, മരുന്നുകളോട് ദീപുവിന്റ് ശരീരം പ്രതികരിക്കാതെ വരികെയായിരുന്നു. തുടർന്നാണ് ആശുപത്രി അധികൃതർ ദീപുവിന്റെ മരണം സ്ഥിരീകരിച്ചത്.
ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ വിളക്കണക്കൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിപിഎം പ്രവർത്തർ ദീപുവിനെ മർദ്ധിച്ചത്. ട്വന്റി 20 യുടെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെ എംഎൽഎ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന്മുന്നിൽ തന്നെ ദീപു ഉണ്ടായിരുന്നു.
മർദ്ദനമേറ്റ ദിവസം ദീപു ചികിത്സ തേടിയിരുന്നില്ല. ഫെബ്രുവരി 14, തിങ്കളാഴ്ച പുലർച്ചയോടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ ദീപുവിനെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് നാല് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കിഴക്കമ്പലം സ്വദേശികളായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...