Crime: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ഉൾപ്പെടെ രണ്ട് പേർ ലഹരിമരുന്നുമായി പിടിയിൽ
Two arrested with drugs in Guruvayur: ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
തൃശൂർ: ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയ പ്രതി ഉൾപ്പെടെ രണ്ട് പേർ മാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട എം.ഡി എം.എ യും ഹാഷിഷ് ഓയിലും കഞ്ചാവുമായി ഗുരുവായൂരിൽ പിടിയിൽ. കാപ്പ നിയമപ്രകാരം നാടുകടത്തിയ വഞ്ചിക്കടവ് മേത്തി വീട്ടിൽ 31 വയസുള്ള ഷജീർ, ഒപ്പമുണ്ടായിരുന്ന തിരുവത്ര കേരന്റകത്ത് വീട്ടിൽ 33 വയസുള്ള നബീൽ എന്നിവരാണ് അറസ്റ്റിലായത്.
ഷജീർ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് പുറക് വശത്തുള്ള സ്വകാര്യ ഫ്ലാറ്റിൽ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിപ്പോഴാണ് പ്രതികളുടെ കയ്യിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ഇതോടെ വിവരം ഗുരുവായൂർ ടെമ്പിൾ പോലീസിനെ അറിയിച്ചു. ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഐ.എസ് ബാലചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
ഇവരിൽ നിന്ന് 2 ദശാംശം 78 ഗ്രാം എം.ഡി.എം.എയും 2 ദശാംശം 47 ഗ്രാം ഹാഷിഷ് ഓയിലും 1 ദശാംശം 85 ഗ്രാം കഞ്ചാവും കണ്ടെത്തി. ഒന്നാം പ്രതി ഷജീറിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനെട്ടോളം കേസുകളുണ്ട്. കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് ചാവക്കാട് പോലീസും ഇയാൾക്കെതിരെ കേസെടുത്തു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു
ടെമ്പിൾ സ്റ്റേഷൻ എസ്.ഐമാരായ കെ ഗിരി, സി ജിജോ ജോൺ, എ.എസ്.ഐമാരായ പി.എസ് സാബു, വി.എം ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബാസ്റ്റിൻ സിങ്ങ്, സിവിൽ പോലീസ് ഓഫീസർ സി.എസ് സജീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...