കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് അനുജനും മാതൃ സഹോദരനും വെടിയേറ്റു മരിച്ചു.  സംഭവം നടന്നത് കോട്ടയം  കാഞ്ഞിരപ്പള്ളിയിലാണ്  (kanjirappalli). സ്വത്ത് തർക്കത്തിനിടെ ഉണ്ടായ വെടിവെയ്പ്പിലാണ് രണ്ടുപേർ മരിച്ചത്.  വെടിയുതിർത്ത ജോർജ് കുര്യന്റെ മാതൃ സഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ ഇദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു ഒടുവിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജോർജ് കുര്യന്റെ വെടിയേറ്റ് സഹോദരൻ രഞ്ജു കുര്യൻ ഇന്നലെ മരിച്ചിരുന്നു . ജോർജ് കുര്യനെ പൊലീസ് പിടികൂടിയിരുന്നു. കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ച് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. സാമ്പത്തിക ബാധ്യത കാരണം മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. 


Also Read: കോട്ടയത്ത് സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ച് കൊന്നു


കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണമെന്ന സഹോദരൻ രഞ്ജു കുര്യൻറെ ആവശ്യം ജോർജ് കുര്യൻ അംഗീകരിക്കാൻ തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കെ ഇതൊന്ന് ഒത്തുതീർക്കാൻ വേണ്ടിയാണ് ഇരുവരുടേയും മാതൃ സഹോദരനായ മാത്യു സക്കറിയ എത്തിയത്. 


സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് നീങ്ങുകയും പ്രകോപിതനായ ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവെക്കുകയുമായിരുന്നു.  ഇതിനിടയിൽ പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും ജോർജ് നിറയൊഴിക്കുകയായിരുന്നു. ഇരുവരുടേയും തലയ്ക്കാണ് വെടിയേറ്റത്. സഹോദരനായ രഞ്ജു തൽക്ഷണം മരിക്കുകയായിരുന്നു. 


എന്നാൽ അബോധാവസ്ഥയിലായ മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയൊച്ചകേട്ട് ആദ്യം ഓടിയെത്തിയത് ഇരുവരുടേയും മാതാപിതാക്കളാണ്.  സംഭവം കണ്ടു പേടിച്ച ഇവർ വാതിലടച്ചശേഷം ഓടിമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  


വെടിയുതിർത്തത് തൊട്ടടുത്തുനിന്ന രീതിയിലായിരുന്നുവെന്നും മരണമടഞ്ഞ രഞ്ജുവിന്റെ ശരീരത്തിലെ മുറിവുകൾ അങ്ങനെയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൂടാതെ വെടിവെയ്പ്പിന് മുൻപും  മൽപിടുത്തം നടന്നതായും പോലീസ് സംശയിക്കുന്നു. ജോർജ് കുര്യന്റെ ഷർട്ടിലും ചോര പുരണ്ടിരുന്നു. വിവരമറിഞ്ഞു പോലീസ് എത്തിയപ്പോൾ ഇയാൾ വീട്ടിനുള്ളിൽ തന്നെയുണ്ടായിരുന്നു.


ജോർജ് കുര്യൻ കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ്. ഊട്ടിയിൽ വ്യവസായിയായ രഞ്ജുവായിരുന്നു കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടിയാണ് ജോർജ് കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നും കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബത്തിൽ സ്വത്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും  ഇതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം.  


ജോർജ് വെടിവയ്ക്കാൻ ഉപയോഗിച്ച പോയിൻറ് 9mm റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നുവെന്നും ഇതിലെ നാല് ബുള്ളറ്റുകളിൽ രണ്ടെണ്ണം വീതം രണ്ടുപേരുടെയും ശരീരത്തിൽ തുളച്ചു കയറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.  കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ലഭിക്കുമെന്നും പോലീസ് അറിയിച്ചു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.