നിഗൂഢതയാൽ ആവരണം ചെയ്യപ്പെട്ടതാണ് മനുഷ്യ മനസ്സ്.അതിനാൽ തന്നെ മനുഷ്യ മനസ്സിനെ സംബന്ധിച്ച പ്രവചനം പലപ്പോഴും അസാധ്യമാണ്.ലണ്ടനിൽ ആറ് പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡെന്നിസ് നിൽസെൺ പറഞ്ഞ കൊലപാതകത്തിൻറെ കാരണം വിനോദമെന്നായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാറുകളിലേതെങ്കിലുമൊന്നിൽ മദ്യപിച്ചിരിക്കുമ്പോൾ തോന്നുന്ന വെറുമൊരു തോന്നലിൽ യുവാക്കളെ തൻറെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്യുന്നതായിരുന്നു നിൽസൺറെ വിനോദം. അവസാന കുറ്റകൃത്യത്തിൽ പിടിക്കപ്പെടും വരെ താനൊരു ബുദ്ധിമാനാണെന്ന് നിൽസൺ സ്വയം വിശ്വസിച്ചിരുന്നു.


നിൽസണെ പോലെ അല്ലെങ്കിലും അതേ ബുദ്ധി വൈഭവം ഉണ്ടായിരുന്നു കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിലെ ഒരു പെൺകുട്ടിക്ക്. ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായ അവളുടെ സ്വപ്നങ്ങൾ ആദ്യ രാത്രിയിൽ തന്നെ തകർന്നു. താൻ വന്ന് ചേർന്ന കുടുംബം അവൾക്ക് വളരെ പെട്ടെന്ന് നരകമായി.


ദിവസങ്ങൾ മുന്നോട്ട് പോകും തോറും പ്രശ്നങ്ങൾ കൂടിക്കൂടി വന്നു. നിറത്തിൻറെ പേരിൽ, ഉയരത്തിൻറെ പേരിൽ കൊണ്ട് വന്ന സ്വർണ്ണത്തിൻറെ പേരിലൊക്കെയും അവൾ അപമാനിതയായി(പോലീസ് ശേഖരിച്ച പ്രതിയുടെ മൊഴി പ്രകാരം). പതിവായി തൻറെ വീട്ടിൽ പോയി നിൽക്കുന്നത് അവൾ ശീലമാക്കി. സൈന്യത്തിലുള്ള  ഭർത്താവ് ഇക്കാര്യങ്ങൾ പലതും അറിഞ്ഞില്ല.


അങ്ങിനെ ഒരു വേനൽക്കാലത്ത് അവൾ തൻറെ പുതിയ അയൽക്കാരനെ പരിചയപ്പെട്ടു. അയാൾക്ക് 40-ന് മുകളിൽ പ്രായമുണ്ടായിരുന്നു. അലക്ഷ്യമായി വളരുന്ന താടി രോമങ്ങളിൽ വിരലോടിച്ച് അന്നൊരു പകൽ അയാൾ അവൾ പറഞ്ഞതത്രയും കേട്ടു. ചുവന്ന കണ്ണുകളിലെ തിളക്കത്തിൽ അവൾ വിശ്വസിച്ചു. ഒരു രാത്രി മതിലിന് ഇപ്പുറം നിന്ന് അവൾ തൻറെ ആവശ്യം വ്യക്തമാക്കി.


കാര്യം കഴിഞ്ഞാൽ ചോദിക്കുന്നതെന്തും നൽകാം എന്ന് പറഞ്ഞതാടെ അയാൾക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. തൻറെ ആദ്യ കൊലപാതകത്തിന് അയാൾ ഒരു അമാവാസി തന്നെ തിരഞ്ഞെടുത്തു. അവൾ, പിന്നിലെ വാതിൽ തുറന്നിട്ടു. ഇരുമ്പ് വടിയുമായി അയാൾ അകത്ത് കയറി. ആദ്യത്തെ രണ്ടടിയിൽ തന്നെ അവളുടെ ഭർതൃപിതാവും മാതാവും കൊല്ലപ്പെട്ടു. അവൾ അടുത്ത മുറിയിൽ പതിവ് പോലെ കിടന്നുറങ്ങി. രാവിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുമ്പോഴും അവൾ സംസാരിത്തിൽ പതർച്ച വരുത്താൻ ശ്രമിച്ചു.


...........................................


അയാളെ ഞാൻ കണ്ടു


നാടിനെ നടുക്കിയ കൊലപാതകം പോലീസിനെയും വട്ടം ചുറ്റിച്ചു. ആദ്യ ഘട്ടത്തിൽ മോഷണ സാധ്യതകളുടെ ചുവട് പറ്റിയായിരുന്നു അന്വേഷണം. അതിനുള്ള സാധ്യതകൾ വിരളമായിരുന്നു. ലോക്കൽ പോലീസ് സ്റ്റേഷനിലെ സബ്-ഇൻസ്പെക്ടർക്ക് ചില അസ്വഭാവികതകൾ മണത്തു. അവളെയും അയാളെയും പലപ്പോഴും ഒരുമിച്ച് കണ്ടതായി ചിലർ കൊടുത്ത മൊഴികളാണ് അതിന് കാരണമായത്. അവളുടെ വീടിൻറെ സമീപത്തെ പോലീസ് സ്റ്റേഷനിലെ എസ്ഐ അയാളെ തിരഞ്ഞ് ജംങ്ഷനിലെത്തി. കൂൾബാർ നടത്തിപ്പുകാരൻ ബസിറങ്ങി നടന്ന അയാളെ കണ്ടതായി മൊഴി നൽകി അയാളപ്പോൾ വീട്ടിലേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളു.


അഞ്ച് സെൻറും കാറും


തുണികൾ മടക്കി കവറിലാക്കുകയായിരുന്നു അയാൾ വേനൽ മഴ പെയ്ത മുറ്റം കടന്നെത്തിയ പോലീസുകാരെ നോക്കി പ്രതി ചിരിച്ചു.എന്തിനാണ് പിടിക്കപ്പെട്ടതെന്ന് അയാൾക്ക് ആദ്യം മനസ്സിലായില്ല. തൻറെ പേരിൽ മറ്റൊരു ജില്ലയിലുള്ള കേസായിരിക്കും എന്ന് അയാൾ ഊഹിച്ചു. പ്രതിയുടെ തക്കിട തരികിട കണ്ട എസ്ഐ ചെവികരണം പുകച്ച് ഒരടി നൽകി. അധികം താമസിക്കാതെ കഥയുടെ ചുരുൾ അഴിഞ്ഞു.


കല്യാണത്തെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് അമ്മായി അച്ഛനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തുന്നതിലേക്ക് അവളെ  എത്തിച്ചത്. അവർ സ്വന്തം അമ്മാവനും അമ്മായിയും കൂടിയായിരുന്നുവെന്നത് പിന്നീടാണ് പോലീസ് അറിയുന്നത്. അങ്ങിനെയാണ് അവൾ ഷഢാനന്ദനെന്ന ലോക്കൽ കുറ്റവാളിയെ കണ്ട് മുട്ടുന്നത്. അയാളോട് പ്രണയം നടിച്ച് അവൾ ആ ക്വട്ടേഷൻ നൽകി.


അഞ്ച് സെൻറ് സ്ഥലവും, കാറുമായിരുന്നു ക്വട്ടേഷൻ ഏറ്റെടുക്കുമ്പോൾ അയാൾക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ കൃത്യം നടത്തി ചോരയിറ്റുന്ന ഇരുമ്പ് വടിയുമായി അയാളെ കണ്ടതോടെ തൻറെ പക്കലുള്ള സ്വർണമെല്ലാം അവൾ കൊടുത്തു.എല്ലാം ഒതുങ്ങിയാൽ താനിറങ്ങി വരും എന്ന് വാക്കും നൽകി. എന്നാൽ അയാളെ ഒഴിവാക്കണം എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത. അപ്പോഴേക്കും അവളും അറസ്റ്റിലായി. തൻറെ മനസ്സിലെ രോഷം മുഴുവൻ പ്രതി പോലീസിനോട് പറഞ്ഞു. കേസിൻറെ വാദം പൂർത്തിയായി വിധിക്കായി കാത്തിരിക്കുന്നു.



(പ്രതികളുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും ഇപ്പോഴും സമൂഹത്തിലുള്ളതിനാൽ പേരുകൾ പലതും ഒഴിവാക്കുന്നു)


ഫയൽ എക്സിൻറെ അടുത്ത ലക്കത്തിനായി കാത്തിരിക്കുക.........................


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.