ബ്രൗണ്‍ കവറിൽ കൈക്കൂലി ; സർക്കാർ ഡോക്ടറുടെ വീട്ടിൽ നിന്ന് കിട്ടിയത് 15 ലക്ഷം, സ്വത്ത് സംബന്ധിച്ച് കൂടുതൽ അന്വേഷണം
മുളങ്കുന്നത്തുകാവ് കിലക്ക് സമീപം ഹരിത നഗറിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പലയിടങ്ങളിലായി ഒളിപ്പിച്ചുവെച്ച 15 ലക്ഷത്തോളം രൂപ വിജിലൻസ് കണ്ടെടുത്തത്
തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെയിൽ പിടിയിലായ സർക്കാർ ഡോക്ടറുടെ വീട്ടിലെത്തിയ വിജിലൻസ് സംഘം നോട്ടെണ്ണി തളർന്നതാണ് അവസ്ഥ. തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ അസ്തിരോഗ വിദഗ്ദൻ ഡോ.ഷെറി ഐസക് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ കണ്ടെടുത്തു.
മുളങ്കുന്നത്തുകാവ് കിലക്ക് സമീപം ഹരിത നഗറിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പലയിടങ്ങളിലായി ഒളിപ്പിച്ചുവെച്ച 15 ലക്ഷത്തോളം രൂപ വിജിലൻസ് കണ്ടെടുത്തത്. നിരോധിച്ച രണ്ടായിരം രൂപ നോട്ട് മുതൽ, 500, 200 രൂപയുടെ കറൻസികൾ അടക്കം കണ്ടെത്തിയവയില്‍ പെടും.കെെക്കൂലി പണം അടങ്ങിയ നിരവധി ബ്രൗണ്‍ കവറുകളാാണ് വിജിലന്‍സ് കണ്ടെത്തിയത്. അടുക്കളമുതല്‍ സ്റ്റോര്‍ റൂമില്‍ വരെ ഒളിപ്പിച്ച നിലയിലാണ് പണമടങ്ങിയ കവറുകള്‍ കണ്ടെത്തിയത്.
പഴക്കം മൂലം പല നോട്ടുകെട്ടുകളിലേയും റബര്‍ ബാന്‍റ് വരെ ദ്രവിച്ച നിലയിലാണ്. പുറമെ നിന്നും നോട്ടെണ്ണുന്ന മെഷീന്‍ എത്തിച്ചാണ് പണം എണ്ണിയത്.കൈക്കൂലിയായി വാങ്ങിയ തുകയാണ് ഇതെന്നാണ് വിജിലൻസിൻറെ നിഗമനം. ഇന്ന് വെെകീട്ട് നാലോടെയാണ് ഇയാള്‍ 3000 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ പിടിയിലാകുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയുടെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഡോക്ടര്‍ ഷെറി ഐസക് കൈക്കൂലി ആവശ്യപ്പെട്ടത്.
ആദ്യഘട്ടത്തില്‍ കൈക്കൂലി നല്‍കാന്‍ പരാതിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ പല തവണ പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ ഡോക്ടര്‍ മാറ്റിവെച്ചു. ഒടുവില്‍ പണം പ്രതി സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഭര്‍ത്താവ് തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി സി.ജി ജിം പോളിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലന്‍സിന്‍റെ നിര്‍ദ്ദേശപ്രകാരം ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് ഓട്ടുപാറയിലെ ക്ളിനിക്കില്‍ എത്തി ഡോക്ടര്‍ക്ക് കെെമാറി. ഇതിനിടെ സമീപത്ത് മറഞ്ഞിരുന്ന വിജിലന്‍സ് സംഘം പ്രതിയെ കെെയ്യോടെ പിടികൂടുകയായിരുന്നു. ഇതിന് ശേഷമായിരുന്നു ഡോക്ടറുടെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...