Vijay Babu Sexual Assault : വിജയ് ബാബു വിദേശത്താണെന്ന് സ്ഥിരീകരിച്ചു; ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി, വിമാനത്താവളങ്ങളിലും അറിയിപ്പ്
ഫ്ലാറ്റിൽ ഉൾപ്പടെ പരിശോധന നടത്തിയതിനു ശേഷമാണ് വിജയ് ബാബു വിദേശത്താണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
കൊച്ചി : ബലാത്സംഗ പരാതിയെ തുടർന്ന് ഒളിവിൽ പോയ നടൻ വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. കൂടാതെ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നൽകിയിട്ടുണ്ട്. നടൻ വിദേശത്താണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിൽ അറിയിപ്പ് നൽകിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്ലാറ്റിൽ ഉൾപ്പടെ പരിശോധന നടത്തിയതിനു ശേഷമാണ് വിജയ് ബാബു വിദേശത്താണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയതിനും എറണാകുളം സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്.
അതേസമയം വിജയ് ബാബു ഇന്ന് മുൻ കൂർ ജാമ്യത്തിവ് അപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ സൂചന. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ബലാത്സംഗം, ശാരീരികമായി പരിക്കേൽപ്പിക്കൽ, ഭിക്ഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്ത ശേഷം മാത്രമെ കേസിൽ എന്ത് നടപടി വേണം എന്ന് തീരുമാനിക്കൂ എന്നാണ് കൊച്ചി ഡിസിപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി വുമൺ ഇൻ സിനിമ കളക്റ്റീവ് സംഘടന രംഗത്ത് എത്തിയിരുന്നു. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് ഫേസ്‌ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. ഈ സംഭവത്തിൽ അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർഥിക്കുന്നുണ്ട്. ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്.
കേസിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ ആകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തൽ.തന്നെ ശാരീരികമായു മാനസികമായും വിജയ് ബാബു പീഡിപ്പിക്കുകയായിരുന്നെന്നും ലഹരി നൽകി മയക്കിയ ശേഷം തന്നെ പീഡിപ്പിച്ചെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
കേസിൽ പീഡനക്കേസിൽ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ വിജയ് ബാബുവിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്ന വന്നിരുന്നു. വിഷയത്തിൽ കോട്ടയം സ്വദേശി ശരത്ത് ഡിജിപിക്ക് വിഷയത്തിൽ പരാതി നൽകിയിരുന്നു. ഡിജിപിയാണ് പരാതി മോണിറ്ററിംഗ് സെല്ലിന് കൈമാറിയത്. പിന്നാലെയാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ഫേസ്ബുക്ക് ലൈവിൽ അതിജീവിതയുടെ പേര് വിജയ് ബാബു പരാമർശിച്ചതിനാണ് കേസ് എടുത്തത്.പോലീസ് വീഡിയോ പരിശോധിച്ചശേഷമാണ് കേസെടുത്തത്. വിഡിയോ വിവാദമായതിനു പിന്നാലെ നീക്കം ചെയ്തിരുന്നു.
പരാതി നൽകാൻ തയാറാകുന്ന സ്ത്രീകളോടുള്ള വെല്ലുവിളിയാണ് വിജയ് ബാബു നടത്തിയതെന്ന് കോട്ടയം സ്വദേശി ശരത് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സ്ത്രീകൾ മുന്നോട്ടു വരാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതാണ് വിജയ് ബാബുവിന്റെ നടപടിയെന്നും ശരത് നൽകിയ പരാതിയിൽ ചൂണ്ടി കാണിക്കുന്നുണ്ട്. മലയാള സിനിമ രംഗത്തെ തന്നെ പ്രവർത്തിക്കുന്ന നടിയെ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...