Vismaya Suicide Case : വിസ്മയ ആത്‍മഹത്യ കേസിൽ ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ
സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോൾ കിരണിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങൾ വർധിച്ചിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Kollam : കൊല്ലം ശാസ്താംനടയിൽ വിസ്മയ ആത്മഹത്യ (Vismaya Suicide) ചെയ്‌ത കേസിൽ ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമനും ബന്ധുക്കളും രംഗത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഐജി ഹർഷിത അട്ടലൂരി വിസ്മയയുടെ വീട്ടിലെത്തി.
സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോൾ കിരണിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങൾ വർധിച്ചിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിസ്മയയുടെ (Vismaya) സുഹൃത്തുക്കളാണ് ഈ വിവരം പറഞ്ഞതെന്നും ബബന്ധുക്കൾ പറഞ്ഞു. അതിനാൽ തന്നെ ഇവരെയും കേസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.
അതുകൂടാതെ ജനുവരി രണ്ടിന് തന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് കിരണിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിക്കണമെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് കേസ് ഒത്തുതീർപ്പാക്കിയത് സിഐ ആണ്. കേസ് ഒത്തുതീർപ്പാക്കുന്നുണ്ടെങ്കിലും ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് എഴുതി ഒപ്പ് വച്ച് വാങ്ങിക്കുമെന്ന് സിഐ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ്മയയുടെ മരണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കിരണിനെ ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും. ഇതിനിടയിൽ ഇന്ന് കിരൺകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...