പത്തനംതിട്ട: റാന്നി കീക്കൊഴൂരില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. സംഭവത്തില്‍ പ്രതി അതുല്‍ സത്യന്‍ പിടിയിലായി. ഇയാളെ രാവിലെ റാന്നിയില്‍ നിന്ന് പിടികൂടിയതായാണ് സൂചന. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, പ്രതിക്ക് പരിക്കേറ്റിട്ടുള്ളതിനാൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും വിവരങ്ങളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ, ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കീക്കൊഴൂര്‍ സ്വദേശി രജിതമോളെ (27) അതുല്‍ സത്യന്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. ആക്രമണത്തില്‍ രജിതയുടെ അച്ഛന്‍ വി.എ.രാജു (60) അമ്മ ഗീത (51) സഹോദരി(18) എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


അതുലും രജിതയും വർഷങ്ങളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നിയമപരമായി വിവാഹിതരല്ലെങ്കിലും ഒരുമിച്ച് താമസിച്ചിരുന്ന ഇവർ കുറച്ചു ദിവസങ്ങളായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ക്ക് നാലും രണ്ടും വയസ്സുള്ള മക്കളുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാണ് പ്രതി അതുൽ. ഇയാളുടെ ശാരീരിക-മാനസിക പീഡനം സഹിക്കവയ്യാതെയാണ് രജിത അടുത്തിടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. അതുൽ മകളെ ഉപദ്രവിക്കുന്നതിനാൽ യുവതിയുടെ മാതാപിതാക്കള്‍ തന്നെയാണ് ഇവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. 


Also Read: റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി; കൂടെ താമസിച്ചിരുന്ന യുവാവിനെ തേടി പോലീസ്


എന്നാല്‍ രജിതയുടെ വീട്ടിലെത്തി തന്നോടൊപ്പം തിരികെവരണമെന്ന് ആവശ്യപ്പെട്ട് അതുല്‍ അവരെ ഭീഷണിപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് രജിതയെ സമീപത്തെ റബര്‍ത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ അതുൽ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി യുവതിയുടെ വീട്ടുകാർക്കും അയച്ചു.


തുടർന്ന് രജിത കഴിഞ്ഞദിവസം അതുലിനെതിരെ റാന്നി പോലീസ് സ്‌റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അതുല്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. യുവതിയുടെ പരാതിയില്‍ കഴിഞ്ഞദിവസം അതുലിനെ തേടി ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.


അതുല്‍ സത്യന്‍ നേരത്തെ കൊലപാതകം അടക്കമുള്ള ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊലയ്ക്ക് ശേഷം ഇയാള്‍ ബൈക്കിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് റാന്നിയിലും സമീപപ്രദേശങ്ങളിലും ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.