18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്നു കുഴിച്ച് മൂടിയതായി സഹോദരിയുടെ മൊഴി; കുഴിയെടുത്ത് പരിശോധിച്ചപ്പോൾ പോലീസ് കണ്ടത്...
വരയാൽ 41 ആം മൈൽ കുറ്റിലക്കാട്ടിൽ കുഞ്ഞിമോൾ എന്ന ബീനയാണ് തന്റെ സഹോദരി ഷൈനിയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള ആരോപണവുമായി തലപ്പുഴ പോലീസിനെ സമീപിച്ചത്.
വയനാട് : 18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്നു കുഴിച്ച് മൂടിയതായി സംശയിക്കുന്നതായി സഹോദരിയുടെ പരാതി. വരയാൽ 41 ആം മൈൽ കുറ്റിലക്കാട്ടിൽ കുഞ്ഞിമോൾ എന്ന ബീനയാണ് തന്റെ സഹോദരി ഷൈനിയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള ആരോപണവുമായി തലപ്പുഴ പോലീസിനെ സമീപിച്ചത്. പോലീസും റവന്യു അധികൃതരും വീടിന്റെ പരിസരത്ത് കുഴിയെടുത്ത് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. 2005 മുതലാണ് ഷൈനിയെ കാണാതായത്.
2005ൽ തന്റെ സഹോദരിയായ ഷൈനിയെ സഹോദരൻ നിധീഷ് സ്വത്ത് കൈക്കലാക്കാൻ കൊലപ്പെടുത്തിയെന്നാണ് ബീനയുടെ ആരോപണം. പരാതിക്കാരി ബീനയ്ക്ക് ഏഴ് സഹോദരങ്ങളാണുള്ളത്. ഇതിൽ ഒരാളായ ഷൈനിയെയാണ് 2005 ഏപ്രിൽ മാസം മുതൽ കാണാതായത്. ഇവരുടെ അമ്മയോടൊപ്പമാണ് ഷൈനി താമസിച്ച് വന്നിരുന്നത്.
ALSO READ : Crime News: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ്
ഈ സമയം ബീന വിദേശത്തായിരുന്നു. ഇടയ്ക്ക് ലീവിന് നാട്ടിൽ വന്നപ്പോഴാണ് ഷൈനിയെ കാണാതായ വിവരം ബീന അറിയുന്നത്. ഹോം നഴ്സായി ജോലി ചെയ്ത് വന്നിരുന്ന ഷൈനിയുടെ കൈവശം ധാരാളം പണവും സ്വർണവുമുണ്ടായിരുന്നെന്നും, അത് സ്വന്തമാക്കാനാണ് ഷൈനിയെ കൊന്ന് വീടിന് ചേർന്ന് കുഴിച്ചുമൂടിയതെന്ന് ബീന ആരോപിച്ചു. 2023 ഫെബ്രുവരിയിലാണ് ബീന തലപ്പുഴ പോലീസിൽ പരാതി നൽകിയത്.
തുടർന്ന് മാനന്തവാടി ഡി വൈ എസ് പി പി എൽ ഷൈജുവിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. തുടർന്നാണ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മാനന്തവാടി തഹസിൽദാർ എം.ജെ അഗസ്റ്റിന്റേയും, ഡിവൈഎസ്പി പി.എൽ ഷൈജുവിൻ്റെയും നേതൃത്വത്തിൽ മുൻപ് ഷൈനിയും കുടുംബവും താമസിച്ചിരുന്ന വീടിൻ്റെ മുറ്റത്തിനോട് ചേർന്ന ഭാഗവും മറ്റും ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയെടുത്തു പരിശോധിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാനാണ് ബീനയുടെ തീരുമാനം. എന്നാൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടുള്ള വിദ്വേഷം കൊണ്ടാണ് ബീന തനിക്കെതിരെ പരാതി നൽകിയതെന്ന് ആരോപണ വിധേയനായ നിധീഷ് പറയുന്നത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.