Crime: ഇടുക്കിയിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് പിടിയിൽ
കമ്പിളി പുതപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലാണ് അനുമോളുടെ മൃതദേഹം വീട്ടിൽ നിന്നും ബന്ധുക്കൾ കണ്ടെത്തിയത്.
ഇടുക്കി: കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. ബിജേഷ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. കട്ടപ്പന കാഞ്ചിയാർ പേഴുംകണ്ടം സ്വദേശിനി വട്ടമുകളേൽ അനുമോളെയാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളി പുതപ്പും കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നു. അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതായിരുന്നു.
ദിവസങ്ങളായി അനുമോളെ പറ്റി വിവരമില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് പേഴുംകണ്ടത്തെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കതക് പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോൾ അനുമോളുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പിളി കൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. അനുമോളും ബിജേഷും മാത്രമാണ് പേഴുംകണ്ടത്തെ വീട്ടിൽ താമസിച്ചിരുന്നത്. അനുമോളുടെ ജഡം പൂർണ്ണമായി അഴുകിയതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
Crime News: നടുറോഡിൽ സ്ത്രീകളുടെ അടിപിടി; വീഡിയോ പകർത്തിയെന്ന് സംശയം, യുവാവിൻ്റെ കൈ യുവതി തല്ലിയൊടിച്ചു
കൊല്ലം: നടുറോഡിൽ സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകർത്തിയെന്ന് ആരോപിച്ച് യുവാവിൻ്റെ കൈ യുവതി തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശി വിജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിജിത്തിൻ്റെ പരാതിയിൽ കടയ്ക്കൽ സ്വദേശി അൻസിയയ്ക്ക് എതിരെ പോലീസ് കേസ് എടുത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വിജിത്തിൻ്റെ കൈ അൻസിയ തല്ലിയൊടിച്ചത്. കമ്പി വടി ഉപയോഗിച്ചായിരുന്നു ആക്രമണം. പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റ് രണ്ട് സ്ത്രീകളും തമ്മിൽ നടുറോഡിൽ വെച്ച് ഒരാഴ്ച മുമ്പ് അടിപിടിയുണ്ടായിരുന്നു. ഈ സംഭവം വിജിത്ത് ഫോണിൽ പകർത്തിയെന്ന് സംശയം തോന്നിയ അൻസിയ ഇക്കാര്യം ചോദിക്കാനായി ഓട്ടോ സ്റ്റാൻഡിലെത്തിയിരുന്നു.
വീഡിയോ പകർത്തിയിട്ടില്ലെന്ന് വിജിത്ത് ആവർത്തിച്ച് പറഞ്ഞിട്ടും അത് കേൾക്കാൻ കൂട്ടാക്കാതെ അൻസിയ ആക്രമിക്കുകയായിരുന്നു. കമ്പി വടി ഉപയോഗിച്ച് വിജിത്തിൻ്റെ ഇടത് കൈ തല്ലിയൊടിച്ച ശേഷം അൻസിയ തയ്യൽക്കടയിലേയ്ക്ക് ഓടിക്കയറി. ആക്രമണത്തിൽ പരിക്കേറ്റ വിജിത്തിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്.
വിജിത്തിനെ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അൻസിയയ്ക്ക് എതിരെ പോലീസ് കേസ് എടുത്തത്. ഒരാഴ്ച മുമ്പുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടും അൻസിയയ്ക്ക് എതിരെ സ്ത്രീകൾ പരാതി നൽകിയിരുന്നു. ഈ പരാതിയിലും കേസ് നിലനിൽക്കുന്നുണ്ട്. തുടർച്ചയായി രണ്ട് സംഭവങ്ങളിൽ കേസ് എടുത്തിട്ടും അൻസിയയ്ക്ക് എതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും പോലീസിനെതിരെ ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...