ഇന്ന് അദ്ധ്യാപക ദിനം. ലോകമെമ്പാടുമുള്ള ഗുരുക്കന്മാരുടെ ഓർമ്മകൾക്കു മുന്നിൽ പ്രണമിക്കാനുള്ള ദിനമാണ് സെപ്തംബർ 5.
 
അക്ഷരവെളിച്ചത്താൽ കണ്ണുതുറപ്പിച്ച മൺമറഞ്ഞ ഗുരുനാഥന്മാർക്കും, അമ്മയുൾപ്പടെ എല്ലാ ഗുരുക്കന്മാരുടേയും മുന്നിൽ ആദരമർപ്പിക്കാനുള്ള അവസരംകൂടിയാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ധ്യാപകരുടെ അർപ്പണബോധത്തേയും  സഹിഷ്ണുതയേയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയിൽ നിന്നാണ് അദ്ധ്യാപകർക്കായി ഒരു ദിനം ആചരിക്കാൻ തീരുമാനിച്ചത്. 


അതിനായി തിരഞ്ഞെടുത്തത് ഭാരതം എക്കാലവും ആദരിയ്ക്കുന്ന പ്രഗല്ഭ അദ്ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ആണ്. 1962 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 5 അദ്ധ്യാപക ദിനമായി ആചരിച്ചു പോരുന്നു.


അദ്ധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവി മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ രംഗത്ത് അവരുടെ പ്രവർത്തനം ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങൾ നിറവേററാനുളള കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കാനും രൂപം നൽകാനും ഈ ദിനം പ്രയോജനപ്പെടുത്തുന്നുണ്ട്.


'മാതാ പിതാ ഗുരുര്‍ ദൈവം' എന്ന ഭാരതീയ വാക്യം തന്നെ ഭാരതത്തില്‍ ഗുരുനാഥന്‍‌മാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന് തെളിവാണ്. ഭാരതത്തിന്റെ അഖണ്ഡതയെ മാനിച്ചും, അദ്ധ്യാപകരോടുള്ള  ആദരസൂചകമായും ഗൂഗിൾ അവരുടെ ഹോം പേജിൽ പ്രത്യേക ഡൂഡിലും നൽകിയിട്ടുണ്ട്.


ഭക്ത കവി സൂർദ്ദാസിന്റെ ഓർമ്മപ്പെടുത്തൽ കൂടി...


ഈശ്വരനും ഗുരുവും എന്റെ മുന്നിൽ വന്നു നിന്നാൽ ഞാനാദ്യം ഗുരുവിനെ നമസ്ക്കരിക്കും. എന്താണെന്നോ ഈശ്വരനെ കാണാനുളള ശക്തി എനിക്ക് പ്രദാനം ചെയ്തത് എന്റെ ഗുരുവാണ്.


ഗുരുവിനെ/അദ്ധ്യാപകനെ എത്ര ഉല്ക്കൃഷ്ടമായിട്ടാണ് പ്രാചീന ഭാരതം കണ്ടതെന്ന് ഈ വരികളിൽ നിന്നും ബോദ്ധ്യമാകും.


മെച്ചപ്പെട്ട ജനതയെ കരുപ്പിടിപ്പിക്കുന്നതിൽ അദ്ധ്യാപകരുടെ  പങ്ക് അനിഷേദ്ധ്യമാണ്. അവരുടെ മഹിമ സ്വയം മനസ്സിലാക്കി പ്രവർത്തിക്കാൻ എല്ലാ അദ്ധ്യാപകരും തയ്യാറാവേണ്ടതുമാണ്.