സിംഹവും പുലിയും ആനയും എല്ലാം മനുഷ്യരെ കൊന്ന കഥകള്‍ നാം ഏറെ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരുപക്ഷിയുടെ ആക്രമണത്തില്‍ മനുഷ്യന്‍ മരിച്ചു എന്ന് കേട്ടാല്‍ ആരും മൂക്കത്ത് ഒന്ന് വിരല്‍ വച്ചേക്കും. പക്ഷേ, അത്തരം സംഭവങ്ങളും ഈ ലോകത്ത് നടന്നിട്ടുണ്ട്. ഏതായിരിക്കും ആ പക്ഷി എന്നാകും പലരും ആലോചിക്കുന്നത്. പരുന്ത്, കഴുകന്‍, ഒട്ടകപ്പക്ഷി തുടങ്ങിയ പേരുകളാകും ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ പലരുടേയും മനസ്സിലേക്ക് ഓടിയെത്തുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ അതൊന്നും അല്ല ആ പക്ഷി. ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി എന്ന് അറിയപ്പെടുന്നത് കാസ്സൊവാരി എന്ന പക്ഷിയാണ്. ചിറകും കൊക്കും എല്ലാം ഉണ്ടെങ്കിലും പറക്കാന്‍ കഴിയാത്ത പക്ഷികളുടെ വിഭാഗത്തിലാണ് ഇവ ഉള്ളത്. ന്യൂ ഗിനിയയിലെ ട്രോപ്പിക്കല്‍ വനങ്ങളിലും ആരു ദ്വീപുകളിലും വടക്കന്‍ ഓസ്‌ട്രേലിയയിലും ആണ് ഇവ സാധാരണയായി കണ്ടുവരുന്നത്.


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പക്ഷിയാണിത്. ശരീര വലിപ്പം കൊണ്ട് രണ്ടാമത്തേയും. ഒട്ടകപ്പക്ഷിയും എമുവും മാത്രമാണ് ഇവയേക്കാള്‍ വലിപ്പമുള്ള പക്ഷികള്‍. മൂന്ന് സ്പീഷീസുകളായിട്ടാണ് കാസ്സൊവാരി പക്ഷികളെ തിരിച്ചിരിക്കുന്നത്. തെക്കന്‍ കാസ്സൊവാരി, വടക്കന്‍ കാസ്സൊവാരി, കുള്ളന്‍ കാസ്സൊവാരി എന്നിവയാണ് അവ. ഇതില്‍ തെക്കന്‍ കാസ്സൊവാരിയാണ് വലിപ്പത്തില്‍ മുമ്പന്‍മാര്‍. ഏറ്റവും വലിപ്പമുള്ള കാസ്സൊവാരി പക്ഷിയ്ക്ക് 6 അടിയോളം നീളവും 72 കിലോഗ്രാമോളം തൂക്കവും വരും. 



ഇത്രയും വലിപ്പമുള്ള ഒരുപക്ഷി ആക്രമിച്ചാല്‍ മനുഷ്യന്റെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളു. പറക്കാന്‍ കഴിയില്ലെങ്കിലും അതിവേഗത്തില്‍ നീന്താനും ഓടാനും ഇവയ്ക്ക് കഴിയും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാസ്സൊവാരി പക്ഷികള്‍ ഓടും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ അത്ര അപകടകാരികളല്ല ഇവര്‍. മനുഷ്യര്‍ അല്ലാതെ പ്രകൃതിയില്‍ ഇവര്‍ക്ക് കാര്യമായ എതിരാളികളും ഇല്ല. പക്ഷേ, ദേഷ്യം വന്നുകഴിഞ്ഞാല്‍ പിന്നെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല.


ലോകത്ത് ഇതുവരെ രണ്ട് മനുഷ്യര്‍ മാത്രമാണ് കാസ്സൊവാരി പക്ഷി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത് എന്നാണ് ചരിത്രം. ആദ്യത്തെ സംഭവം നടക്കുന്നത് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ്- 1926 ല്‍. കൗമാരക്കാരായ ഒരു സംഘം കുട്ടികള്‍ കാസ്സൊവാരി പക്ഷികളെ വേട്ടയാടാന്‍ നോക്കുമ്പോഴായിരുന്നു സംഭവം. ഫിലിപ്പ് മക്ലീന്‍ എന്ന 16 കാരന്‍ ആയിരുന്നു അന്ന് കൊല്ലപ്പെട്ടത്. പക്ഷിയുടെ ആക്രമണത്തില്‍ ബാക്കിയുള്ളവര്‍ ചിതറിയോടിയപ്പോള്‍ ഫിലിപ്പ് താഴെ വീണുപോയി. ഈ സമയം കാസ്സൊവാരി പക്ഷി കാലിലെ നഖം കൊണ്ട് കഴുത്തില്‍ ചവുട്ടി. അര ഇഞ്ച് ആഴത്തില്‍ ഒരു മുറിവാണ് ഇതോടെ കഴുത്തിലുണ്ടായത്. അധികം വൈകാതെ ഫിലിപ്പ് മരിക്കുകയും ചെയ്തു.


ഏറ്റവും ഒടുവില്‍ നടന്ന സംഭവം 2019 ല്‍ അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ആയിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന കാസ്സൊവാരി പക്ഷിയുടെ ചവിട്ടില്‍ മുറിവേറ്റ് മരിച്ചത് 75 കാരനായ ഉടമ ആയിരുന്നു. 2003 ല്‍ നടത്തിയ പഠനം പ്രകാരം ആകെ 221 കാസ്സൊവാരി ആക്രമണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതില്‍ 150 എണ്ണവും മനുഷ്യര്‍ക്ക് നേരെ ആയിരുന്നു.


വളരെ ശക്തമായ കാലുകളാണ് കാസ്സൊവാരി പക്ഷികള്‍ക്കുള്ളത്. അതുകൊണ്ട്, അവയുടെ ചവിട്ട് തന്നെ അതിശക്തമായിരിക്കും. മാത്രമല്ല, കാലുകളിലെ നഖങ്ങള്‍ നാലിഞ്ചോളം നീളമുള്ള കത്തിപോലെ മൂര്‍ച്ചയുള്ളവയും ആണ്. പ്രധാനമായും കാലുകളും നഖങ്ങളും ആണ് ഇവ ആക്രമണത്തിനായി ഉപയോഗിക്കുന്നത്. 1995 ല്‍ ഒരു നായയെ കാസ്സൊവാരി പക്ഷി ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നായയുടെ വയറിലാണ് അതി ശക്തമായ ചവിട്ടേറ്റത്. കാര്യമായ മുറിവുകളൊന്നും നായയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആന്തരികമായി പരിക്കേറ്റിരുന്നു. ചവിട്ടിന്റെ ആഘാതത്തില്‍ കുടല്‍ പൊട്ടിയ നായ അധികം വൈകാതെ ചത്തുപോവുകയും ചെയ്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ