ജോർജ് ഫ്ലോയിഡും, മധുവെന്ന ആദിവാസി യുവാവും പറയാൻ ബാക്കിവെച്ചത്
കള്ളനെന്ന് മുദ്ര കുത്തി ജോർജിനെ പോലെ അവനെയും അവർ പിടിച്ചുവച്ചു. മുണ്ടുരിഞ്ഞ് കൈകെട്ടി. തൻ്റെ മുന്നിൽ മനുഷ്യർ തന്നെയല്ലേയെന്ന് ഒരു നിമിഷം അവൻ ഓർത്തു കാണും
എട്ട് മിനുട്ട് 45 സെക്കൻഡ്,നമുക്കിത് വെറും സമയമായിരിക്കാം, എന്നാൽ ജോർജ് ഫ്ലോയ്ഡ് എന്ന നാല്പത്തിയാറുകാരന് അത് ജീവന് വേണ്ടി പോരാടിയ നിമിഷങ്ങളായിരുന്നു. 'എനിക്ക് ശ്വാസം മുട്ടുന്നു, വയറുവേദനിക്കുന്നു, പ്ലീസ് എനിക്ക് ഇത്തിരി വെള്ളം തരു' എന്നൊക്കെ മരണ വെപ്രാളത്തിൽ അദ്ദേഹം കേഴുന്നുണ്ടായിരുന്നു. എന്നാൽ തൻ്റെ വംശവെറിയുടെ മുട്ടുകൾ കൊണ്ട് അമർത്തിക്കൊണ്ടിരുന്ന ഡെറിൻ ചൗവിക് എന്ന മിനിയപോളിസ് പോലീസ് ഉദ്യോഗസ്ഥൻ അതൊന്നും കേട്ടതുപോലുമില്ല.
അദ്ദേഹത്തിന് ശ്വസിക്കാൻ കഴിയുന്നില്ലെന്ന് കൂടിനിൽക്കുന്നവർ പറഞ്ഞപ്പോൾ അവന് സംസാരിക്കാൻ സാധിക്കുമെങ്കിൽ ശ്വസിക്കാനും സാധിക്കും എന്നാണ് ആ മനുഷ്യൻ പറഞ്ഞത്.
മെയ് 26 ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. കള്ളനോട്ട് നൽകിയെന്ന സംശയത്താലാണ് പോലീസ് ജോർജിനെ ചോദ്യം ചെയ്യാനാരംഭിച്ചത്. ഇതിനിടെയാണ് വസ്ത്രങ്ങൾ അഴിപ്പിച്ച്, വിലങ്ങിട്ട് നിരായുധനായി നിന്നിരുന്ന മനുഷ്യന് നേരെ ചൗവിനിൻ്റെ ആക്രമണം. നിലത്തുകിടത്തി തൻ്റെ കാല്മുട്ടുകൊണ്ട് ജോർജിൻ്റെ കഴുത്തിൽ ചവിട്ടാൻ തുടങ്ങി. ഇത് മൂലം അദ്ദേഹത്തിന് ശ്വാസം നഷ്ടപ്പെട്ടു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി മരണവും സംഭവിച്ചു.
സംഭവം പുറത്തായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. മിനിയപോളിസ് സ്റ്റേഷനും നിരവധി കെട്ടിടങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും അരക്ഷിതാവസ്ഥയുമാണ് പ്രതിഷേധങ്ങളായി പുറത്തുവന്നത്.അമേരിക്കയിൽ, പ്രത്യേകിച്ച് മിനിയാപോളിസിൽ ഇതാദ്യമായല്ല കറുത്തവർഗ്ഗക്കാർ അക്രമണത്തിനിരയാകുന്നതും മരിക്കുന്നതു. നിരവധി പേരെ പോലീസ് തന്നെ വെടിവച്ചുകൊന്നിട്ടുണ്ട്.
'എനിക്കെൻ്റെ മൂന്നു സഹോദരങ്ങളെയാണ് നഷ്ടപ്പെട്ടത്, 300 വർഷങ്ങളായി ഞങ്ങളിതുസഹിക്കുന്നു. ഞാൻ എൻ്റെ നിറത്തിൽ അഭിമാനിക്കുന്നു . ഞങ്ങളുടെ ക്ഷമയ്ക്ക് നിങ്ങൾ തരുന്ന മറുപടി ഇതാണെങ്കിൽ ഇനി ക്ഷമിക്കാൻ ഞങ്ങൾക്ക് കഴിയില്ല', പ്രതിഷേധത്തിനിടെ പോലീസിനോട് ഒരു കൊച്ചു കുട്ടി പറഞ്ഞ വാക്കുകളാണിത്.
കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസത്തിനായി യാചിച്ചുകൊണ്ടിരുന്ന മനുഷ്യനെ കണ്ടപ്പോൾ മറ്റൊരു മനുഷ്യനെ അറിയാതെ ഓർത്തുപോയി. നിങ്ങളും മറന്നു കാണാനിടയില്ല. മധു എന്നാണ് അവൻ്റെ പേര്. ഭക്ഷണം മോഷ്ടിച്ചതിന് സമ്മാനമായി മരണം ലഭിച്ചവൻ. അമേരിക്കയിൽ കണ്ടത് കറുത്തവർഗക്കാരൻ നേരിടുന്ന അരക്ഷിതാവസ്ഥയാണെങ്കിൽ ഇങ്ങ് പ്രബുദ്ധകേരളത്തിൽ കണ്ടത് അഹങ്കാരത്തിൻ്റെയും ഹുങ്കിൻ്റെയും നേർപതിപ്പാണ്.
Also Read: നന്നാവില്ലെന്ന് വിധിയെഴുതിയ ആദിവാസി പെണ്‍കുട്ടി ഇന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍
കള്ളനെന്ന് മുദ്ര കുത്തി ജോർജിനെ പോലെ അവനെയും അവർ പിടിച്ചുവച്ചു. മുണ്ടുരിഞ്ഞ് കൈകെട്ടി. തൻ്റെ മുന്നിൽ മനുഷ്യർ തന്നെയല്ലേയെന്ന് ഒരു നിമിഷം അവൻ ഓർത്തു കാണും. ഒരുപക്ഷെ മൃഗങ്ങളുടെ മുന്നിൽ പെട്ടിരുന്നെങ്കിൽ പോലും ജീവൻ നഷ്ടപ്പെടില്ലായിരുന്നിരിക്കാം. ആദിവാസി യുവാവാണ്, ചോദിക്കാനും പറയാനും ആരുമില്ല, എന്തും ആവാം. ആ ബലത്തിൽ തന്നെയാണ് അന്നവർ ആ നരനായാട്ട് നടത്തിയതും.
ഒരുപക്ഷെ അവർ രണ്ടുപേരും പറയാനാഗ്രഹിച്ചത് ഒന്നു തന്നെയായിരിക്കാം. ഞാനും നിങ്ങളെ പോലെ ഒരു മനുഷ്യനാണ്. ദൈവം എനിക്കും ജീവൻ നൽകി ആ ജീവൻ എടുക്കാനുള്ള അധികാരവും അവന് മാത്രമാണ്.
കറുത്തവനോ വെളുത്തവനോ, ദളിതനോ ആദിവാസിയോ ആരുമായിക്കോട്ടെ, ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അവൻ്റെ കറുപ്പ് നിന്നെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ പ്രശ്‍നം നിൻ്റെ വെളുപ്പിനാണ്. മരണത്തിന് കീഴടങ്ങും മുൻപ് മൂന്നുവയസ്സുകാരൻ സിറിയൻ കുട്ടി പറഞ്ഞ വാക്കുകളാണ് ഓർമ വരുന്നത് 'ഞാൻ ദൈവത്തോട് എല്ലാം പറഞ്ഞുകൊടുക്കും'.