ന്യൂഡല്‍ഹി:രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ രണ്ടാമത്തെ സർസംഘചാലക് പൂജനീയ ശ്രീഗുരുജി ഗോൾവൽക്കറുടെ നൂറ്റിപ്പതിനാലാം  ജന്മവാർഷികം  2020 
ഫെബ്രുവരി 19 നാണ്.33 മത്തെ വയസിൽ 1940 ൽ അന്ന് വളരെ ചെറിയ സംഘടനയായിരുന്ന സംഘത്തിന്റെ അമരക്കാരനായി നിയോഗമേറ്റെടുത്ത്  വീണ്ടും 33 വർഷം ഇന്ത്യ  മുഴുവൻ സഞ്ചരിച്ചു.സംഘ സ്ഥാപകനായ ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്ഗെവാറില്‍ നിന്നും സംഘടനയുടെ നേതൃത്വം ഏറ്റെടുത്തത്തിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ആര്‍എസ്എസ് എന്ന സംഘടനയെ ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍ നയിച്ച ഗുരുജി എന്ന് വിളിക്കപെട്ട ഗോള്‍വള്‍ക്കരുടെ രാഷ്ട്ര തന്ത്രജ്ഞത പ്രസക്തമാണ്.ട്രെയിനിനെ വീടാക്കി വർഷത്തിൽ രണ്ടു തവണ വീതം ഈ 33 വർഷക്കാലം ഗുരുജി ഭാരതം മുഴുവൻ സഞ്ചരിച്ചു കൊണ്ടേയിരുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.അസംഘടിതരായിരുന്ന, രാഷ്ട്രബോധം കുറവായിരുന്ന ഒരു ജനതയെ സംഘമന്ത്രം പകർന്നു നൽകി ഒന്നാക്കി കാവിക്കൊടിയുടെ  ചുവട്ടിൽ അണിനിരത്തി, തന്റെ ഉദ്ബോധനങ്ങളിലൂടെ സ്വതന്ത്ര ഭാരതത്തിന് ദിശയും ദിശാബോധവും നൽകി എന്നൊക്കെ ആര്‍എസ്എസ് സ്വയം സേവകര്‍ പറയും.


 വിദ്യാർത്ഥി, തൊഴിലാളി, വിദ്യാഭ്യാസ, ആധ്യാത്മിക, രാജനൈതിക മേഖലകളിലെല്ലാം അനവധി സാമാജിക സംഘടനകളെ ഗോള്‍വള്‍ക്കര്‍ പടുത്തുയർത്തി.ജനസംഘത്തില്‍ തുടങ്ങി ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപിയില്‍ എത്തി നില്‍ക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ രൂപത്തെ സംബന്ധിച്ചടുത്തോളം അദ്ധേഹത്തിന്റെ ദീര്‍ഘദര്‍ശനം സമാനതകള്‍ ഇല്ലാത്തതാണ്.


 
ശങ്കരാചാര്യരുടെ പിൻമുറക്കാരായ നാല് മഠാധിപതികളെയും ആദ്യമായി ഒരു വേദിയിൽ അണിനിരത്തിയ ഗുരുജി ലക്ഷങ്ങളെ സാക്ഷിയാക്കി ഹൈന്ദവ ഐക്ക്യം  പ്രഖ്യാപിച്ചു.രാജ്യം അഭിമുഖീകരിച്ച് വിഭജനം,  യുദ്ധങ്ങൾ തുടങ്ങിയ ദുർഘട സന്ധികളിൽ രാജ്യത്തിനും സര്‍ക്കാരിനും ഒപ്പം തന്‍റെ സംഘടനയെ അണിനിരത്തി.


1948 ജനുവരി 30 ന് ഗാന്ധി വധിക്കപെട്ടതിന് പിന്നാലെ ഫെബ്രുവരി രണ്ടിന് ഗോള്‍വള്‍ക്കര്‍ അറെസ്റ്റ്‌ ചെയ്യപെട്ടു.ഫെബ്രുവരി നാലിന് ആര്‍എസ്എസ് നിരോധിക്കപെടുകയും ചെയ്തു.രാജ്യവ്യാപകമായി ഇരുപതനായിരത്തോളം സ്വയംസേവകര്‍ അറെസ്റ്റിലായി.ആഗസ്റ്റ് മാസം ആറിന് അദ്ധേഹം ഉപാധികളോടെ  ജയില്‍ മോചിതനായെങ്കിലും നവംബര്‍ 12 ന് ഡല്‍ഹി ബാരക്കാംബ റോഡില്‍ നിന്നും വീണ്ടും പോലീസ് അറെസ്റ്റ്‌ ചെയ്തു.ജയിലിലായ ഗോള്‍വാള്‍ക്കര്‍ സത്യാഗ്രഹ സമരത്തിന് ആഹ്വാനം ചെയ്തു.1948 ഡിസംബര്‍ 9 മുതല്‍ 1949 ജനുവരി 22 വരെ എഴുപത്തെഴായിരം സ്വയം സേവകരാണ് ജയിലിലായത്.


1949 ജൂലായ്‌ 11 അര്‍ദ്ധരാത്രി ആര്‍എസ്എസ് ന്‍റെ മേലുള്ള നിരോധനം നീക്കുകയും ജൂലായ്‌ 13 ന് ഗോള്‍വാള്‍ക്കറെ മോചിപ്പിക്കുകയും ചെയ്തു.അന്ന് ഗുരുജി ഗോള്‍വള്‍ക്കാര്‍ക്ക് ചാര്‍ത്തി നല്‍കിയ ഗാന്ധി വധത്തിന്റെ ഉത്തരവാദി എന്ന പേര് ഇന്നും സംഘപരിവാറിന് മേലുണ്ട്.
1973 ൽ അന്തരിക്കുമ്പോഴും  താൻ നേതൃത്വം നല്‍കിയ  ചെറു സംഘടനയെ വളർത്തി നാടിന്റെ നട്ടെല്ലാക്കി മാറ്റി വലിയ മുന്നേറ്റത്തെ  അദ്ദേഹം വാർത്തെടുത്ത് കഴിഞ്ഞിരുന്നു.ഇന്ന് സംഘപരിവാറിന്റെ മുഖമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറുമ്പോഴും സംഘത്തെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കുന്നതിന് ഗോള്‍വള്‍ക്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാനാകില്ല.ഗുരുജി ഗോള്‍വാള്‍ക്കര്‍ നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങളുടെ   ബാക്കിപത്രമാണ് ഇന്ന് രാജ്യത്ത്  ദൃശ്യമായ എല്ലാ രാഷ്ട്രീയ മാറ്റങ്ങളും എന്ന് നിസ്സംശയം പറയാം.


വര്‍ഗീയ വാദികള്‍ എന്ന ആരോപണവും ഗാന്ധി വധത്തിന്റെ പേരില്‍ സംശയിക്കപെട്ടതും അതിന്‍റെ പേരില്‍ ഇപ്പോഴും നേരിടുന്ന ആരോപണങ്ങളും എല്ലാം അതിജീവിച്ച് ഇന്ന് ഇന്ത്യയില്‍ എഴുപതിനായിരം ശാഖകളും നാലായിരത്തോളം പ്രചാരകര്‍ എന്ന് വിളിക്കുന്ന  മുഴുവന്‍ സമയ പ്രവര്‍ത്തകരുമായി രാജ്യത്തെ എല്ലാ മേഖലയിലേക്കും കടന്ന് കയറുന്നതിന് കഴിഞ്ഞു എന്നതാണ് ഗുരുജിയുടെ രാഷ്ട്ര തന്ത്രജ്ഞതയും അര്‍പ്പണബോധവും ഒരു സംഘടന എന്ന നിലയില്‍ ആര്‍എസ്എസിന് നല്‍കിയ കരുത്ത് എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നത്.