ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ശ്രീജിത്ത് നടത്തിയ സമരം പൂര്‍ണ്ണമായും വിജയമായില്ലെങ്കിലും അധികൃതരുടെ ശ്രദ്ധയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പക്ഷേ കേരളം കണ്ട നീതി നിഷേധിക്കപ്പെട്ട ഒരാള്‍ക്ക് വേണ്ടി നീതി തേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി നടത്തിയ ഏറ്റവും വലിയ സാമൂഹ്യ മാധ്യമ കൂട്ടായ്മയായി ഈ ഓണ്‍ലൈന്‍ ക്യാമ്പയിനിനെ കരുതാം.


പക്ഷെ 'ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്' എന്ന ഹാഷ്ടാഗില്‍ നീതിക്കു വേണ്ടി ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച 'പ്രമുഖരല്ലാത്ത' ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ വിഷയത്തില്‍ അപ്രസക്തരാവുകയാണ്.


ശ്രീജിത്ത് നടത്തി വന്ന അനിശ്ചിതകാല സമരം 761 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് 'ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്' എന്ന ഫേസ്ബുക്ക്‌ ക്യാമ്പയിനുമായി ജിജു  സ്റ്റീഫനും ഒരു കൂട്ടം ചെറുപ്പക്കാരും എത്തുന്നത്. കഴിഞ്ഞ ഒരു മാസമായി നിരാഹാര സത്യാഗ്രഹത്തിലായിരുന്ന ശ്രീജിത്തിന്‍റെ നീതിക്കു വേണ്ടിയുള്ള പോരാട്ടം അധികൃതര്‍ തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് ഈ സുഹൃത്തുക്കളുടെ ഇടപെടല്‍ ഉണ്ടായത്. പക്ഷെ, സാമൂഹ്യ മാധ്യമങ്ങളില്‍ 'തള്ളുകള്‍' നടത്തുന്ന ഭീകരന്മാരുടെ മുന്നില്‍ പ്രമുഖരല്ലാത്ത ഈ കുഞ്ഞനുജന്മാരുടെ നിറം മങ്ങുകയാണ്.



ജനുവരി 12ന് അതായത് ശ്രീജിത്തിന്‍റെ സമരം 761 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ജിജു സ്റ്റീഫൻ അഡ്മിനായുള്ള 'Justice For Sreejith' എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഗ്രൂപ്പ് ലിങ്ക് വാട്ട്സാപ്പില്‍ നല്‍കുകയും ചെയ്തു. അതുവരെ അഞ്ചുപേര്‍ മാത്രം ഉണ്ടായിരുന്ന ആ കൂട്ടായ്മയിലൂടെ വിഷ്ണു, എബിൻ, ചാർളി എന്നിവര്‍ കൂടി അംഗമായി. ഇതോടെ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് ശക്തമാക്കാന്‍ ഇവര്‍ ശ്രമങ്ങള്‍ ആരംഭിച്ചു.


ഒരു മണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം പേരാണ് ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഗ്രൂപ്പില്‍ അംഗമായത്. പ്രതീക്ഷിച്ചതിനെക്കാളും വന്‍ പ്രതികരണങ്ങളാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നീതിയുടെ പോരാട്ടത്തിനായി ഇവരോടൊപ്പം ചേര്‍ന്നത്‌. ഇടുക്കിയിൽ നിന്നുള്ള സിജോ, നാലാം വർഷ നിയമ വിദ്യാർത്ഥിനി അനുഷ്‌മ എന്നിവരും ഈ കൂട്ടായ്മയിലേക്ക് എത്തിയപ്പോഴേക്കും അയ്യായിരത്തിലധികം പേരുടെ വന്‍ നിര ഇവര്‍ക്ക് പിന്നില്‍ അണിചേര്‍ന്നു.



പിന്നീടുള്ള തീരുമാനങ്ങള്‍ വേഗത്തിലായിരുന്നു. കറുപ്പ് നിറത്തിലുള്ള  ഷർട്ടും നീല ജീൻസും യൂണിഫോമാക്കി കറുത്ത തുണിയാല്‍ വായ്‌ മൂടികെട്ടി പ്രത്യേക സമരമുറ സ്വീകരിക്കാന്‍ അംഗങ്ങള്‍ തമ്മില്‍ ധാരണയായി. ജനുവരി 14ന് രാവിലെ 9 മണിക്ക് മാഞ്ഞാലിക്കുളം ഗ്രൗണ്ടിൽ ഒത്തുകൂടുവാനും തുടര്‍ന്ന് ശ്രീജിത്തിന്‍റെ സമരമുഖത്തേക്ക്‌ നീങ്ങാനും തീരുമാനിച്ചു.
 
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേദിവസം രാവിലെ തന്നെ ഈ കൂട്ടായ്മ മാഞ്ഞാലിക്കുളം ഗ്രൗണ്ടിൽ എത്തിച്ചേർന്നു. 



അതിനിടയിൽ ഒരാൾ ചോദിച്ചു പ്രതിഷേധം നടത്താന്‍ എസ്പിയുടെ ഓർഡർ ഉണ്ടോ എന്ന്. ഓര്‍ഡര്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് അവരുടെ കൂടെ കൂടാനും അയാള്‍  പറഞ്ഞു. പക്ഷേ അവരുടെ കൈയ്യിലുള്ള എസ്പിയുടെ ഓർഡർ കാണിക്കാൻ അയാളോട് ആവശ്യപ്പെട്ടപ്പോള്‍ മിണ്ടാതെ പോവുകയായിരുന്നു.


പൊരിവെയിലത്ത് കറുത്ത തുണിയാൽ വായ് മൂടിക്കെട്ടി ജാഥയായി ശ്രീജിത്തിന്‍റെ സമരപ്പന്തലിലേക്ക് എത്തിയെങ്കിലും ശ്രീജിത്തിനെ കാണാന്‍ സമ്മതിച്ചില്ല എന്ന് ഈ ചെറുപ്പക്കാര്‍ പറയുന്നു.


ചിലര്‍ മനഃപൂർവം തങ്ങള്‍ക്കെതിരെ നിന്നുവെന്നാണ് ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ ആരോപിക്കുന്നത്. 'ഞങ്ങൾ നയിച്ച ജാഥയിൽ പാർട്ടി അനുഭാവികളും അംഗമല്ലാത്തവരും ഉണ്ടായിരുന്നു. ഞങ്ങളോരോരുത്തരും പാർട്ടിയോ ജാതിയോ മതമോ പറഞ്ഞല്ല അവിടെയെത്തിയത്. ശ്രീജിത്തേട്ടന്‍റെ സമരത്തിന്‌ പിന്തുണയുമായി വന്ന ഞങ്ങള്‍ക്ക് ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് ഏതോ ഒരു ചാനൽ റിപ്പോർട്ടർ മൂലമാണ് ഞങ്ങൾക്ക് ശ്രീജിത്തേട്ടനെ കാണാൻ സാധിച്ചത്. ഞങ്ങൾക്ക് പറയാനുള്ളതെല്ലാം ചേട്ടനോട് പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ഞങ്ങള്‍ ഫേസ്ബുക്ക്‌ പേജില്‍ ലൈവും ചെയ്തിരുന്നു. പിന്നീട് ഈ ഗ്രൂപ്പിലെ എല്ലാ മെമ്പേഴ്സും ഏകദേശം 6 മണിയോടെ പിരിയുകയായിരുന്നു'. ഇവര്‍ പറയുന്നു.


അതിനുശേഷമാണ് ശ്രീജിത്തിന്‍റെ കാര്യത്തില്‍ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപെട്ട് ഹൈക്കോടതി അഡ്വക്കേറ്റ് മാത്യു കുഴല്‍നാടന് വക്കാലത്ത് സമർപ്പിക്കാൻ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് അംഗങ്ങള്‍ എറണാകുളത്തെ ഓഫീസിൽ എത്തുന്നത്‌. ജാതിയോ മതമോ പാർട്ടിയോ നോക്കാതെ നിങ്ങള്‍ ഇതിന് ഇറങ്ങി തിരിച്ചതിന് നന്ദിയും സൂചിപ്പിച്ച് മാത്യു കുഴല്‍നാടന്‍ വക്കാലത്തു കൈപ്പറ്റുകയും ചെയ്തു.



'ഞങ്ങള്‍ക്കാകുന്നത് ഞങ്ങള്‍ നിറവേറ്റി. ആ ഒരു സന്തോഷം മാത്രം മതി  ഞങ്ങൾക്ക്. 'ക്രെഡിറ്റ്‌സ് അല്ല ജസ്റ്റിസ്' അതാണ്‌ ഇപ്പോൾ ഞങ്ങളുടെ ഹാഷ് ടാഗ്. നീതിക്കായുള്ള പോരാട്ടം ഞങ്ങൾ ഇനിയും തുടരും. ഇന്ന് ശ്രീജിത്തിനൊപ്പം, നാളെ മറ്റൊരു ശ്രീജിത്തിനൊപ്പം'.