ബെംഗളൂരു: കര്‍ണാടകത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 71.77 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഫലം അറിയാന്‍ ഇനി കാത്തിരിക്കേണ്ടത് രണ്ടേ രണ്ട് ദിവസങ്ങള്‍ മാത്രം. ആളും അര്‍ത്ഥവുമായി വന്‍ പ്രചാരണം ആയിരുന്നു ബിജെപി കര്‍ണാടകത്തില്‍ ഇത്തവണ നടത്തിയത്. പരിമിതികള്‍ക്കിടയില്‍ നിന്ന് കോണ്‍ഗ്രസും ശക്തമായ പ്രചാരണം നടത്തി. ആരായിരിക്കും കര്‍ണാടകം ഇനി വരുന്ന അഞ്ച് വര്‍ഷം ഭരിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണാടകത്തില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മുഖ്യമന്ത്രിമാര്‍ വളരെ കുറവാണ് എന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവില്‍ അങ്ങനെ ഭരിക്കാന്‍ ഭാഗ്യം ലഭിച്ചത് കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ സിദ്ധരാമയ്യക്കായിരുന്നു. അതിന് മുമ്പ് ദേവരാജ് ഉര്‍സും രാമകൃഷ്ണ ഹെഡ്‌ഗെയും എസ്എം കൃഷ്ണയും മാത്രമാണ് ഈ ഭാഗ്യം സിദ്ധിച്ചവര്‍. 


Read Also: ജെഡിഎസ് കിങ് മേക്കറോ? കർണാടകയിൽ തൂക്കുമന്ത്രിസഭ പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ


പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പത്തില്‍ എട്ട് എണ്ണവും പ്രവചിക്കുന്നത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകും എന്നാണ്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചേക്കും എന്ന് പ്രവചിക്കുന്നത് അഞ്ച് എക്‌സിറ്റ് പോളുകള്‍ ആണ്- ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യയും സീ ന്യൂസ് മാട്രിസ് ഏജന്‍സിയും ന്യൂസ് 24 - ടുഡേയ്‌സ് ചാണക്യയും ഇന്ത്യ ടിവി സിഎന്‍എക്‌സും. ടൈംസ് നൗ- ഇടിജിയും. മറ്റ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന ഒരു തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ്.


224 സീറ്റുകളുള്ള കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകള്‍ ആണ്. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രകാരം കോണ്‍ഗ്രസിന് 122 മുതല്‍ 140 വരെ സീറ്റുകള്‍ ലഭിക്കും. അങ്ങനെയാണെങ്കില്‍ കര്‍ണാടകം കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനാകും. ഇവരുടെ കണക്ക് പ്രകാരം ബിജെപിയ്ക്ക് 62 മുതല്‍ 80 വരെ സീറ്റുകളും ജെഡിഎസിന് 20 മുതല്‍ 25 വരെ സീറ്റുകളും ലഭിച്ചേക്കും. ഇന്ത്യ ടിവി- സിഎന്‍എക്‌സ് സര്‍വ്വേ പ്രവചിക്കുന്നത് കോണ്‍ഗ്രസിന്110 മുതല്‍ 120 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ്. ബിജെപി 80 മുതല്‍ 90 വരെ സീറ്റുകളും ജെഡിഎസ് 20 മുതല്‍ 24 വരെ സീറ്റുകളും നേടിയേക്കും. ന്യൂസ് 24 - ടുഡേയ്‌സ് ചാണക്യ സര്‍വ്വേയും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. 120 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം സ്വന്തമാക്കും എന്നാണ് കണ്ടെത്തല്‍. ബിജെപി 92 സീറ്റില്‍ ഒതുങ്ങും. ജെഡിഎസ് 12 സീറ്റില്‍ ഒതുങ്ങും. ടൈംസ് നൗ- ഇടിജി സര്‍വ്വേ പ്രവചിക്കുന്നത് 113 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കും എന്നാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളുടെ എണ്ണമാണിത്. ബിജെപി 85 സീറ്റില്‍ ഒതുങ്ങുമെന്നാണ് ഇവരുടെ പ്രവചനം. ജെഡിഎസ് 23 സീറ്റുകള്‍ നേടും.


Read Also: കർണാടകയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; വീരശൈവലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോൺഗ്രസിന്


കുറച്ചുകൂടി ശക്തമായ മത്സരത്തിന്റെ സൂചനകളാണ് സീ ന്യൂസ്- മാട്രിസ് ഏജന്‍സിയുടെ സര്‍വ്വേ നല്‍കുന്നത്. കോണ്‍ഗ്രസ് 103 മുതല്‍ 118 വരെ സീറ്റുകള്‍ നേടിയേക്കും എന്നാണ് പ്രവചനം. പ്രീ പോള്‍ പ്രവചനം ബിജെപിയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ ബിജെപി 79 മുതല്‍ 94 വരെ സീറ്റുകളേ നേടുകയുള്ളു. ജെഡിഎസ് 25 മുതല്‍ 33 വരെ സീറ്റുകള്‍ നേടിയേക്കും.


എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയ്ക്ക് അനുകൂലമായ പ്രവചനം നടത്തിയിട്ടുള്ളത് രണ്ട് സര്‍വ്വേകള്‍ ആണ്- സുവര്‍ണ ന്യൂസ് - ജന്‍ കീ ബാത് എക്‌സിറ്റ് പോളും ന്യൂസ് നേഷന്‍ - സിജിഎസും. സുവര്‍ണ സര്‍വ്വേ പ്രകാരം, ബിജെപി 94 മുതല്‍ 117 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 91 മുതല്‍ 106 വരെ സീറ്റുകള്‍ നേടിയേക്കും. ജെഡിഎസ് 14 മുതല്‍ 24 വരെ സീറ്റുകള്‍ നേടിയേക്കുമെന്നും സുവര്‍ണ ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നു. ന്യൂസ് നേഷന്‍- സിജിഎസ് സര്‍വ്വേ പ്രകാരം ബിജെപിയ്ക്ക് 114 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് 86 സീറ്റില്‍ ഒതുങ്ങും. ജെഡിഎസിന് 21 സീറ്റുകള്‍ ലഭിക്കും. 


എബിസി ന്യൂസ് - സി വോട്ടര്‍ സര്‍വ്വേ കോണ്‍ഗ്രസിന് 112 സീറ്റുകള്‍ വരെ കിട്ടിയേക്കാമെന്നാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവി- പി മാര്‍ക്യു സര്‍വ്വേ പ്രകാരം കോണ്‍ഗ്രസിന് 108 സീറ്റുകള്‍ വരെ ലഭിക്കും. ടിവി 9 ഭാരത് വര്‍ഷ്- പോള്‍സ്ട്രാറ്റ് സര്‍വ്വേ പ്രവചിക്കുന്നത് കോണ്‍ഗ്രസിന് 109 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ്. 


കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ കര്‍ണാടകത്തില്‍ എന്ത് സംഭവിക്കും എന്ന് ഉറപ്പിച്ച് പറയാന്‍ ആവില്ല. അത്തരത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള സംസ്ഥാനമാണ് കര്‍ണാടകം. കേവലഭൂരിപക്ഷമില്ലാത്ത പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതും ഏറ്റവും വലിയ ഒറ്റക്കക്ഷികള്‍ പ്രതിപക്ഷത്തിരിക്കുന്നതും എല്ലാം കര്‍ണാടകത്തില്‍ സാധാരണമാണ്. ഏത് പാ‍ർട്ടി അധികാരത്തിൽ എത്തിയാലും ഒരു മുഖ്യമന്ത്രിയ്ക്ക് അഞ്ച് വർഷം ആ കസേരയിൽ ഇരിക്കാൻ ആകുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യം മുഖ്യമന്ത്രിയായി സ്ഥാനമേറ്റത് ബിജെപിയുടെ ബിഎസ് യെഡ്യൂരപ്പയായിരുന്നു. എന്നാൽ ദിവസങ്ങൾക്കകം രാജിവച്ചൊഴിഞ്ഞു. അതിന് പിറകെ കോൺ​ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സ‍ർക്കാർ രൂപീകരിച്ചു. പക്ഷേ, 14 മാസങ്ങൾക്കകം വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കുതിരക്കച്ചവടങ്ങൾക്കും ക‍ർണാടകം സാക്ഷ്യം വഹിച്ചു. എംഎൽഎമാരെ കൂറുമാറ്റി കുമാരസ്വാമി സർക്കാരിനെ താഴെയിറക്കി. അതിന് പിറകെ ബിഎസ് യെഡ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ യെഡ്യൂരപ്പയ്ക്കും അധികനാൾ ആ കസേരയിൽ തുടരാനായില്ല. യെഡ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മൈയെ ബിജെപി മുഖ്യമന്ത്രിയാക്കി. ചുരുക്കി പറഞ്ഞാൽ 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം ക‍ർണാടകത്തിന് നാല് മുഖ്യമന്ത്രിമാർ മാറിമാറി വന്നു.


ബിജെപിയെ സംബന്ധിച്ച് ഏറെ നിർണായകമാണ് കർണാടക തിരഞ്ഞെടുപ്പ്. ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തെങ്കിലും അധികാരത്തിലുണ്ടായിരിക്കുക എന്നത് ബിജെപിയുടെ പ്രസ്റ്റീജ് വിഷയം ആണ്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ക‍ർണാടകത്തിൽ സർക്കാർ രൂപീകരിക്കുക എന്നത് അവരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി വന്നാൽ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷ ബിജെപി ഇപ്പോഴും പുലർത്തുന്നുണ്ട്. എന്തായാലും ജെഡിഎസിന്റെ നിലപാടായിരിക്കും കർണാടകത്തിൽ ഇത്തവണയും നിർണായാകമാവുക എന്ന് ഉറപ്പാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.