ദക്ഷിണേന്ത്യയുടെ ഏറ്റവും അറ്റത്തായി കണ്ടാല്‍ 'ചെറുതും' എന്നാല്‍ 'കാര്യത്തില്‍' ഒന്നാമനുമായിരുന്ന കേരളം എന്ന സംസ്ഥാനം ഇന്ന് പ്രളയത്തിന്‍റെ കെടുതിയില്‍ ഉഴലുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ അഗസ്റ്റ് 9ന് കേരളത്തെ പിടിമുറുക്കിയ ദുരിതം ഇപ്പോഴും വിട്ടുപോകാന്‍ കൂട്ടാക്കുന്നില്ല എന്നത് വാസ്തവ൦. 



നൂറുകണക്കിനാളുകള്‍ മുങ്ങി മരിച്ചപ്പോഴും ലക്ഷക്കണക്കിനാളുകള്‍ പെയ്തിറങ്ങുന്ന കനത്ത മഴയില്‍നിന്നും വെള്ളപ്പൊക്കത്തില്‍നിന്നും രക്ഷ യാചിച്ചപ്പോഴും, പറയാതെ വയ്യ, നമ്മുടെ ദേശീയ മാധ്യമങ്ങള്‍ ഈ കൊച്ചു സംസ്ഥാനത്തിനുനേരെ മുഖം തിരിച്ചിരികുകയായിരുന്നു. 


പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖാ ദത്ത് കേരളം നേരിടുന്ന പ്രളയക്കെടുതി മനസ്സിലാക്കിയാവണം ട്വീറ്ററില്‍ എഴുതിയിരുന്നു, കേരള൦ കൂടുതല്‍ വാര്‍ത്ത‍ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന്. 


പ്രമുഖ രാഷ്ട്രീയ നേതാവായ ശശി തരൂര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു കേരളത്തിന്‍റെ വാര്‍ത്തകള്‍ അവഗണിക്കപ്പെടുന്നു എന്ന്. 


കുറ്റപ്പെടുത്തുകയല്ല, വാര്‍ത്തകള്‍ക്ക് 'ശരിയായ പ്രാധാന്യം' നല്‍കേണ്ടത് മാധ്യമ ധര്‍മ്മമെന്ന് വെറുതെ ഒന്ന് സൂചിപ്പിക്കുകയാണ്. സഹായിക്കാന്‍ സന്മനസ്സുള്ള ഒത്തിരി ഹൃദയങ്ങള്‍ നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുണ്ട്.



ഇന്നത്തെ ദിവസം, പ്രധാനമന്ത്രി നടത്തിയ വ്യോമനിരീക്ഷണത്തിന് ശേഷം കേരളത്തിലേയ്ക്ക് ഒഴുകിയെത്തിയ സംഭാവനകള്‍ തെളിയിക്കുന്നത് അതുതന്നെ. രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസം കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന്‌ സംഭാവനകള്‍ നല്‍കുകയാണ്. 


അനേകരുടെ വീടുകള്‍, കൃഷിയിടങ്ങള്‍ എല്ലാം നശിച്ചു. ഇനി ഒന്നില്‍ തുടങ്ങണം. ഒന്നുറപ്പാണ്, നാം കേരളീയര്‍ അധ്വാനികളാണ്, നഷ്ടപ്പെട്ടതൊക്കെ നാം വീണ്ടെടുക്കും. 


പക്ഷെ, പ്രളയക്കെടുതി നേരിടുന്ന കൊച്ചു കേരളത്തിന്‌ ഇപ്പോള്‍ ആവശ്യം സഹായമാണ്. അത് ഏതു വിധവും നമ്മളിലെത്തട്ടെ... കേരളം നേരിടുന്ന ദുരിതം മറ്റുള്ളവരെ അറിയിക്കൂ...