ലീഗിനെ മയക്കാന്‍ സിപിഎമ്മിന്റെ ഈ തന്ത്രം! ഭരണത്തിലിരിക്കെ പോലും ലീഗിന് സാധിക്കാത്ത കാര്യം സമ്മാനിച്ച് പിണറായി സര്‍ക്കാര്‍
CPIM to lure Muslim League: എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിറകെ ലീഗിനെ എൽഡിഎഫിലേക്ക് അടുപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും പിന്നീടത് അവസാനിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: അധികാരമില്ലാത്തെ പത്ത് വര്‍ഷം തുടരുക എന്നാല്‍ യുഡിഎഫിലെ ഘടകക്ഷികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനായാലും രണ്ടാം സ്ഥാനക്കാരായ മുസ്ലിം ലീഗിനായാലും അത് അങ്ങനെ തന്നെ. നേതൃമാറ്റം കൊണ്ടുവന്ന് കോണ്‍ഗ്രസിനെ ചലനാത്മകമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അത് എങ്ങനെ പ്രതിഫലിക്കും എന്ന് ഉറപ്പ് പറയാന്‍ കഴിയില്ല.
മുസ്ലീം ലീഗില്‍ സ്ഥിതി അതിലും ഗുരുതരമാണ്. കേരളത്തില്‍ സിപിഎം കഴിഞ്ഞാല്‍ ശരിക്കും പാര്‍ട്ടി കോട്ടകള്‍ക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടിയായിരിക്കും മുസ്ലീം ലീഗ്. വലിയ അട്ടിമറികളില്‍ പോലും ലീഗിന്റെ പൊന്നാപുരം കോട്ടകള്‍ തകര്‍ന്നിട്ടുള്ളത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ്. അങ്ങനെയുള്ള മുസ്ലീം ലീഗ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയാല്‍ പിന്നെ ഭരണം എന്നത് എത്രനാള്‍ വേണമെങ്കിലും ഇടതുമുന്നണിയ്ക്ക് തുടര്‍ന്ന് കൊണ്ടുപോകാം എന്ന് കരുതുന്നവരുണ്ട്.
മുസ്ലീം ലീഗിനെ അത്തരത്തില്‍ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്ട്. എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം അത്തരത്തിലുള്ള ചില അപ്രഖ്യാപിത നീക്കങ്ങളും നടന്നിരുന്നു. പിന്നീട് ആ ചര്‍ച്ച തന്നെ സിപിഎം അവസാനിപ്പിക്കുകയായിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു വിധത്തില്‍ ആ നീക്കം നടക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുസ്ലീം ലീഗിന്റെ സാമ്പത്തിക ശക്തി എന്ന് പറയുന്നത് അവരുടെ പ്രവാസി സംഘടനയായ കെഎംസിസി ആണ്. കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് കെഎംസിസി. പ്രവാസലോകത്ത് പാര്‍ട്ടിയോ ജാതിയോ മതമോ ഒന്നും നോക്കാതെ ഒരുപാട് കാര്യങ്ങളില്‍ ഇടപെട്ടിട്ടുള്ള, ഇടപെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ് കെഎംസിസി. പലഘട്ടങ്ങളില്‍ യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴൊന്നും ലഭിക്കാത്ത ഒരു ആനുകൂല്യവും അംഗീകാരവും ആണ് ഇപ്പോള്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചിരിക്കുന്നത്.
കെഎംസിസിയ്ക്ക് നോര്‍ക്കയുടെ അഫിലിയേഷന്‍ നല്‍കിയിരിക്കുന്നു എന്നാണ് മാതൃഭൂമി വാര്‍ത്ത. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജനുവരി 31 ന് നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
മുസ്ലീം ലീഗ് പ്രവര്‍ത്തകരെ സംബന്ധിച്ചും കെഎംസിസി എന്നത് ഒരു വികാരമാണ്. നേതൃത്വത്തിനപ്പുറം സാധാരണ പ്രവര്‍ത്തകരെ പോലും വിശ്വാസത്തിലെടുക്കാന്‍ ഈ ഒരു തീരുമാനത്തിലൂടെ കഴിയുമെന്ന് സിപിഎം നേതൃത്വം ധരിച്ചാല്‍, അതില്‍ പിശക് കാണാന്‍ കഴിയില്ല. ഖത്തര്‍ കെഎംസിസിയുടെ അപേക്ഷയാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
കെഎംസിസിയ്ക്ക് എങ്ങനെ നോര്‍ക്ക അഫിലിയേഷന്‍ ലഭിക്കും എന്ന ചോദ്യവും പ്രസക്തമാണ്. കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ എന്ന പേര് തന്നെ പ്രശ്‌നമാണ്. മതേതര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാകണം എന്നൊരു നിബന്ധനയുള്ളതാണ്. മുസ്ലീം ലീഗ് എന്ന പാര്‍ട്ടി പോലും ആ പേരിന്റെ പേരില്‍ വിമര്‍ശനവും നിയമ നടപടികളും എല്ലാം നേരിടുന്ന കാലഘട്ടം കൂടിയാണിത്. നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
എന്തായാലും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനും മുന്‍ സ്പീക്കറും ആയ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നാലംഗ സമിതിയെ തന്നെ നിയോഗിക്കുകയായിരുന്നു. മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയുടെ അപേക്ഷയിലാണ് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇങ്ങനെ ഒരു സമിതിയെ നിശ്ചയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്തായാലും സമിതിയുടെ റിപ്പോര്‍ട്ട് അനുകൂലമായിരുന്നു. അങ്ങനെ ഖത്തര്‍ കെഎംസിസിയ്ക്ക് നോര്‍ക്ക പ്രവേശനം സാധ്യമാക്കുകയാണ് സിപിഎം ചെയ്തത്.
രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍ മുസ്ലീം ലീഗിന്റെ പാര്‍ട്ടി പതാകയ്ക്ക് വിലക്കേര്‍പ്പെടുത്തി എന്ന നിലയില്‍ പോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതുപോലെ, സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ കാര്യത്തിലായാലും ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാര്യത്തിലായാലും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് ശക്തിപോര എന്നൊരു വിമര്‍ശനവും ശക്തമാണ്. സിപിഎമ്മിന്റെ കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം പലര്‍ക്കും ഉണ്ടുതാനും.
ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്ലീം ലീഗിനെ അടുപ്പിക്കാനുള്ള സിപിഎം നീക്കം എന്ന് ഈ നോര്‍ക്ക അഫിലിയേഷനെ പലരും വിശേഷിപ്പിക്കുന്നത്. യുഡിഎഫില്‍ നിന്ന് മുസ്ലീം ലീഗ് വിട്ടുപോയാല്‍, കോണ്‍ഗ്രസിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍ ആകുമെന്നും ഉറപ്പാണ്. അതേസമയം, മുസ്ലീം ലീഗിനെ എല്‍ഡിഎഫിന്റെ ഭാഗമാക്കുക എന്നത് സിപിഎമ്മിനെ സംബന്ധിച്ചും എളുപ്പമുള്ള കാര്യമല്ല. ഏറ്റവും ശക്തമായി എതിര്‍ക്കുക സിപിഐ തന്നെ ആയിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും കടുത്ത എതിര്‍പ്പ് വന്നേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...