കേരളത്തില്‍ മലിനീകരിക്കപ്പെടാത്ത ജലസ്രോതസുകള്‍ 27 ശതമാനം മാത്രം
കേരളത്തിലെ ലഭ്യമായ ജലസ്രോതസുകളില്‍ മലിനീകരിക്കപ്പെടാത്തത് വെറും 27 ശതമാനമെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കിവരുന്ന പരിസ്ഥിതിസാക്ഷരത പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജലസ്രേതസുകളുടെ സ്ഥിതിവിവരപഠനത്തിലാണ് ഈ കണ്ടെത്തല്‍. 3,606 ജലസ്രോതസുകളാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്.
കേരളത്തിലെ ലഭ്യമായ ജലസ്രോതസുകളില്‍ മലിനീകരിക്കപ്പെടാത്തത് വെറും 27 ശതമാനമെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കിവരുന്ന പരിസ്ഥിതിസാക്ഷരത പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജലസ്രേതസുകളുടെ സ്ഥിതിവിവരപഠനത്തിലാണ് ഈ കണ്ടെത്തല്‍. 3,606 ജലസ്രോതസുകളാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്.
റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് പൂര്‍ണമായും മലിനപ്പെട്ടവ 26.9 ശതമാനവും ഭാഗികമായി മലിനപ്പെട്ടത് 46.1 ശതമാനവുമാണ്. ഭാഗികമായി മലിനപ്പെട്ടവയെ പൂര്‍വസ്ഥിതിയില്‍ എത്തിക്കുക സാധ്യമാണെങ്കിലും പൂര്‍ണമായി മലിനപ്പെട്ടതിനെ വീണ്ടെടുക്കുന്നത് ശ്രമകരമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനായി അടിയന്തരസ്വഭാവത്തിലുള്ള കര്‍മപദ്ധതികള്‍ ആവിഷകരിക്കണമെന്നാണ് നിര്‍ദേശം.
വയനാട്ടില്‍ കുടിക്കാനും മലിനീകരിക്കപ്പെട്ട വെള്ളം
ഭാഗീകമായി മലിനപ്പെട്ട ജലസ്രോതസുകള്‍ കുടിക്കാന്‍ ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നുണ്ട്. കുളിക്കുന്നതിനും അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്കും നറ്റുമാണ് ഇവ ഉപയോഗിക്കുന്നത്. എന്നാല്‍ വയനാട് ജില്ലയില്‍ മലിനമാക്കപ്പെട്ട ജലസ്രോതസുകളും കുടിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാതല റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഖരമാലിന്യം (53%), ദ്രവമാലിന്യങ്ങള്‍ (16.97 %), ഗാര്‍ഹികമാലിന്യങ്ങള്‍ (23.24%), കൈയേറ്റം (7%) എന്നിങ്ങനെ മലിനീകരണത്തിന്റെ കാരണങ്ങള്‍ പലതാണ്. ഖരമാലിന്യങ്ങള്‍ വലിയതോതില്‍ ജലമലിനീകരണത്തിന് കാരണമാകുന്നു. ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ 40% ആണ്. ചപ്പുചവറുകള്‍കൊണ്ടുള്ള മാലിന്യങ്ങള്‍ 30.55%വും പ്ലാസ്റ്റിക്, കുപ്പി മുതലായവകൊണ്ടുള്ള മാലിന്യങ്ങള്‍ 20% വും മറ്റുള്ളവ 9% മാണ്.
വില്ലന്‍ മണലൂറ്റ്
ജലസ്രോതസ്സുകള്‍ അപകടാവസ്ഥയില്‍ ആയതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്ന് സംരക്ഷണഭിത്തികളുടെ അഭാവമാണ്. പഠനം നടത്തിയവയില്‍ 28%വും മണലൂറ്റല്‍ മൂലം അപകടാവസ്ഥയിലാണ്. കൈയേറ്റം കൊണ്ട് അപകടാവസ്ഥയിലായത് 7% വും മറ്റുള്ള കാരണങ്ങള്‍കൊണ്ട് അപകടാവസ്ഥയിലായത് 25% വുമാണ്. പഠനവിധേയമായ ജലസ്രോതസ്സുകളുടെ സമീപവാസികളില്‍ 70% പേര്‍ക്കും ജലസ്രോതസ്സുകള്‍ മലിനമായതിന്റെ കാരണങ്ങളെക്കുറിച്ച് സാമാന്യധാരണയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങളില്‍ സാമാന്യധാരണയുണ്ട് എന്ന് അഭിപ്രായപ്പെട്ടവര്ക്കുപോലും പരിസ്ഥിതിസംരക്ഷണപ്രവര്ത്തനങ്ങളില് സജീവമായി ഇടപെടാന്‍ കഴിയുന്നില്ല. ജലസ്രോതസുകളുടെ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ 86% പേരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സംരംഭങ്ങള്‍ ഇല്ലാത്തതുമൂലം അവര്‍ക്ക് ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നില്ല.
ജലസ്രോതസുകളില്‍ കാണുന്ന ജൈവവൈവിധ്യങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നും മത്സ്യസമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശികപഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ ജലസ്രോതസുകളുടെ കൈയേറ്റം, അമിതമായ വളപ്രയോഗം, വയല്‍നികത്തല്‍, അനിയന്ത്രിതമായ പാറപൊട്ടിക്കല്‍, വനനശീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, നീരുറവകളും ചാലുകളും നികത്തല്‍ തുടങ്ങിയവ ജലസ്രോതസുകളുടെ നാശത്തിനും മലിനീകരണത്തിനും കാരണമാവുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വേണ്ടത് ജനകീയ ഇടപെടല്‍
ജലസ്രോതസുകളുടെ കാര്യത്തില്‍ കേരളം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനു ബോധവല്‍ക്കരണവും ജനകീയ ഇടപെടലുകളും ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനായി ജലസ്രോതസുകളുടെ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വിപുലമായ പരിസ്ഥിതി സാക്ഷരതാപരിപാടി സംഘടിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
പരിസ്ഥിതി സാക്ഷരത
സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര ഏജന്‍സികളും സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ഒന്നാംഘട്ട സാക്ഷരതാപ്രവര്‍ത്തനത്തിന്റെ മാതൃകയില്‍ പരിസ്ഥിതി സാക്ഷരതാപരിപാടികള്‍ സംഘടിപ്പിക്കണം. പരിസ്ഥിതി സാക്ഷരതാപരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠപുസ്തകം തയാറാക്കിവേണം പരിസ്ഥിതി സാക്ഷരതാക്ലാസുകള്‍ സംഘടിപ്പിക്കേണ്ടത്.
നിലവില്‍ പഠനവിധേയമായ ജലസ്രോതസ്സുകളുടെ സമീപത്തുള്ള വീടുകളെ കേന്ദ്രമാക്കി പരിസ്ഥിതി സാക്ഷരതാപരിപാടിയുടെ ആദ്യഘട്ടം ആരംഭിക്കാനാണ് നിര്‍ദേശം. എല്ലാ വാര്‍ഡുകളിലും ജലസ്രോതസുകളുടെ സംരക്ഷണത്തിനായി ജനകീയഇടപെടലുകള്‍ സാധ്യമാക്കണം. പരിസ്ഥിതി സൗഹാര്ദജീവിതശൈലി ആര്‍ജിക്കുന്നതിന് ആവശ്യമായ പൗരവിദ്യാഭ്യാസം നല്‍കണം.
ജലസ്രോതസുകളുടെ സംരക്ഷണത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രത്യേകം പ്രോജക്ട് വാര്‍ഷികപദ്ധതിയില്‍ ആവിഷ്കരിക്കണം. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെയും കീഴിലുള്ള ജലസ്രോതസ്സുകളുടെ സമഗ്രമായ സ്ഥിതിവിവരപഠനം നടത്തുകയും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യണം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസുകളുടെ നവീകരണം സാധ്യമാക്കാവുന്നതാണ്. ജലസ്രോതസുകള്‍ക്ക് സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുക, ജലസ്രോതസുകളുടെ ജൈവസാന്നിധ്യം വീണ്ടെടുക്കുക. ജലസ്രോതസുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കണം.
നിയമങ്ങള്‍ കര്‍ശനമാക്കുക
പരിസ്ഥിതിസംരക്ഷണത്തിന് വേണ്ടി നിര്‍മ്മിച്ച നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കണം. അമിത വളപ്രയോഗം, മണലൂറ്റല്‍, കുന്നിടിക്കല്‍, വയല്‍നികത്തല്‍, ജലസ്രോതസുകളുടെ കൈയേറ്റം, വനനശീകരണം, മാരകവിഷമുള്ള കീടനാശിനികളുടെ ഉപയോഗം, മാലിന്യനിക്ഷേപങ്ങള്‍ എന്നിവ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളായി പ്രാദേശിക പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം സാധ്യമാക്കുക, പരിസ്ഥിതി സൗഹാര്‍ദപരമായ വികസനപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുക, ആദിവാസിമേഖലകള്‍, പട്ടികജാതി കോളനികള്‍, നഗരചേരിപ്രദേശങ്ങള്‍, തീരദേശമേഖലകള്‍ എന്നിവടങ്ങളില്‍ പ്രത്യേക പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം ഉള്‍പ്പെടുത്തിയുള്ള പാക്കേജ് ആവിഷ്കരിക്കുക, ഇത്തരം മേഖലകളിലെ പരിസ്ഥിതിപ്രശ്നങ്ങളും അതുമൂലം ജനജീവിതത്തില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി സമിതിയെ നിയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്.