'കണ്ണൂര്‍ സിംഹം' എന്നാണ് കെ സുധാകരനെ അനുയായികളും ആരാധകരും വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിമുടി പരാജയപ്പെട്ടപ്പോള്‍ തുടങ്ങിയതാണ്, 'സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്ന നിലവിളി. ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും അടിമുടി പരാജയപ്പെട്ടപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കിയത്. അതിന് വേണ്ടി വെള്ളംകോരിയവർ പലരും തലയിൽ കൈവച്ചിരിക്കേണ്ടിയും വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസിഡന്റ് ആയി സുധാകരനും പ്രതിപക്ഷ നേതാവായി വിഡി സതീശനും എത്തിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ മൊത്തത്തില്‍ ഒരു ഉണര്‍വ്വുണ്ടായി എന്നത് സത്യമാണ്. തലമുറമാറ്റം എന്നത് സംഭവിച്ചില്ലെങ്കിലും പാര്‍ട്ടിയുടെ തലയും മുറയും മാറുന്ന കാഴ്ചയും കണ്ടു. പക്ഷേ, അതിനൊന്നും അത്ര ആയുസ്സുണ്ടായില്ല എന്ന് കരുതേണ്ടി വരും. ആര് വന്നാലും പോയാലും ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്ന് പരസ്യമായി പറയാൻ കോൺഗ്രസിൽ ഒരു നേതാവില്ലാതെ പോയി. ചിലപ്പോൾ, ഇപ്പോഴത്തെ മുൾക്കിരീടം ഇറക്കിവയ്ക്കുന്ന വേളയിൽ കെ സുധാകരൻ അങ്ങനെ പറഞ്ഞേക്കുമെന്ന് ഒരു കരക്കമ്പിയുണ്ട്!


Read Also: കോൺഗ്രസിൽ ചേരാൻ ആളില്ല; ലക്ഷ്യം വച്ചതിന്റെ പാതിപോലും എത്താതെ മെമ്പര്‍ഷിപ് കാമ്പയിന്‍, കടുത്ത നിരാശയിൽ നേതൃത്വം


പാര്‍ട്ടി പുന:സംഘടനയായിരുന്നു പുതിയ നേതൃത്വത്തിന് മുന്നില്‍ തുടക്കത്തിലേയുള്ള വെല്ലുവിളി. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പുന:സംഘടനയുമായി സുധാകരനും സതീശനും മുന്നോട്ടുപോയി. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ അല്‍പം ഇടഞ്ഞും അയഞ്ഞുമെല്ലാം പുതിയ നേതൃത്വം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പാർട്ടിയിൽ ഗ്രൂപ്പ് അനുവദിക്കില്ലെന്ന് നാഴികയ്ക്ക് നാൽപതുവട്ടം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നവർ ഒടുവിൽ ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പ്, നേതൃത്വത്തിന്റെ ഗ്രൂപ്പ് എന്ന മട്ടിലേക്ക് മാറിയെന്നും ചിലർ ആരോപിച്ചിരുന്നു. അങ്ങനെ ചിലർക്ക് കോൺഗ്രസ് വിട്ട് പാർട്ടി കോൺഗ്രസ് നടന്ന സിപിഎമ്മിലേക്ക് ചേക്കേറേണ്ടിയും വന്നു.


എന്നാല്‍, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ സുധാകരനും സതീശനും അമ്പേ പരാജയപ്പെട്ടോ എന്നാണ് കോണ്‍ഗ്രസിനുള്ളിലെ ചര്‍ച്ച. സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് അമ്പത് ലക്ഷം മെമ്പര്‍ഷിപ് ചേര്‍ക്കുമെന്നായിരുന്നു കെ സുധാകരന്റെ അവകാശവാദം. കണ്ണൂര്‍ സിംഹത്തിന്റെ അവകാശവാദത്തെ ഒരു ഗര്‍ജ്ജനമായിട്ടായിരുന്നു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടത്. എന്നാല്‍ നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിനും അതൊരു പൂച്ചക്കുഞ്ഞിന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. അംഗത്വ വിതരണം അവസാനിച്ചപ്പോള്‍ കേരളത്തില്‍ ആകെ വന്നത് 20 ലക്ഷം ആണ്. സുധാകരന്‍ പറഞ്ഞതിന്റെ പാതിപോലും വന്നില്ല എന്ന് സാരം. കോൺഗ്രസ് ഏറ്റവും ശക്തമെന്ന് കരുതപ്പെടുന്ന, പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ല കൂടിയായ എറണാകുളത്തായിരുന്നു അംഗത്വവിതരണം ഏറ്റവും ദുരന്തമായി മാറിയത്.


അതുകൊണ്ട് മാത്രമല്ല സിംഹ ഗര്‍ജ്ജനത്തിന് ശക്തിപോര എന്ന് പറയുന്നത്. പ്രൊഫ കെവി തോമസിന്റെ കാര്യത്തിലും സുധാകര ഗര്‍ജ്ജനങ്ങള്‍ ഏറെക്കുറേ വനരോദനമായ മട്ടാണ്. സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയ്ക്ക് പുറത്ത് എന്നൊക്കെയായിരുന്നു തട്ടി വിട്ടത്. പക്ഷേ, തോമസ് മാഷെ പുറത്താക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അച്ചടക്ക സമിതിയ്ക്കും വലിയ ധാരണയൊന്നും ഇല്ല. തോമസ് മാഷാണെങ്കിൽ സുധാകന്റെ വെല്ലുവിളികൾക്കെല്ലാം പുല്ലുവിലയാണ് കൊടുത്തത്.


Read Also: കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് കെവി തോമസിനെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം; രാഷ്ട്രീയകാര്യ സമിതിയോഗം തിങ്കളാഴ്ച


നേതൃത്വം വലിയ വായില്‍ വെല്ലുവിളികള്‍ നടത്തുമ്പോള്‍ ആവേശഭരിതരാകുന്ന അണികള്‍ ആണ് ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുന്നത്. നേതാവിന്റെ വാക്കുവിശ്വസിച്ച് സോഷ്യല്‍ മീഡിയയില്‍ ആറാടിക്കൊണ്ടിരുന്നവര്‍, ഒന്നും നടക്കാതെ വരുമ്പോള്‍ പരിഹാസം സഹിക്കാനാവാതെ തലതാഴ്ത്തി നില്‍ക്കേണ്ട ഗതിയിലാണ്. 


ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവും മാറിമാറി വന്ന കെപിസിസി അധ്യക്ഷന്‍മാരും മോശം പ്രകടനം കാഴ്ചവച്ചു എന്നായിരുന്നു ആക്ഷേപം. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരെന്ന് ഇപ്പോഴത്തെ അധ്യക്ഷന്‍ അന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ നേതൃത്വം ചെയ്യുന്നത്. എന്നാല്‍ ഗെയില്‍ പൈപ്പ് ലൈന്‍ പോലേയും ദേശീയ പാതാ സ്ഥലമെടുപ്പ് സമരം പോലേയും കെ റെയില്‍ സമരം ഒടുക്കം തിരിച്ചടിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.