ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശി. ഇത് വൈകുണ്ഠ ഏകാദശി എന്നും അറിയപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷത്തെ സ്വര്‍ഗവാതില്‍ ഏകാദശി ജനുവരി 6 നാണ് വരുന്നത്. അന്നേദിവസം വ്രതം അനുഷ്ഠിച്ച് ഭഗവാനെ ഭജിക്കുന്നത് മോക്ഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം.


ഈ ഏകാദശി ദിനത്തിൽ ഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറന്നിടും എന്നും വിശ്വാസമുണ്ട്. കുരുക്ഷേത്ര യുദ്ധത്തിൽ തളർന്നിരുന്ന അർജുനന്‌ ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീത ഉപദേശിച്ചതും ഈ ദിവസത്തിലാണെന്നാണ് വിശ്വാസം.


അതുകൊണ്ടുതന്നെ ഈ ഏകാദശിയെ ഗീതാ ജയന്തി ദിനമായും കരുതപ്പെടുന്നു. സ്വർഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികള്‍ക്ക് ശേഷം മറ്റൊരു വാതിലില്‍കൂടി പുറത്തു കടന്നാല്‍ സ്വര്‍ഗവാതില്‍ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. 


തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകള്‍ നടക്കും.


എല്ലാ ഏകാദശി വ്രതാനുഷ്ഠാനം പോലെ തന്നെയാണ് ഇതും.  തലേ ദിവസം വ്രതം ആരംഭിക്കണം. വിധിയനുസരിച്ച് തലേന്ന് ഒരിക്കല്‍ മാത്രമേ അരി ആഹാരം കഴിക്കാന്‍ പാടുള്ളൂ.


ഏകാദശി ദിനം പൂർണമായ ഉപവാസം നടത്തണമെന്നാണ് പ്രമാണം അതിന് സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ മാത്രം ഭക്ഷിച്ചോ തുളസീ തീര്‍ത്ഥം സേവിച്ചോ വ്രതം അനുഷ്ഠിക്കാം.


വ്രത ദിവസം തലയില്‍ എണ്ണ തേയ്ക്കുവാനോ ഉച്ചയ്ക്ക് ഉറങ്ങുവാനോ പാടില്ല. വെളുത്ത വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം. ഏകാദശിനാൾ പുലർച്ചെ കുളികഴിഞ്ഞ് വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തണം. 


വിഷ്ണു കീർത്തനങ്ങൾ ചൊല്ലി ക്ഷേത്രത്തിൽ തന്നെ ഉപവാസമിരിക്കുന്നതാണ് നന്ന്. അതിനു സാധിക്കാത്തവർ പറ്റുന്നപോലെ "ഓം നമോ നാരായണായ" ജപിച്ചു കൊണ്ട് ഭഗവാനെ സ്മരിക്കുക. കൂടാതെ വിഷ്ണുസൂക്തം, പുരുഷസൂക്തം, ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവ ചൊല്ലുന്നത് ഉത്തമമാണ്.


ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും അരി അല്ലെങ്കില്‍ മലരും ഇട്ട പ്രത്യേക തീര്‍ത്ഥം സേവിച്ച് ഏകാദശി വ്രതം അവസാനിപ്പിക്കാവുന്നതാണ്.