കര്‍ക്കടക മാസത്തിന് രാമായണ മാസം എന്ന പുണ്യനാമം കൂടിയുണ്ട്. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. പൊതുവെ നിഷ്‌ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ് കര്‍ക്കടക മാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതില്‍ നിന്നുള്ള മോചനത്തിന് പൂര്‍വ്വികന്മാര്‍ നല്‍കിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും. അതുകൊണ്ടുതന്നെ കര്‍ക്കിടകം പിറന്നതോടെ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം ഒരു മാസം നീളുന്ന പരിപാടികളുണ്ട്. രാമായണ പാരായണവും പ്രഭാഷണവുമാണ് പ്രധാനം. രാമായണ മത്സരങ്ങളും ഔഷധക്കഞ്ഞി വിതരണവുമുണ്ട്. വീടുകളിലും രാമായണ പാരായണം തുടങ്ങി. ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം.


രാമായണ പാരായണം ചെയ്യുന്നതിനും ചില ചിട്ടകള്‍ നിലനില്‍ക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം...


കുളിച്ച്‌ ശുദ്ധിവരുത്തി ശുഭ്ര വസ്‌ത്രം ധരിച്ച് ഭസ്‌മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വയ്‌ക്കുക. രണ്ടോ അഞ്ചോ തിരികള്‍ ഇടാം. കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. ആവണിപ്പലകയിലിരുന്നായിരുന്നു പണ്ടുള്ളവര്‍ വായിച്ചിരുന്നത്. തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. വെറും നിലത്തിരുന്ന് വായിക്കരുത്. വെറും നിലത്ത് രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ വയ്‌ക്കരുതെന്നാണ് വിശ്വാസം. കൂടാതെ സന്ധ്യാ സമയം രാമായണ പാരായണം പാടില്ല. രാമായണം വായിക്കുന്ന ദിക്കില്‍ ശ്രീഹനുമാന്‍റെ സാന്നിധ്യം ഉണ്ട്. സന്ധ്യാവേളയില്‍ ശ്രീഹനുമാന് സന്ധ്യാവന്ദനം ചെയ്യേണ്ടതുണ്ട്. അതിനാലാണ് ആ സമയം പാരായണം പാടില്ലെന്ന് പൂര്‍വികര്‍ ഉപദേശിക്കുന്നത്.


യാതൊരു കേടുപാടുമില്ലാത്ത മഹത്ഗ്രന്ഥമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്. മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വച്ച്‌ ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വേണം ആദ്യമായി ഗ്രന്ഥം എടുത്ത് വായിക്കാന്‍.  രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച്‌ 11 പേരുടെ പടം ഉള്ള പട്ടാഭിഷേക പടത്തിന് മുന്നില്‍ പാരായണം ചെയ്യുക. 


ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വലതുകാല്‍ ആദ്യം പടിയില്‍ ചവിട്ടി കയറണം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വന്ന് കൈകാല്‍ കഴുകാന്‍ പാടില്ല. ശുദ്ധിയുള്ള വസ്ത്രം ധരിച്ച്‌ വടക്ക്  അഭിമുഖമായി ഇരുന്ന് വായിക്കുക.  കിഴക്ക് സൂര്യനുള്ളപ്പോള്‍ പടിഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കര്‍മ്മവും ചെയ്യാന്‍ പാടില്ല. ആയതിനാല്‍ വടക്കോട്ടാണ് ഇരിക്കേണ്ടത്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാന്‍. രാമായണം പാരായണം ചെയ്യുമ്പോള്‍ ഏകാഗ്രതയും ശ്രദ്ധയും വേണം, മറ്റു കാര്യങ്ങളൊന്നും ആലോചിക്കാന്‍ പാടില്ല.


ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍. ശ്രേഷ്ഠകാര്യങ്ങള്‍ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിച്ച്‌ നല്ല കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. അശുഭ സംഭവങ്ങള്‍ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദര്‍ഭത്തിന്‍റെ മധ്യത്തില്‍ വച്ച്‌ നിറുത്തരുത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമര്‍പ്പിക്കേണ്ടത്.


യുദ്ധം, കലഹം, മരണം തുടങ്ങിയവ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിര്‍ത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്‍റെ അവസാനഭാഗത്തു നല്‍കിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാന്‍.


ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ വാല്മീകി എഴുതിത്തീര്‍ത്തു. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേര്‍ക്കപ്പെട്ടതാണെന്നും വാദമുണ്ട്.


കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ കഴിയുന്നു.