വിനോദസഞ്ചാര ദിനമാണിന്ന്!
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ടൂറിസം നയത്തില്‍ സമഗ്രമായ പൊളിച്ചെഴുത്താണ് ഇനി ആവശ്യം.
ഇന്ന് ഐക്യരാഷ്ട്രസഭയുടെ ലോക വിനോദസഞ്ചാര ദിന൦. ലോക ജനതയെ വിനോദ സഞ്ചാരത്തിന്‍റെ സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങളെ കുറിച്ച് അവബോധം വരുത്താനായി 1980 മുതലാണ് ഈ ദിനം ആചരിച്ച് വരുന്നത്.
ദൈവത്തിന്‍റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം വിനോദ സഞ്ചാരികള്‍ക്ക് പറുദീസയാണ്. എന്നാല്‍, പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ടൂറിസം നയത്തില്‍ സമഗ്രമായ പൊളിച്ചെഴുത്താണ് ഇനി ആവശ്യം.
പാരിസ്ഥിതികമായും സാമ്പത്തികമായും സുസ്ഥിരമായൊരു ടൂറിസം മോഡലിനെയാണ് ഇനി കേരളത്തില്‍ പ്രതീക്ഷിക്കുന്നത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും ജൂലൈ മുതല്‍ സെപ്തംബര്‍ വരെയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമുള്ള നാല് ക്വാര്‍ട്ടറുകളിലായിട്ടാണ് കേരളത്തില്‍ കൂടുതലായു൦ വിനോദസഞ്ചാരികള്‍ എത്തുന്നത്.
ഇതില്‍ ആദ്യത്തേതും നാലാമത്തേതും ഉള്‍പ്പെടുന്ന മാസങ്ങളാണ് ടൂറിസ്റ്റ് സീസണായി അറിയപ്പെടുന്നത്. കൂടാതെ, കേരളത്തിന്‍റെ തലസ്ഥാനമെന്ന ഖ്യാതി തിരുവനന്തപുരത്തിന് അന്തര്‍ദേശീയ ടുറിസം മാപ്പില്‍ ഇടം നല്‍കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, ഇന്ന് എല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കുന്നത് കൊണ്ട് വളരെ നേരത്തെ തന്നെ ഡിജിറ്റല്‍ ലോകത്തെ വരവേറ്റിരിക്കുകയാണ് സഞ്ചാരികള്‍. ടൂറിസം മേഖലയില്‍ ഡിജിറ്റല്‍ വല്‍ക്കരണം ഏകദേശം ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.
ഡിജിറ്റല്‍ കാലത്തിന്‍റെ ഗുണവും ദോഷവും അനുഭവിക്കുകയാണ് കേരളത്തിലെ ടൂറിസം മേഖല. സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പ്രിയമേറി വരുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടത്.
തിരിച്ചടികളിലും സോഷ്യല്‍ മീഡിയയ്ക്ക് കാര്യമായ പങ്കുണ്ട്. സഞ്ചാരി ഗൂഗിളില്‍ കേരളത്തെക്കുറിച്ച് തിരഞ്ഞാല്‍ ആദ്യമെത്തുക നിപ്പ വൈറസ് ബാധ, പ്രളയക്കെടുതി തുടങ്ങിയ വാര്‍ത്തകളാണ്.
ഇത്തരം വാര്‍ത്തകള്‍ ടൂറിസം മേഖലയ്ക്കു വലിയ ദോഷം ചെയ്തു. എന്നാല്‍, ടൂറിസം ഇപ്പോള്‍ ചില പുതു വഴികളും തേടുന്നുണ്ട്.
യോഗ, ആയുര്‍വേദം, സമ്മേളനം, സാഹസികം,സൈക്കിളിംഗ്, ട്രെക്കിംഗ്,വിവാഹം എന്നിങ്ങനെ ടൂറിസത്തില്‍ തന്നെ പുതുതായി വന്ന ശാഖകളൊക്കെ ഓണ്‍ലൈന്‍ വഴി ബിസിനസ് ഉറപ്പിക്കുകയാണ്. അതുകൊണ്ട് ഡിജിറ്റല്‍ വത്കരണത്തോട് ഇനി ടൂറിസം മേഖലയിലെ ആര്‍ക്കും മുഖം തിരിഞ്ഞു നില്‍കാനാകില്ല.