കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധം ജനങ്ങൾക്കിടയിൽ പ്രധാന ചർച്ചയാണ്.  പ്രതിഷേധിച്ച രണ്ട് പേരും കോൺഗ്രസ് നേതാക്കളാണ്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു എന്നും വിമാനത്തിനുള്ളിൽ പ്രതിഷേധം നടത്തിയത് ശരിയല്ലെന്നും ഉള്ള പലവിധ പ്രതികരണങ്ങൾ ഉയർന്നുവരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ രണ്ട് വിമാന റാഞ്ചലുകളുടെ ചരിത്രം ഓർമ്മിപ്പിക്കുന്നത്. നേതാക്കൾക്ക് വേണ്ടി വിമാനം റാഞ്ചിയവർക്ക് പിന്നീട് എന്ത് സംഭവിച്ചു? സമാന പ്രവൃത്തി ചെയ്തവരിൽ രണ്ടുപേർ ജനപ്രതിനിധികളും മറ്റൊരാൾ തീവ്രവാദിയുമായി?


COMMERCIAL BREAK
SCROLL TO CONTINUE READING

നേതാക്കൾക്ക് വേണ്ടി രാഷ്ട്രീയ അങ്കകളത്തിൽ സ്വന്തം ജീവൻ പണയം വച്ച് പ്രവർത്തിക്കുന്ന നിരവധി അണികളുള്ള നാടാണ് ഇന്ത്യ. നേതാവിനെ രക്ഷിക്കാൻ അവർ എന്തും ചെയ്യും. പാർട്ടിയും നേതാക്കളും അവരുടേ രക്ഷയ്ക്കെത്തുമെന്നതാണ് അവരുടെ വിശ്വാസം. തങ്ങളുടെ നേതാക്കളെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുസംഘങ്ങൾ ഇന്ത്യൻ എയർലൈൻസിന്റെ വ്യത്യസ്ത  വിമാനങ്ങൾ റാഞ്ചി. വിമാന റാഞ്ചികളിൽ രണ്ട് പേർ ഉത്തർ പ്രദേശിലെ നിയമസഭാംഗമായി. മറ്റൊരാൾ തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് പാക്കിസ്ഥാനിൽ പ്രവാസ ജീവിതം നയിക്കുന്നു.


Read Also: 'ഭീഷണി മുഴക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു'; പോലീസിന് റിപ്പോർട്ട് നൽകി ഇൻഡി​ഗോ


ജനതാദൾ ഭരണകാലത്ത് ജയിലിലായ ഇന്ദിരാഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്ര പാണ്ഡേയും 1978 ഡിസംബർ 20ന് ഇന്ത്യൻ എയർലൈൻസിന്റെ ആഭ്യന്തര വിമാനം ഹൈജാക്ക് ചെയ്തു. അടിയന്തരാവസ്ഥയ്ക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കണമെന്ന ആവശ്യവും വിമാന റാഞ്ചികൾ ഉന്നയിച്ചു. കളിപ്പാട്ട തോക്കുപയോഗിച്ച് രാജ്യത്തെ മുൻമുനയിൽ നിർത്തി, 132 യാത്രക്കാരെ മണിക്കൂറുകളോളം ബന്ദികളാക്കിയ ശേഷം വിമാനം വരണാസിയിൽ ഇറക്കി. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരും കീഴടങ്ങി. പാണ്ഡെ സഹോദരന്മാർ കളിപ്പാട്ടങ്ങൾ കൈവശം വച്ചിരുന്നതിനാൽ സംഭവം ഒരു രാഷ്ട്രീയ തമാശയായി വിശേഷിപ്പിക്കപ്പെട്ടു. 


കീഴടങ്ങിയ പാണ്ഡെ സഹോദരങ്ങൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വം 1980 ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റുകൾ സമ്മാനിച്ചു.1980 മുതൽ 1985 വരെയും 1989 മുതൽ 1991 വരെയും ബല്ലിയയിലെ ദോബയിൽ നിന്ന് കോൺഗ്രസ് എംഎൽഎയായി ഭോലാനാഥ് പാണ്ഡെ സേവനമനുഷ്ഠിച്ചു. ഒപ്പമുണ്ടായിരുന്ന ദേവേന്ദ്ര പാണ്ഡെ രണ്ട് തവണ നിയമസഭാംഗമായി. അതിനുശേഷം യുപിയിലെ കോൺഗ്രസ് പ്രദേശ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. ഭോലാനാഥ് പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിൽ സേലംപൂരിൽ നിന്നും സ്ഥാനാർത്ഥിയായി.  ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഭോലാനാഥ് പാണ്ഡെയെ നാലാം തവണയും സേലംപൂരിൽ നിന്ന് മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനം സിഖ് ഗ്രൂപ്പായ ദൽ ഖൽസയെ ചൊടിപ്പിച്ചു. അതോടൊയാണ് മറ്റൊരു ചരിത്രവും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നത്.


അത് 1981 സെപ്തംബർ 29 ന് നടന്ന വിമാന റാഞ്ചലായിരുന്നു. സിഖ് പുരോഹിതൻ ജർണൈൽ സിങ് ഭിന്ദ്രൻവാലയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു ആ വിമാന റാഞ്ചൽ. നാല് ദൽ ഖൽസ പ്രവർത്തകർക്കൊപ്പം ഗജീന്ദർ സിംഗ് എന്ന യുവാവും വിമാന റഞ്ചികൾക്കൊപ്പമുണ്ടായിരുന്നു.  ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുത്ത ദൽ ഖൽസ പ്രവർത്തകർ അത് ലാഹോറിൽ ഇറക്കി. ഒടുവിൽ പാക്കിസ്താൻ സേനയുടെ കമാൻഡോ ഓപ്പറേഷനിൽ പിടിക്കപ്പെട്ടു. ആ സംഭവത്തിൽ ആരെയും അപായപ്പെടുത്തിയില്ല. പക്ഷെ ഗജീന്ദർ സിങ്ങിനെ പാകിസ്ഥാൻ കോടതി ശിക്ഷിച്ചു. 14 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം 1994 നവംബറിൽ ജയിൽ മോചിതനായി. അതേസമയം, സിഖ് പുരോഹിതന്റെ മോചനത്തിനായി വിമാനം ഹൈജാക്ക് ചെയ്തതിന് ഗജീന്ദർ സിങ്ങിനെ ഇന്ത്യ കൊടും കുറ്റവാളിയായി ആയി പ്രഖ്യാപിച്ചു. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഗജീന്ദറിന്റെ പേര് ഇപ്പോഴുമുണ്ട്.  ഇന്ത്യയിലേക്ക് തിരികെ വരാനാകാതെ പാക്കിസ്ഥാനിൽ പ്രവാസജീവിതം നയിക്കുകയാണ് ഗജീന്ദർ. ഇയാളെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം ഇസ്ലാമാബാദ് ഇതുവരെ അംഗീകരിച്ചിട്ടില്ല. 


രണ്ട് സംഭവങ്ങളിലും ഹൈജാക്കർമാർ ആയുധങ്ങൾ കൈവശം വച്ചിരുന്നില്ല. ഒരു യാത്രക്കാരനും ഉപദ്രവിക്കപ്പെട്ടിട്ടില്ല. തങ്ങളുടെ നേതാക്കളെ മോചിപ്പിക്കാനുള്ള ശ്രമം ആയിരുന്നു അവ. അങ്ങനെയെങ്കിൽ ഈ രണ്ട് കേസുകളിലും കേന്ദ്രസർക്കാരും കോൺഗ്രസും സ്വീകരിച്ചത് തികച്ചും വിപരീതവും വിവേചനപരവുമായ സമീപനവും ഇരട്ടത്താപ്പുമാണെന്നാണ് ഈ ചരിത്ര സംഭവങ്ങൾ വെളിപ്പെടുത്തുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.