ശരദ് പവാർ എൻസിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു എന്ന വാർത്ത ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന ഒന്നാണ്. 82 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. ഇന്ത്യൻ രാഷ്ട്രീയത്തിൽ 82 എന്നത് വിരമിക്കാനുള്ള ഒരു പ്രായമല്ലെന്ന് എല്ലാവർക്കും അറിയാം. രാജ്യം അടുത്ത പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിലാണ് എൻസിപിയുടെ തലപ്പത്ത് നിന്ന് പവാർ പടിയിറങ്ങുന്നത്. അതും, ആരായിരിക്കും തന്റെ പിൻഗാമി എന്ന് പോലും പ്രഖ്യാപിക്കാതെ...


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോവൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് ശരദ് പവാർ. അന്ന് അദ്ദേഹം സ്കൂൾ വിദ്യാർത്ഥിയായിരുന്നു. പിന്നീട് കോളേജിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി. പിന്നെ പൂനെ ജില്ലാ പ്രസിഡന്റ് ആയും സംസ്ഥാന സെക്രട്ടറിയായും വളർന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായിരുന്ന യശ്വന്ത് റാവു ചവാനുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അങ്ങനെയാണ് 27-ാം വയസ്സിൽ എംഎൽഎ ആകുന്നതും പിന്നീട് മന്ത്രിയാകുന്നതും, മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതും കേന്ദ്രമന്ത്രിയാകുന്നതും എല്ലാം.


Read Also: 32,000 മാറി മൂന്നായി; 'ദി കേരള സ്റ്റോറി'യുടെ ട്രെയ്‌ലറിന്റെ യൂട്യൂബ് ഡിസ്ക്രിപ്ഷനിൽ മാറ്റം വരുത്തി നിർമാതാക്കൾ


1969 ൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയ്ക്കൊപ്പം അടിയുറച്ചുനിന്ന ആളാണ് ശരദ് പവാർ. എന്നാൽ, സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിലെത്തിയപ്പോൾ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് കോൺഗ്രസ് സ്ഥാപിച്ചു അദ്ദേഹം. 1999 ലെ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദം കത്തിനിൽക്കുമ്പോൾ ആയിരുന്നു ഇത്. സോണിയയുടെ ഇറ്റാലിയൻ പൌരത്വം ആയിരുന്നു വിഷയം. കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ, സോണിയയുടെ സ്ഥാനാർത്ഥിത്വത്തെ ഏറ്റവും ശക്തമായി എതിർത്തത് പിഎ സാങ്മയും ശരദ് പവാറും ആയിരുന്നു. സോണിയ ഗാന്ധി വിദേശപൌരത്വമുള്ള ആളാണെന്ന നിലപാടിൽ പവാർ ഉറച്ചുനിന്നു. ഇത് സംബന്ധിച്ച് വിശദീകരണം നൽകിക്കൊണ്ട് പവാർ പിന്നെ ഒരു കത്ത് നൽകിയിരുന്നു. പക്ഷേ, പവാറിനേയും സാങ്മയേയും താരിഖ് അൻവറിനേയും ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ആയിരുന്നു കോൺഗ്രസിന്റെ തീരുമാനം. 


അങ്ങനെയാണ് 1999 ൽ ശരദ് പവാർ എൻസിപി രൂപീകരിക്കുന്നത്. ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്ത് വന്ന് എൻസിപി ഉണ്ടാക്കിയത്. കോൺഗ്രസ് വിട്ടെങ്കിലും പിന്നീട് യുപിഎ സഖ്യത്തിന്റെ ഭാഗമാകാൻ എൻസിപിയും ശരദ് പവാറും സന്നദ്ധനായി.  രണ്ട് യുപിഎ സർക്കാരുകളിലും അദ്ദേഹം കേന്ദ്രമന്ത്രിയായി തുടരുകയും ചെയ്തു. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിൽ കോൺഗ്രസിനേയും ശിവസേനയേയും അടക്കം കൂടെക്കൂട്ടി മഹാവികാസ് അഘാഡി എന്ന മഹാസഖ്യം രൂപീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ചത് ശരദ് പവാർ തന്നെ ആയിരുന്നു.


നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി, മൂന്ന് തവണ മന്ത്രി, സംസ്ഥാന മന്ത്രി, ലോക്സഭയിലേയും നിയമസഭയിലേയും പ്രതിപക്ഷ നേതാവ്, ബിസിസിഐ പ്രസിഡന്റ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ അധ്യക്ഷൻ എന്നിങ്ങനെ രാഷ്ട്രീയത്തിലും സംഘാടനത്തിലും ഒരു ആൽമരം പോലെ പടർന്നു നിന്ന ശരദ് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കാം. അവസാനത്തിൽ നിന്ന് ആദ്യത്തിലേക്ക്...


  • ഏപ്രിൽ 2020: രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (രണ്ടാം തവണ)

  • ഏപ്രിൽ 2014: രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

  • 19 ജനുവരി 2011 - 26 മെയ് 2014: കേന്ദ്ര കാബിനറ്റ്മന്ത്രി (കൃഷി, ഭക്ഷ്യ സംസ്കരണം, വ്യവസായം), എൻസിപി പാർലമെന്ററി പാർട്ടി നേതാവ്- ലോക്സഭ

  • 31 മെയ് 2009 - 18 ജനുവരി 2011: കേന്ദ്ര കാബിനറ്റ് മന്ത്രി (കൃഷി, ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം)

  • മേയ് 2009 - ജനുവരി 2014: അംഗം, പതിനഞ്ചാം ലോക്‌സഭ (ഏഴാം തവണ), വൈസ് പ്രസിഡന്റ്, ജലസംരക്ഷണവും പരിപാലനവും സംബന്ധിച്ച പാർലമെന്ററി ഫോറം

  • 23 മെയ് 2004 - മെയ് 2009: കേന്ദ്ര കാബിനറ്റ് മന്ത്രി (കൃഷി, ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം)

  • മെയ് 2004 - മെയ് 2009: അംഗം, പതിനാലാം ലോക്സഭ (ആറാം തവണ)

  • ഓഗസ്റ്റ് 2003: എൻസിപി പാർലമെന്ററി പാർട്ടി നേതാവ് -ലോക്സഭ

  • 21 മാർച്ച് 2001 - മാർച്ച് 2004 : വൈസ് ചെയർമാൻ, ദേശീയ ദുരന്ത നിവാരണ സമിതി

  • 1999: എൻസിപി പാർലമെന്ററി പാർട്ടി നേതാവ് - ലോക്സഭ

  • 19 മാർച്ച് 1998 - ഏപ്രിൽ 1999: പ്രതിപക്ഷ നേതാവ്, ലോക്സഭ

  • മാർച്ച് 1998 - 99: അംഗം, പന്ത്രണ്ടാം ലോക്‌സഭ (നാലാം തവണ)

  • ഡിസംബർ 1996: കോൺഗ്രസ് (ഐ) പാർലമെന്ററി പാർട്ടി നേതാവ് - ലോക്സഭ

  • മെയ് 1996 - ഡിസംബർ 1997: അംഗം, പതിനൊന്നാം ലോക്‌സഭ (മൂന്നാം തവണ)

  • 25 മാർച്ച് 1995 - 20 മെയ് 1995: പ്രതിപക്ഷ നേതാവ്, മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ

  • 1993 - 95: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം

  • ജൂൺ 199 - 5 മാർച്ച് 1993: കേന്ദ്ര കാബിനറ്റ് മന്ത്രി- പ്രതിരോധ വകുപ്പ്

  • നവംബർ 1991- മാർച്ച് 1993: പത്താം ലോകസഭ അംഗം (രണ്ടാം ടേം)

  • 1984 - 85: അംഗം, എട്ടാം ലോക്‌സഭ (1985 മാർച്ചിൽ രാജിവച്ചു)

  • ജൂലൈ 1980 - ഓഗസ്റ്റ് 1981, ഡിസംബർ 1983 - ജനുവരി 1985, മാർച്ച് 1985 - ഡിസംബർ 1986: പ്രതിപക്ഷ നേതാവ്, മഹാരാഷ്ട്ര നിയമസഭ

  • 18 ജൂലൈ 1978 -17 ഫെബ്രുവരി 1980, 26 ജൂൺ 1988 - മാർച്ച് 1990, മാർച്ച് 1990 - 25 ജൂൺ 1991, 6 മാർച്ച് 1993 -14 മാർച്ച് 1995: മുഖ്യമന്ത്രി, മഹാരാഷ്ട്ര (നാല് തവണ)

  • 1974 - 78: കാബിനറ്റ് മന്ത്രി ( വിദ്യാഭ്യാസം, കൃഷി, വ്യവസായം, ആഭ്യന്തരം, തൊഴിൽ, യുവജനക്ഷേമം) -  മഹാരാഷ്ട്ര സർക്കാർ

  • 1972 - 74: സംസ്ഥാന മന്ത്രി

  • 1967: ജനറൽ സെക്രട്ടറി, പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി.), മഹാരാഷ്ട്ര

  • 1967 - 72, 1972 - 78, 1978 - 80, 1980 - 85, 1985 - 90, 1990 - 91: അംഗം, മഹാരാഷ്ട്ര നിയമസഭ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.