ഒരു രാജ്യവും തങ്ങളുടെ ചാരസംഘടനകളെ ചാരസംഘടന എന്ന് വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യില്ല. രഹസ്യാന്വേഷണ ഏജന്‍സി എന്ന വിളിപ്പേരായിരിക്കും അവയ്‌ക്കെല്ലാം ഔദ്യോഗികമായി ഉണ്ടാവുക. എന്നാല്‍ പലപ്പോഴും പല രാജ്യങ്ങളുടേയും ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഇത്തരം 'രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്' വലിയ പങ്കാണുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തിലെ ആദ്യത്തെ പത്ത് വമ്പന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്കെടുത്താല്‍, അതില്‍ ഇന്ത്യയുടെ റോയും ഉണ്ടാകും. എന്തിന്, നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്റെ ഐഎസ്‌ഐ വരെ അതില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏതൊക്കെയാണ് അതിശക്തരായ ആ 'ചാരസംഘടനകള്‍' എന്ന് നോക്കാം...


1. സിഐഎ


അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയാണ് സിഐഎ. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി എന്നതിന്റെ ചുരുക്കപ്പേരാണിത്. സിഐഎ എന്ന് കേട്ടാല്‍ ലോകം മുഴുവന്‍ അറിയും എന്നതാണ് വസ്തുത. 1947 ല്‍ മാത്രം രൂപീകരിച്ച ഈ ഏജന്‍സിയാണ് അമേരിക്കയെ ലോകത്തിലെ സൂപ്പര്‍ പവര്‍ എന്ന രീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് എന്ന് പറഞ്ഞാല്‍ പോലും തര്‍ക്കിക്കാന്‍ ആവില്ല. സിഐഎയ്ക്ക് വേണ്ടി ജോലി ചെയ്യുന്നവരുടെ എണ്ണമെടുത്താലും അമേരിക്കന്‍ സര്‍ക്കാര്‍ അതിനായി ചെലവഴിക്കുന്ന പണത്തിന്റെ കാര്യമെടുത്താലും ലോകത്തിലെ ഒരു ഏജന്‍സിയ്ക്കും ഇവരെ മറികടക്കാന്‍ ആവില്ല.


Read Aslo: എന്താണ് മൊസാദിന്റെ പണി? ലോകം ഭയക്കുന്ന 'ചാരസംഘടന'... വേണമെങ്കില്‍ അതും ചെയ്യും!


2. മൊസാദ്


സിഐഎയേക്കാള്‍ ഭീകരന്‍മാര്‍ എന്നാണ് പലപ്പോഴും മൊസാദ് അറിയപ്പെടുന്നത്. ഇസ്രായേലിന്റെ ചാര സംഘടനയാണിത്. സിഐഎ തുടങ്ങി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മൊസാദും രൂപീകരിച്ചിട്ടുണ്ട്. ഇസ്രായേലിലെ ഒരു നിയമവും യഥാര്‍ത്ഥത്തില്‍ ബാധകമാക്കാത്ത ഒരു ഏജന്‍സിയാണിത്. കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയ്ക്ക് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതി. മൊസാദിന് ലോകത്തിന്റെ പലഭാഗത്തായി ഏഴായിരത്തോളം സ്ഥിരം ജീവനക്കാരുണ്ട്. വലിയ ബജറ്റും പ്രതിവര്‍ഷം ഇവര്‍ക്കായി മാറ്റിവയ്ക്കുന്നു. രാഷ്ട്രീയ എതിരാളികളേയും ശത്രുക്കളേയും വധിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച കില്ലര്‍ സ്‌ക്വാഡുകള്‍ക്ക് കുപ്രസിദ്ധമാണ് മൊസാദ്.


3. റോ


ഇന്ത്യയുടെ സ്വന്തം രഹസ്യാന്വേഷണ ഏജന്‍സിയാണ് റോ. റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് എന്നതിന്റെ ചുരുക്കെഴുത്താണ് റോ. സിഐഎയേയും മൊസാദിനേയും പരിഗണിക്കുമ്പോള്‍ ഏറെ വൈകി മാത്രം തുടക്കം കുറിച്ച ഒരു ഏജന്‍സിയാണിത്. 1968 ല്‍ ആയിരുന്നു തുടക്കം. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ വിവര ശേഖരണത്തില്‍ അന്നത്തെ രഹസ്യാന്വേഷണ ഏജന്‍സി പരാജയപ്പെട്ടതാണ് റോയുടെ തുടക്കത്തിന് വഴിവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 


4. അസിസ് (ASIS)


ഓസ്‌ട്രേലിയയുടെ രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സിയാണ് എഎസ്‌ഐഎസ് എന്ന ഓസ്‌ട്രേലിയന്‍ സീക്രട്ട് ഇന്റലിജന്‍സ് സര്‍വ്വീസ്. ഓസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഒരു പുറംകൈ എന്ന നിലയിലാണ് 1952 ല്‍ ഇത് സ്ഥാപിതമാകുന്നത്. സ്ഥാപിക്കപ്പെട്ട് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മാത്രമാണ് ഇങ്ങനെ ഒരു രഹസ്യാന്വേഷണ ഏജന്‍സി ഉണ്ടെന്ന കാര്യം പോലും ഒട്ടുമിക്ക രാജ്യങ്ങളും അറിഞ്ഞത് എന്ന പ്രത്യേകതയും എഎസ്‌ഐഎസിനുണ്ട്.


5. എംഐ 6


യുകെയുടെ സീക്രട്ടറ്റ് ഇന്റലിജന്‍സ് സര്‍വ്വീസ (എസ്‌ഐഎസ്) ആണ് പൊതുവേ എംഐ6 എന്ന് അറിയപ്പെടുന്നത്. മിലിട്ടറി ഇന്റലിജന്‍സ് സെക്ഷന്‍ 6 എന്നതിന്റെ ചുരുക്കെഴുത്താണ് എംഐ6. രഹസ്യാന്വേഷണ ഏജന്‍സികളുടെ കൂട്ടത്തില്‍ ഏറ്റവും തലമുതിര്‍ന്ന ഏജന്‍സിയാണ് എംഐ6. 1909 ല്‍ ആണ് ഈ ഏജന്‍സി രൂപീകരിക്കുന്നത്, ഒന്നാം ലോക മഹായുദ്ധകാലത്ത്. പലഘട്ടങ്ങളില്‍ പല പേരുകളില്‍ ഈ ഏജന്‍സി അറിയപ്പെട്ടിട്ടുണ്ട്. എന്നാലും 1994 ല്‍ മാത്രമാണ് ഇത്തരം ഒരു ഏജന്‍സി തങ്ങള്‍ക്കുണ്ട് എന്ന് യുകെ ഔദ്യോഗികമായി അംഗീകരിക്കുന്നത്.


6. എംഎസ്എസ്


എംഎസ്എസ് എന്ന ചുരുക്കപ്പേര് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി എന്നതാണ് വിശദീകരണം. ചൈനയുടെ രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സിയാണിത്. 1983 ല്‍ ആണ് ഇത്തരം ഒരു ഏജന്‍സി നിലവില്‍ വന്നത്. രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അതി ക്രൂരമായ മാര്‍ഗ്ഗങ്ങള്‍ പോലും എംഎസ്എസ് ഉപയോഗിക്കും എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ഏജന്‍സികള്‍ക്കും ഏറിയും കുറഞ്ഞും ഒരേ സ്വഭാവ സവിശേഷതകള്‍ തന്നെയാണുള്ളത്.


7. ബിഎന്‍ഡി ഫെഡറല്‍ ഇന്റലിജന്‍സ് സര്‍വ്വീസ്


ജര്‍മനിയുടെ രഹസ്യാന്വേഷണ ഏജന്‍സിയാണ് ബിഎന്‍ഡി ഫെഡറല്‍ ഇന്റലിജന്‍സ് സര്‍വ്വീസ്. ശീതസമരകാലത്ത് സിഐഎ ആയിരുന്നു ഇത്തരം ഒരു ചാരസംഘടന ഉണ്ടാക്കാന്‍ ജര്‍മനിയെ സഹായിച്ചത് എന്നാണ് ചരിത്രം. ഒരുകാലഘട്ടത്തില്‍ ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വമ്പന്‍മാര്‍ ആയിരുന്നു ഈ ജര്‍മന്‍ ഏജന്‍സി.


8. ഡിജിഇഎസ്


ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ എക്‌സ്‌റ്റേണല്‍ സെക്യൂരിറ്റി- ഡിജിഇഎസ്- ഫ്രാന്‍സിന്റെ രഹസ്യാന്വേഷണ ഏജന്‍സിയാണ്. 1982 ല്‍ ആണ് ഇത് സ്ഥാപിക്കപ്പെടുന്നത്. ഡിജിഇഎസിന്റെ ലോഗോ പോലും പല ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇത്രയും സങ്കീര്‍ണമായ ലോഗോ ലോകത്തുള്ള മറ്റൊരു രഹസ്യാന്വേഷണ ഏജന്‍സിയ്ക്കും ഇല്ലെന്ന രീതിയില്‍ ആണ് ഇപ്പോഴും ചര്‍ച്ചകള്‍.


9. ഐഎസ്‌ഐ


ഐഎസ്‌ഐ എന്ന പേര് ഒരുമാതിപ്പെട്ട എല്ലാ ഇന്ത്യക്കാര്‍ക്കും സുപരിചിതമായിരിക്കും. പാകിസ്താന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ്. ഇന്ത്യയിലെ പല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് ചെയ്യുന്നത് ഐഎസ്‌ഐ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് പല നിര്‍ണായക വിവരങ്ങളും ചോര്‍ത്താനുള്ള ശ്രമങ്ങളും ഐഎസ്‌ഐ പലപ്പോഴും നടത്തിയിട്ടുണ്ട്. 


10. പഴയ കെജിബിയും പുതിയ എസ് വിആര്‍ ആര്‍എഫും


ഒരുകാലത്ത് ലോകത്തിലെ ഒന്നാം നമ്പര്‍ ചാരസംഘടന ആയിരുന്നു യുഎസ്എസ്ആറിന്റെ കെജിബി. 1991 ല്‍ യുഎസ്എസ്ആര്‍ നാമാവശേഷമായതിന് ശേഷം റഷ്യ സ്ഥാപിച്ച രഹസ്യാന്വേഷണ ഏജന്‍സിയാണ് ഫോറിന്‍ ഇന്റലിജന്‍സ് സര്‍വ്വീസ് ഓഫ് ദി റഷ്യന്‍ ഫെഡറേഷന്‍. റഷ്യയുടെ വിദേശകാര്യ മന്ത്രാലയത്തേക്കാള്‍ വിദേശകാര്യ നയങ്ങളില്‍ സ്വാധീനം ഈ ഏജന്‍സിയ്ക്കാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. വിദേശ രാജ്യങ്ങളിലെ ഓപ്പറേഷനുകളിലും ഇവർ പിറകിലല്ല. പലപ്പോഴും റഷ്യൻ മിലിട്ടറി ഇന്റലിജൻസുമായി ചേർന്നാണ് ഇവർ വിദേശ രാജ്യങ്ങളിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താറുള്ളത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.