Health | കരുത്തോടെയിരിക്കാൻ ഈ 11 പോഷകങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
പ്രതിരോധശേഷിയും മസ്തിഷ്ക വികാസവും പേശികളുടെ ശക്തിയും എല്ലുകളുടെ ആരോഗ്യവും ഉൾപ്പെടെയുള്ള എല്ലാ ശാരീരിക ആരോഗ്യത്തിനും പോഷക ഗുണമുള്ള ഭക്ഷണങ്ങൾ പ്രധാനമാണ്.
ആരോഗ്യകരമായ ഭക്ഷണ ശീലത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പോഷകങ്ങൾ. പ്രതിരോധശേഷിയും മസ്തിഷ്ക വികാസവും പേശികളുടെ ശക്തിയും എല്ലുകളുടെ ആരോഗ്യവും ഉൾപ്പെടെയുള്ള എല്ലാ ശാരീരിക ആരോഗ്യത്തിനും പോഷക ഗുണമുള്ള ഭക്ഷണങ്ങൾ പ്രധാനമാണ്. ന്യൂട്രീഷ്യനിസ്റ്റായ ഡോ. ഇർഫാൻ ഷെയ്ഖ് ആരോഗ്യകരമായ ജീവിതത്തിന് വേണ്ട ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു.
പ്രോട്ടീൻ: പേശികൾ, എല്ലുകൾ, ഹോർമോണുകൾ, ആൻറിബോഡികൾ തുടങ്ങി ശരീരത്തിലെ ഓരോ കോശത്തിനും പ്രോട്ടീൻ ആവശ്യമാണ്. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ കഴിക്കുന്നത് പേശികളെ വളർത്താൻ സഹായിക്കും. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ചെറുപയർ, ചീസ്, ഗ്രീക്ക് തൈര്, നിലക്കടല, ബദാം തുടങ്ങിയ ഭക്ഷണങ്ങളും പ്രോട്ടീൻ വർധിപ്പിക്കാൻ സഹായിക്കുന്നു. പാലുൽപ്പന്നങ്ങളും പ്രോട്ടീൻ പ്രധാനം ചെയ്യുന്നു.
DHA ഒമേഗ-3: പ്രധാനമായും സമുദ്രോത്പന്നങ്ങളിൽ കാണപ്പെടുന്ന ഈ കൊഴുപ്പ്, നമ്മുടെ തലച്ചോറിനെ പോഷിപ്പിക്കുകയും കാഴ്ചശക്തി മികച്ചതാക്കുകയും ചെയ്യുന്നു. ഒമേഗ 3 യുടെ മികച്ച സ്രോതസ്സാണ് കൊഴുപ്പുള്ള മത്സ്യം. ഒമേഗ 3 അടങ്ങിയ പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ എന്നിവ പോലെയുള്ള സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ഒമേഗ 3 ലഭിക്കും.
കോളിൻ: നമ്മുടെ തലച്ചോറും നാഡീവ്യവസ്ഥയും ഓർമ്മ, മാനസികാവസ്ഥ, പേശി നിയന്ത്രണം എന്നിവയ്ക്കായി കോളിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ നമ്മളിൽ ഭൂരിഭാഗവും ഇത് വേണ്ടത്ര കഴിക്കുന്നില്ല. കുട്ടിയുടെ വളർച്ചയെ സഹായിക്കാൻ ഗർഭിണികൾ കോളിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതാണ്. കോളിന്റെ പ്രധാന സ്രോതസ്സുകൾ മാംസം, കോഴി, മത്സ്യം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ തുടങ്ങിയ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളാണ്.
കാത്സ്യം: ശരീരത്തിലെ കാത്സ്യത്തിന്റെ 99 ശതമാനവും എല്ലുകളിലും പല്ലുകളിലും ആണ് ഉപയോഗിക്കപ്പെടുന്നത്. കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നിർണായകമാണ്. കാത്സ്യം പേശികളുടെ സങ്കോചത്തിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു. നമ്മുടെ തലച്ചോറിനെയും നാഡികളെയും പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്നു. പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ കാത്സ്യം സമ്പുഷ്ടമായ ഭക്ഷണ സ്രോതസ്സുകളാണ്. ഇതിനുപുറമെ ടോഫു, ഇലക്കറികൾ, ബീൻസ് എന്നിവയും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വിറ്റാമിൻ ഡി: ഈ മൾട്ടിടാസ്‌കിംഗ് പോഷകം നമ്മുടെ ശരീരത്തെ കാത്സ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. നമുക്ക് സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡി ലഭിക്കും. അത് 'സൺഷൈൻ വിറ്റാമിൻ' എന്ന് അറിയപ്പെടുന്നു. കൊഴുപ്പുള്ള മത്സ്യം, മത്സ്യ കരൾ എണ്ണകൾ, മുട്ടയുടെ മഞ്ഞക്കരു, ഓറഞ്ച് ജ്യൂസ്, ചീസ് എന്നിവയാണ് വിറ്റാമിൻ ഡി ലഭിക്കാൻ കഴിക്കാവുന്ന ഭക്ഷണങ്ങൾ.
സിങ്ക്: രോഗപ്രതിരോധ കോശങ്ങളെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുകയും മുറിവ് ഉണക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരിയായ വളർച്ചയ്ക്കും വികാസത്തിനും സിങ്ക് പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടിക്കാലം, കൗമാരം, ഗർഭാവസ്ഥ എന്നിവയിൽ. മാംസം സിങ്കിന്റെ മികച്ച ഉറവിടമാണ്, പ്രത്യേകിച്ച് ചുവന്ന മാംസം. സസ്യഭുക്കുകൾക്ക്, ചെറുപയർ, പയർ, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങളിൽ ഗണ്യമായ അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്.
സെലിനിയം: ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സെലിനിയം ഒരു ആന്റിഓക്‌സിഡന്റ് പോഷകമായി പ്രവർത്തിക്കുന്നു. ഈ ധാതു പ്രത്യുൽപാദനത്തിനും ശരിയായ തൈറോയ്ഡ് പ്രവർത്തനത്തിനും പ്രധാനമാണ്. പാലിലും തൈരിലും ഓരോ കപ്പിലും ഏകദേശം 8 എംസിജി സെലിനിയം അല്ലെങ്കിൽ നിങ്ങളുടെ ദൈനംദിന ആവശ്യത്തിന്റെ 11 ശതമാനം അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ, വാഴപ്പഴം, കശുവണ്ടി, പയർ, ചീര എന്നിവയിലും സെലിനിയം അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ എ: "ആന്റി-ഇൻഫെക്റ്റീവ് വിറ്റാമിൻ" എന്നറിയപ്പെടുന്ന ഈ പോഷകം ചർമ്മം, വായ, ആമാശയം, ശ്വാസകോശം എന്നിവയെ ആരോഗ്യകരമായി നിലനിർത്തുന്നു. അണുബാധയെ ചെറുക്കാനും വിറ്റാമിൻ എയ്ക്ക് സാധിക്കും. മികച്ച കാഴ്ചശക്തിക്കും വിറ്റാമിൻ എ പ്രധാനമാണ്. മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, ചീര എന്നിവയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ഇ: ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കുകയും ആരോഗ്യകരമായ രോഗപ്രതിരോധ പ്രതികരണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മിക്ക ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു സാധാരണ പോഷകമാണ് വിറ്റാമിൻ ഇ. പാചക എണ്ണകൾ, വിത്തുകൾ, പരിപ്പ് എന്നിവയുൾപ്പെടെയുള്ള ചില ഭക്ഷണങ്ങൾ വിറ്റാമിൻ ഇയുടെ സമ്പന്നമായ ഉറവിടങ്ങളാണ്.
വിറ്റാമിൻ സി: കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. സസ്യഭക്ഷണങ്ങളിൽ നിന്ന് കൂടുതൽ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നതിലൂടെ വിളർച്ചയിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. ഓറഞ്ച് വിറ്റാമിൻ സിയുടെ ഉറവിടത്തിന് മികച്ചതാണ്. കിവി, സ്ട്രോബെറി, ബ്രൊക്കോളി, തക്കാളി, കോളിഫ്ലവർ എന്നിവയിലും വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും: ദ്രാവകങ്ങൾ സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുന്നു, കോശങ്ങളെയും ടിഷ്യുകളെയും ആരോഗ്യകരമായി നിലനിർത്തുന്നു. മാലിന്യ ഉൽപന്നങ്ങൾ നീക്കം ചെയ്യുകയും ശരീര താപനില നിയന്ത്രിക്കുകയും ചെയ്യുന്നതിനും ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും സഹായിക്കുന്നു. ഇലക്കറിയായ ചീര, വാഴപ്പഴം, പ്ലം, ഉണങ്ങിയ ആപ്രിക്കോട്ട് തുടങ്ങിയ പഴങ്ങൾ മികച്ചതാണ്. ഇതുകൂടാതെ, ബീൻസ്, പയർ, പരിപ്പ് എന്നിവയിലും ഗണ്യമായ അളവിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...