കോവിഡ് മഹാമാരിയിൽ നിന്ന് ലോകം കരകയറുന്നതിനിടെ ആരോ​ഗ്യരം​ഗത്തിന് വെല്ലുവിളി ഉയർത്തി കുട്ടികളിൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വർധിക്കുന്നു. യുകെയിൽ കുട്ടികളിൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ കരൾ വീക്കത്തിന്റെ വർധനവ് ഉണ്ടായതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൂടുതലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികൾക്കിടയിലെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് അവസ്ഥ 21 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും 348 കേസുകൾ നിലനിൽക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. “ഇന്ന് വരെ, 21 രാജ്യങ്ങളിലായി 348 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 26 കുട്ടികൾക്ക് കരൾ മാറ്റിവയ്ക്കൽ ആവശ്യമാണ്,” എന്ന് ഡബ്ല്യുഎച്ച്ഒ പ്രസ്താവനയിൽ പറഞ്ഞു. യുകെയിലാണ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഏപ്രിലിൽ യുഎസിൽ അഞ്ച് കുട്ടികളും ഇന്തോനേഷ്യയിൽ മൂന്ന് കുട്ടികളും കരൾ അണുബാധയെ തുടർന്ന് മരിച്ചു. ഏകദേശം 26 കുട്ടികൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായി.


ഹെപ്പറ്റൈറ്റിസ്, അല്ലെങ്കിൽ കരൾ വീക്കത്തിന്റെ ലക്ഷണങ്ങൾ


-പനി
-ക്ഷീണം
-വിശപ്പില്ലായ്മ
-ഓക്കാനം
-ഛർദ്ദി
-വയറുവേദന
-മൂത്രം ഇരുണ്ട നിറത്തിൽ കാണപ്പെടുക
-സന്ധി വേദന
-മഞ്ഞപ്പിത്തം


കുട്ടികളിലെ അക്യൂട്ട് ഹെപ്പറ്റൈറ്റിസിന് കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, അഡെനോവൈറസ് ആണെന്നാണ് പ്രധാനമായും സംശയിക്കപ്പെടുന്നത്. ജലദോഷം പോലുള്ള ലക്ഷണങ്ങൾ, പനി, തൊണ്ടവേദന, കുടൽ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നവയാണ് അഡെനോവൈറസ്. അടുത്തിടെ പരിശോധിച്ച ജുവനൈൽ ഹെപ്പറ്റൈറ്റിസ് കേസുകളിൽ 75 ശതമാനത്തിലും അഡെനോവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നു.


അക്യൂട്ട് ഹെപ്പറ്റൈറ്റിസ് സാധാരണ ഹെപ്പറ്റൈറ്റിസിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?


എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് വൈറസുകൾ പ്രധാനമായും അഞ്ചു തരമുണ്ട്. ഈ അഞ്ച് തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് വൈറസുകളിലൊന്നാണ് അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ്. അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച മിക്ക ആളുകളിലും വീക്കം പെട്ടെന്ന് ആരംഭിക്കുകയും ഏതാനും ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുകയും ചെയ്യുന്നു. അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ് ലോകമെമ്പാടും സാധാരണമാണ്. അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസിന്റെ മിക്ക കേസുകളും സ്വയം പരിഹരിക്കപ്പെടുന്നതാണ്. എന്നാൽ ചിലത് വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ആയി തുടരുന്നു.


അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?


പകർച്ചപ്പനിയുടെ ലക്ഷണങ്ങളാണ് പൊതുവേ തുടക്കത്തിൽ കാണുക. മഞ്ഞപ്പിത്തം (ചർമ്മവും കണ്ണുകളുടെ വെള്ളയും മഞ്ഞ നിറത്തിലാകുക), പനി, ക്ഷീണം, ഇരുണ്ടനിറമുള്ള മൂത്രം, ഛർദ്ദി എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഈ വൈറസ് ബാധ ചിലപ്പോൾ വലിയ  തീവ്രതയില്ലാത്തതാകാം. അപൂർവ്വമായി ഈ വൈറസ് ബാധ, കരളിന്റെ പ്രവർത്തന തകരാറിലേക്കും മരണത്തിലേക്കും നയിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.