African Swine Fever: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും
African Swine Fever: പന്നികളെ സംസ്ഥാനത്ത് നിന്ന് കയറ്റി അയയ്ക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി.
വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും കൊന്നൊടുക്കാൻ മൃഗ സംരക്ഷണ വകുപ്പിന്റെ തീരുമാനം. പന്നിപ്പനി കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളാണുള്ളത്. ഇവയെ രണ്ട് ദിവസത്തിനുള്ളിൽ കൊന്നൊടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക. പന്നികളെ കൊന്നൊടുക്കുന്നതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ 10 കിലോമീറ്റർ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചു. പന്നിഫാമുകളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പന്നികളെ സംസ്ഥാനത്ത് നിന്ന് കയറ്റി അയയ്ക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി.
രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഫാമുകളിൽ നിന്ന് പന്നിമാംസം വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്. പന്നിപ്പനിക്ക് ഫലപ്രദമായ ചികിത്സയോ വാക്സിനോ നിലവിലില്ല. വൈറസ് രോഗമായതിനാൽ പെട്ടെന്ന് പടരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. വളർത്തു പന്നികളിൽ വളരെ ഗുരുതരമാകുന്ന പകർച്ചവ്യാധിയും വൈറൽ രോഗവുമാണ് ആഫ്രിക്കൻ പന്നിപ്പനിയെന്നാണ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) വ്യക്തമാക്കുന്നത്. 1921-ൽ കെനിയയിലും കിഴക്കൻ ആഫ്രിക്കയിലും തുടർന്ന് ദക്ഷിണാഫ്രിക്കയിലും അംഗോളയിലും ആണ് പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വയനാട്ടിൽ രണ്ടിടത്ത് ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ട, മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരില്ല
വയനാട്: വയനാട്ടിൽ രണ്ടിടത്ത് ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ചു. മാനന്തവാടി മുനിസിപാലിറ്റി പരിധിയിലെയും തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലേയും സ്വകാര്യ ഫാമുകളിലാണ് പന്നികള്‍ക്കു ആഫ്രിക്കൻ പന്നിപനി രോഗം ബാധിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത്.
വളർത്തു പന്നികളെ മാത്രം ബാധിക്കുന്ന ആഫ്രിക്കൻ പന്നിപനിയാണ് വയനാട്ടിൽ സ്ഥിരീകരിച്ചത്. തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലെ ഫാമിലും മാനന്തവാടി നഗരസഭയിലെ കണിയാരം കുറ്റിയാം വയലിലെ പന്നിഫാമിലുമാണ് ആഫ്രിക്കൻ പന്നിപനിമൂലമാണ് പന്നികൾ ചത്തത് എന്ന് സ്ഥീരീകരിച്ചത്.
ആഴ്ച്കൾക്ക് മുൻപ് തവിഞ്ഞാലിലെ ഫാമിൽ പന്നികള്‍ ചത്തിരുന്നെങ്കിലും രോഗകാരണം സ്ഥിരീകരിച്ചിരുന്നില്ല. ഒരാഴ്ച്ച മുൻപ് മാനന്തവാടി കണിയാരത്തെ ഫാമിൽ സമാന ലക്ഷണങ്ങളിൽ പന്നി ചത്തതോടെ സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.
ഇവിടുത്തെ പരിശോധനയിലാണ് പന്നിപനിയാണെന്ന് സ്ഥിരീകരണമുണ്ടായത്. എന്നാൽ മനുഷ്യരിലേക്കോ മൃഗങ്ങളിലേക്കോ വൈറസ് വ്യാപനം ഉണ്ടാവില്ലെന്നും അത്തരം ആശങ്കയ്ക്ക് വകയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ തുടങ്ങി.
തിരുവനന്തപുരത്തുനിന്നു ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡോ.മിനി ജോസ് മാനന്തവാടിയില്‍ എത്തിയിരുന്നു. ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാൻ അധികൃതർ കർശന നടപടികളാരംഭിച്ചു. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കാനും ഫാമുകൾ അണുവിമുക്തമാക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.സംസ്ഥാനത്തെ മുഴുവൻ പന്നിഫാമുകൾക്കും ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...