തിരുവനന്തപുരം: നഗര തിരക്കിൽ നിന്ന് മാറി നിന്ന് വൈകുന്നേരങ്ങൾ ചിലവഴിക്കാൻ പറ്റിയ ഒരിടം അന്വേഷിച്ച് നടന്നപ്പോൾ ആണ് മടവൂർപ്പാറ എന്ന പേര് കേൾക്കുന്നത്.തിരുവനന്തപുരം നഗരത്തിൽ ചെമ്പഴന്തിക്കടുത്ത് ചെങ്കോട്ടുകോണത്താണ് മടവൂര്‍പാറ സ്ഥിതിച്ചെയ്യുന്നത്.സമുദ്രനിരപ്പിന് മുകളില്‍ ഏകദേശം മൂന്നൂറ് അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മടവൂര്‍ പാറയ്ക്ക് അടുത്തായി എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന പ്രാചീന ഗുഹാക്ഷേത്രമുണ്ട്.ഈ ക്ഷേത്രവും പരിസരങ്ങളും 1960 മുതല്‍ പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ്. എങ്കിലും ചെങ്കോട്ടുകോണം ആശ്രമത്തിന്റെ ചുമതലയിലാണ് ക്ഷേത്രകാര്യങ്ങള്‍ ഒക്കെ നടക്കുന്നത്.ക്ഷേത്ര ചുവരുകളിൽ അതിപ്രാചീനമായ വട്ടെഴുത്ത് ലിപി ആലേഖനം ചെയ്തിട്ടുണ്ട്. 



ഇത്തരം ക്ഷേത്രങ്ങള്‍ കേരളത്തില്‍ അപൂര്‍വ്വമാണ്. മഠവൂര്‍ പാറയിലെ ഗുഹാക്ഷേത്രം ഒഡീഷയിലെ ഖണ്ഡഗിരി- ഉദയഗിരി ജൈന ഗുഹാക്ഷേത്രങ്ങളോട് താരതമ്യപ്പെടുത്താവുന്നതും സമാനതകളുള്ളതുമാണ്.ക്ഷേത്രത്തിലുള്ള വിഗ്രഹങ്ങളും തൂണുകളുമൊക്കെ പൂര്‍ണമായും മടവൂര്‍ പാറയിലെ ശിലകള്‍ തന്നെ ഉപയോഗിച്ച് (പാറ തുരന്ന്) നിര്‍മ്മിച്ചവയാണ്. 


ശ്രീകോവില്‍, ഉള്ളിലെ പീഠം, ശിവലിംഗം, ക്ഷേത്രത്തിന്റെ തൂണുകള്‍, വശങ്ങളിലുള്ള സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ എല്ലാം ഈ പാറ തുരന്നുണ്ടാക്കിയതാണ്.സമുദ്രനിരപ്പിന് മുകളില്‍ ഏകദേശം മൂന്നൂറ് അടി ഉയരത്തിലാണ് മടവൂർപ്പാറ സ്ഥിതിചെയ്യുന്നത്. പാറയും ക്ഷേത്രപരിസരങ്ങളും 18 ഏക്കറോളം വ്യാപിച്ചുകിടക്കുന്നു.



റോഡിൽ നിന്ന് ചെറിയ വഴി കുറച്ച് ഉള്ളിലേക്ക് നടന്നാൽ കുത്തനെയുള്ള പാറയിലൂടെ മുകളിലേക്ക് കയറണം,അൽപ്പം സാഹസികമായതാണ് പാറയിലൂടെയുള്ള കയറ്റം.മഴയുള്ള സമയങ്ങളിൽ വഴുതാനും സാധ്യതയുണ്ട്.പകുതി ദൂരം മുകളിൽ എത്തിയാൽ പിന്നെ ടൈൽസ് വിരിച്ച നടപാതയും വിശ്രമ കേന്ദ്രങ്ങളും ഉണ്ട്.വീണ്ടും മുകളിലേക്ക നടന്നാൽ പാറയ്ക്ക് മുകളിലൂടെയുള്ള 110 മീറ്റര്‍ നീളമുള്ള മുള കൊണ്ടുള്ള പാലം കാണാം സഞ്ചാരികളെ ആകർഷിക്കുന്ന നിർമ്മിതിയാണ് മുളപാലം.


പാറയോട് ചേര്‍ന്നുള്ള ജലാശയത്തില്‍ ബോട്ടിംഗ് സൗകര്യം, ഒപ്പം മറ്റൊരു ചെറിയൊരു ജലാശയത്തില്‍ കുട്ടവഞ്ചി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര സജ്ജീകരണങ്ങള്‍ ഒക്കെയുണ്ടെങ്കിലും അവയൊക്കെ ഇപ്പോൾ പ്രവർത്തന സജ്ജം ആണോ എന്ന കാര്യം സംശയമാണ്.പാലത്തിലൂടെ വീണ്ടും മുകളിലേക്ക് പോകുമ്പോൾ പാറയുടെ ഏറ്റവും ഉയരത്തിൽ നമുക്ക് എത്താം.



അവിടെ നിന്നാൽ അറബിക്കടലിന്‍റെ വിദൂര ദ‍ൃശ്യവും കാണാം.മേഘങ്ങൾ ആകാശത്ത് കോട്ട കെട്ടിയില്ല എങ്കിൽ അതിമനോഹരമായ സൂര്യാസ്തമനവും കാണാൻ സാധിക്കും.തിരുവനന്തപുരം നഗരം, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം മടവൂര്‍ പാറയിലേക്കുള്ള ദൂരം പതിനെട്ട് കിലോമീറ്ററില്‍ താഴെയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.