രക്തസമ്മർദ്ദം കുറയ്ക്കാൻ ആയുർവേദത്തിലെ വഴികൾ
മുരിങ്ങയില, നെല്ലിക്ക, അശ്വഗന്ധ, വെളുത്തുള്ളി, തേന്‍, കരിക്ക് എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും
ബ്ലഡ് പ്രഷർ അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും വരെ കാരണമാകാറുണ്ട്. മുൻപ് പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിലും ബിപി സാധാരണയായി കണ്ടുവരുന്നുണ്ട്. അലോപ്പതിയിലും ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും രക്തസമ്മര്‍ദ്ദത്തിനായി വിവിധ ചികിത്സാ രീതികൾ നിലവിലുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആയുര്‍വേദത്തില്‍ വിവിധ ഭക്ഷ്യവസ്തുക്കൾ നിർദേശിക്കുന്നുണ്ട്. മുരിങ്ങയില, നെല്ലിക്ക, അശ്വഗന്ധ, വെളുത്തുള്ളി, തേന്‍, കരിക്ക് എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
മുരിങ്ങയും മുരിങ്ങയിലയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്. മുരിങ്ങക്കായ കറികളില്‍ ഇട്ടും അല്ലാതെ പാചകം ചെയ്തും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മുരിങ്ങയില ഉപയോഗിച്ച് സൂപ്പുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. രക്തസമ്മർദ്ദം കുറയാൻ മാത്രമല്ല, കണ്ണുകളുടെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും മുരിങ്ങയില മികച്ചതാണ്.
നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് നെല്ലിക്ക. രാവിലെ വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. നെല്ലിക്ക വെറുതേ കഴിക്കുകയോ കറിവച്ചോ ലേഹ്യം ഉണ്ടാക്കിയോ കഴിക്കുന്നതും നല്ലതാണ്. നെല്ലിക്കയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിക്കും ചർമ്മത്തിനും നല്ലതാണ്.
ALSO READ: പിസിഒഎസ് നിയന്ത്രിക്കാം ജീവിതശൈലിയിൽ വരുത്തുന്ന ഈ മാറ്റങ്ങളിലൂടെ
ആയുര്‍വേദത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അശ്വഗന്ധ. അശ്വഗന്ധ പൊടി വെള്ളത്തില്‍ ചാലിച്ച് രാവിലെ കുടിക്കുന്നതും അല്ലെങ്കില്‍ ഇതിന്റെ ടാബ്‌ലറ്റ് കഴിക്കുന്നതും രക്തസമ്മർദ്ദമുള്ളവർക്ക് നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അശ്വഗന്ധ സഹായിക്കും. രാവിലെ വെറും വയറ്റില്‍ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും കോളസ്‌ട്രോളും കുറയ്ക്കുന്നതിന് സഹായിക്കും. വെളുത്തുള്ളി ചതച്ചിട്ട വെള്ളം കുടിക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്.
രാവിലെ വെറും വയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ രണ്ടു മൂന്ന് ടീസ്പൂണ്‍ തേൻ ചേര്‍ത്ത് കഴിക്കുന്നത് രക്തസമ്മർദ്ദമുള്ളവർക്ക് ഗുണം ചെയ്യും. തേന്‍ രക്തധമനികളെ ശാന്തമാക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും അലര്‍ജി ഉൾപ്പെടെയുള്ള രോഗങ്ങൾക്കും തേന്‍ വളരെ നല്ലതാണ്. കരിക്കിൻ വെള്ളം ദിവസവും കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയാതെ നിലനിര്‍ത്തുന്നതിനും നിര്‍ജലീകരണം തടയുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും കരിക്കും കരിക്കിൻ വെള്ളവും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...