പ്രകൃതിയുടെ കാന്തിക ശക്തിയായി ത്രികോടേശ്വര ക്ഷേത്രം;മലയാളികൾക്ക് അധികം അറിയാത്ത സ്ഥലം
മുകളിൽ എത്തിയപ്പോൾ വെയിലിന്റെ കാഠിന്യം വർദ്ധിച്ചു.ക്ഷേത്രം സ്ഥിതിചെയ്യുന്ന ത്രികൂട കുന്നുകൾ ഏത് ദിശയിലും 3 കൊടുമുടികളോടെ കാണപ്പെടുന്നു
മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കാൻ യാത്രകൾ അനിവാര്യമാണ്.അതും അധികം തിരക്കൊന്നുമില്ലാത്ത പ്രകൃതി ഭംഗിയേറിയ അമ്പലങ്ങളോടാണ് പ്രിയം കൂടുതൽ.അങ്ങനെ ഒരു സ്ഥലം ഞാൻ ഗൂഗിളിൽ അടക്കം തപ്പി കണ്ടെത്തി,അതാണ് ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിലെ പൽനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോടപ്പകോണ്ട ത്രികോടേശ്വര ശിവക്ഷേത്രം. സെപ്റ്റംബർ മാസം 27 ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് സെക്കന്തരാബാദ് വരെ പോകുന്ന ശബരി എക്സ്പ്രസിൽ ത്രീ ടയർ എസിയിലാണ് യാത്ര ആരംഭിച്ചത്.
രാവിലെ മുതൽ കേരള നാടിൻറെ പച്ചപ്പും നദികളും കായൽ കാഴ്ചകളും ആസ്വദിച്ചാണ് യാത്ര.എസി കംമ്പാർട്ട്മെന്റിലെ തണുപ്പ് ചില സമയത്ത് അസഹ്യമാണ്,അതിനാൽ ഒരുപാട് ചായയും കാപ്പിയും ശരീരത്തെ ചൂടാക്കി നിലനിർത്താൻ ആവശ്യമായി വന്നു.ഉച്ചയ്ക്ക് എതാണ്ട് 2 മണിയോടുക്കൂടി ട്രെയിൻ ഷോർണൂരിലെത്തി.അവിടെ നിന്ന് എഞ്ചിൻ മാറ്റി പുറകിൽ സ്ഥാപിച്ചാണ് ഇനി പാലക്കാടൻ മണ്ണിലേക്കും തമിഴ്നാടിലേക്കുമുള്ള യാത്ര.
ALSO READ: Optical Illusion: 11 സെക്കൻഡിനുള്ളിൽ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ കഴിയുമോ?
വീട്ടിൽ നിന്നും അമ്മയുടെ സ്നേഹം മണക്കുന്ന പൊതിച്ചോറും ആ സമയത്ത് അകത്താക്കി.പാലക്കാടിന്റെ ഗ്രാമ ഭംഗിയും നെൽ വയലുകളും ഏതൊരു മലയാളിയുടെ ഉള്ളിലും ഗൃഹാതുരത്വം ഉണരർത്തുന്ന കാഴ്ചകളാണ്.വാളയാർ മുതൽ സഹ്യപർവ്വതനിരകൾക്ക് നടുവിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്.ആ കാഴ്ച അവര്‍ണ്ണനീയം തന്നെയാണ്,മണിരത്നം സിനിമയുടെ ഫ്രെയിം പോലെ എല്ലാം ഞാൻ ആസ്വദിച്ചു.
7 മണിയോടെ ഈറോഡ് എത്തി,ഇനി കാഴ്ചകൾ പരിമിതമാണ്,അത്താഴം കഴിച്ച് ഞാൻ ഉറങ്ങാനുള്ള മൂഡിലെത്തി,ഹെഡ് സെറ്റ് വെച്ചു, കാതിൽ വിദ്യാസാഗർ എന്ന മാന്ത്രികന്റെ ഗാനങ്ങൾ നിദ്ര അതിവേഗം എന്നെ കീഴ്പ്പെടുത്തി.പിറ്റേ ദിവസം രാവിലെ ഞാൻ കണ്ണ് തുറന്നത് തന്നെ ഉച്ചത്തിലുള്ള ചായ്...ചായ്.. വിളിക്കേട്ടാണ്.ശബരി എക്സ്പ്രസ് കൂകി പാഞ്ഞ് സ്വർണ നെല്ല് വിളയുന്ന ആന്ത്രയുടെ ഫലഭൂയിഷ്ടമായ മണ്ണിലേക്ക് എത്തി.8 മണിക്ക് തന്നെ എനിക്ക് ഇറങ്ങേണ്ട പിടിഗുരാല സ്റ്റേഷനിൽ എത്തും.ഫ്രെഷ് ആവുന്നത് റൂമിൽ ചെന്നിട്ടാകാം എന്ന് തീരുമാനിച്ചു.
കൃത്യ സമയം പാലിച്ച് ശബരി എക്സ്പ്രസ് സ്റ്റേഷനിൽ എത്തി.റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ അടുത്തുള്ള ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരിന്നു.വളരെ വേഗം ഫ്രെഷായി പ്രാതൽ കഴിക്കാൻ ഇറങ്ങി.ടിപ്പിക്കൽ ആന്ത്ര സ്റ്റൈൽ ദോശയും കടല ചമ്മന്തിയും തക്കാളി ചമ്മന്തിയും അകത്താക്കി,ഗംഭീരം തന്നെയാണ്.ഇനിയുള്ള ലക്ഷ്യം മലയാളികൾക്ക് തീരെ പരിചയം ഇല്ലാത്ത കോടപ്പകോണ്ട ത്രികോടേശ്വര ക്ഷേത്രത്തിലേക്കാണ്.ലക്ഷ്യ സ്ഥാനത്തേക്ക് പിടിഗുരാലയിൽ നിന്ന് ബസ് സർവീസ് കുറവാണ്.അതിനാൽ ഷെയർ ടാക്സിയിൽ ആക്കി യാത്ര,കൂടെ തീര്‍ത്തും അപരിചിതരായ 6 യാത്രക്കാർ,അതിൽ ഞാൻ ഉൾപ്പെടെ 3 പേർ കോടപ്പകോണ്ട ക്ഷേത്രത്തിലേക്കാണ്.
ALSO READ: World Heart Day 2022: ലോക ഹൃദയ ദിനം; ലോക ഹൃദയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
പിടിഗുരാലയിൽ നിന്ന് ഏതാണ്ട് 65 കിലോമീറ്ററാണ് ദൂരം,എന്നാൽ അതിവിശാലമായ 6 വരി ഹൈവേയിലൂടെ 1 മണിക്കൂറ്‍ കൊണ്ട് എത്താമെന്ന് ഗൂഗിൾ പറഞ്ഞു.വീണ്ടും യാത്ര ഹൈവേയിലൂടെ കാർ പാഞ്ഞു.ഹൈവേയുടെ ഇരു വശങ്ങളിലും കര്‍ഷകരുടെ അധ്വാനത്തിന്റെ നേർചിത്രമായ ഏക്കറുക്കണക്കിന് നെൽപാടങ്ങൾ,ഇവിടെ വിളയുന്ന നെല്ലാണ് നമ്മൾ മലയാളികളുടെ തീൻമേശയിൽ എത്തുന്നത്.
കാർ നാസ്രോപേട്ട എന്ന പട്ടണം കഴിഞ്ഞാണ് കോടപ്പകോണ്ട,ഒരു മണിക്കൂർ സമയം കൊണ്ട് ക്ഷേത്രം സ്ഥിതിചെയ്യുന്ന ത്രികുട കുന്നിന്റെ താഴാവാരത്തിലെത്തി,അവിടെ ചെറിയ ഒരു തുക പ്രവേശന ഫീസ് എടുത്ത് വീണ്ടും മുകളിലേക്ക്,പോകുന്ന വഴിയും മനോഹരമാണ് ഒരു വശത്ത് പച്ചപട്ട് വിരിച്ചത് പോലെ പാഠശേഖരങ്ങളും മറുവശത്ത് ത്രികുതയുടെ പച്ചപ്പും.
ഏതാണ്ട് അരമണിക്കൂറുകൊണ്ട് മുകളിൽ എത്തി,മുകളിൽ എത്തിയപ്പോൾ വെയിലിന്റെ കാഠിന്യം വർദ്ധിച്ചു.ക്ഷേത്രം സ്ഥിതിചെയ്യുന്ന ത്രികൂട കുന്നുകൾ ഏത് ദിശയിലും 3 കൊടുമുടികളോടെ കാണപ്പെടുന്നു, അതിനാൽ ഇതിനെ ത്രികൂടാദ്രി, ത്രികൂട പർവ്വതം എന്നും വിളിക്കുന്നു. ബ്രഹ്മ പർവ്വതം, വിഷ്ണു പർവ്വതം, രുദ്ര പർവ്വതം എന്നിവയാണ് മൂന്ന് കുന്നുകൾ. ഈ 3 കുന്നുകൾ ഏത് ദിശയിൽ നിന്നും ദൂരെ നിന്ന് വ്യക്തമായി കാണാം.
ബ്രഹ്മ ശിഖരത്തിലാണ് പ്രധാന ക്ഷേത്രമായ ത്രികോടേശ്വര സ്വാമി ക്ഷേത്രം ഇവിടെയാണ്.ഞാൻ ക്ഷേത്രത്തിലേക്ക് നടന്നു,ഒരു ചെറിയ കയറ്റം കയറി എത്തുന്നത് 30 അടി ഉയരമുള്ള ശിവലിംഗത്തിന് സമീപമാണ്.അവിടെ നിന്നുള്ള കാഴ്ച അതിഗംഭീരം.ധാരാളം വാനരന്മാർ ഉണ്ട്,അക്രമകാരികൾ അല്ലെങ്കിലും ഭക്തരുടെ കയ്യിഷൽ നിന്ന് പ്രസാദമൊക്കെ ചില വിരുതന്മാർ തട്ടിപറിക്കുന്നുണ്ട്,ത്രികോടേശ്വര ക്ഷേത്രത്തിലേക്ക് എത്തി.അകത്ത് ക്യാമറക്കും ഫോട്ടോഗ്രാഫിക്കും വിലക്കുണ്ട്.
Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ
സമാധാനപരമായ അന്തരീക്ഷമാണ് എവിടെയും,കൂടെ പ്രകൃതിയുടെ മായക്കാഴ്ചകളും,ഞാൻ ആഗ്രഹിച്ചത് എന്തായാലും ലഭിച്ചു.പ്രധാന ക്ഷേത്രം സ്ഥിതി ചെയ്യുന്ന ബ്രഹ്മ ശിഖരത്തിനടുത്താണ് രുദ്ര ശിഖരം പഴയ കോട്ടയ്യ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ത്രികോടേശ്വര സ്വാമിയുടെ മൂലസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം ഇതാണെന്നാണ് വിശ്വാസം.അടുത്ത കുന്ന് വിഷ്ണു ശിഖരമാണ് പാപനാശേശ്വര ക്ഷേത്രം ഇവിടെയുണ്ട്. മഹാവിഷ്ണു ശിവന് വേണ്ടി തപസ്സു ചെയ്തു എന്നാണ് വിശ്വാസം. "പാപനാശ തീർത്ഥ" എന്ന ഒരു കുളവും ഇവിടെയുണ്ട്.എല്ലാ കാഴ്ചകളും ആവോളം ആസ്വദിച്ച് വൈകുന്നേരത്തോടെ മലയിറങ്ങി.എന്നാൽ ഇനിയും ഇവിടെ എത്തണം എന്ന ആഗ്രഹം കൂടി കൂടി വന്നു,എതോ ഒരു കാന്തിക ശക്തി ആകർഷിക്കുന്നത് പോലെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...