Climate Change Diseases: കേരളത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനവും കാരണമെന്ന് ട്രിമ കോണ്‍ഫറന്‍സ്
Trima Conference: പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകളും കേരളത്തിലെ ആരോഗ്യരംഗത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ ഇപ്പോഴത്തെ പല ആരോഗ്യപ്രശ്നങ്ങളുടെയും തീവ്രതയുടെ കാരണങ്ങളിലൊന്ന് കാലാവസ്ഥാവ്യതിയാനമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍. ട്രിവാൻഡ്രം മാനേജ്‌മെൻ്റ് അസോസിയേഷന്റെ (ട്രിമ) വാർഷിക പരിപാടിയിൽ "ഏകാരോഗ്യവും കേരളവും" എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ഇ ശ്രീകുമാര്‍.
വര്‍ധിച്ച ചൂട്, ജലക്ഷാമം, ഭക്ഷ്യലഭ്യതയിലെ പ്രശ്നങ്ങള്‍, സമയംതെറ്റി പെയ്യുന്ന മഴയും പ്രളയവുമൊക്കെ ജലജന്യരോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ തീവ്രതയ്ക്ക് കാരണമായിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകളും കേരളത്തിലെ ആരോഗ്യരംഗത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
പലതരത്തിലുള്ള പകര്‍ച്ചവ്യാധികളുടേയും പ്രഭവസ്ഥാനമാണ് പശ്ചിമഘട്ടം. രോഗനിരീക്ഷണം, നേരത്തെയുള്ള രോഗനിർണയം, ഫലപ്രദമായ വാക്സിനേഷൻ, മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയൽ എന്നിവയിലൂടെ മാത്രമേ ഈ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഡോ. ശ്രീകുമാര്‍ പറഞ്ഞു. കരിമ്പനി (ലീഷ്മാനിയാസിസ്), കുരങ്ങ് പനി (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്), മലേറിയ തുടങ്ങിയ രോഗങ്ങള്‍ ആദിവാസികളും കുടിയേറ്റ തൊഴിലാളികളും പോലുള്ള ദുര്‍ബല വിഭാഗങ്ങളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും മഞ്ചേരി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ അഡീഷണൽ പ്രൊഫസർ ഡോ. ടി.എസ് അനീഷ് ചൂണ്ടിക്കാട്ടി.
ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്
പലകാരണങ്ങളാലും ആശുപത്രികൾ രോഗവ്യാപനത്തിന്റെ കാരണമാകാമെന്നതിനാല്‍ അണുബാധ പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ എല്ലാവരും ഒഴിവാക്കണമെന്ന് ഡോ. അനീഷ് പറഞ്ഞു. ചികിത്സയിൽ കാരുണ്യത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ശാരീരികവും ആത്മീയവും സാമൂഹികവും വൈകാരികവുമായ പിന്തുണയിലൂടെ രോഗികളെ പരിചരിക്കുന്നതില്‍ സമൂഹത്തിന്റെ പങ്ക് നിർണായകമാണെന്നും പാലിയം ഇന്ത്യ സ്ഥാപക ചെയർമാൻ ഡോ. എം.ആർ രാജഗോപാൽ പറഞ്ഞു.
മൂല്യാധിഷ്ഠിത പരിചരണ സംവിധാനം കേരളത്തിനാവശ്യമാണെന്ന് കിംസ്ഹെൽത്ത് മെഡിക്കൽ സൂപ്രണ്ട് ഡയറക്ടര്‍ ഡോ. പ്രവീൺ മുരളീധരൻ പറഞ്ഞു. "ഏകാരോഗ്യത്തിന്റെ ഭാവി: ഇന്നൊവേഷനുകളും അവസരങ്ങളും" എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ടാറ്റ കൺസൾട്ടൻസി സർവീസസ് ലൈഫ് സയൻസസ് ഡൊമെയ്ൻ ഗ്ലോബൽ ഹെഡ് റോസ്മേരി ഹെഗ്ഡെ, ബഗ്‌വർക്ക്‌സ് സിഇഒ ഡോ. ആനന്ദ് കുമാർ, ടെറുമോ പെൻപോൾ മാനേജിംഗ് ഡയറക്ടർ ഡോ. ചേതൻ മകം, ഹൃദയാലയ ഹാർട്ട് ആൻഡ് റോബോട്ടിക്സ് റിസർച്ച് സെന്റര്‍ ചെയർമാനും സീനിയർ കാർഡിയോളജിസ്റ്റുമായ ഡോ. വി ജയപാല്‍ എന്നിവര്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.