Covid in Children:മുലപ്പാലിൽ നിന്ന് രോഗം പടരില്ല,കുട്ടികളുടെ ചികിത്സയ്ക്ക് മാർഗരേഖ
കോവിഡിന്റെ ഒന്നും രണ്ടും തരംഗം കുട്ടികളെ അധികം ബാധിച്ചില്ല. ഇരു തരംഗത്തിലും 10 ശതമാനത്തിൽ താഴെയുള്ള കുട്ടികളെയാണ് രോഗം ബാധിച്ചത്.
Trivandrum: കോവിഡ് കുട്ടികളേയും (Covid Treatment For Children ) ബാധിച്ചാൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് സർജ് പ്ലാനും ചികിത്സയ്ക്കായി മാർഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടികളിൽ ഉണ്ടാകുന്ന കോവിഡിനും കോവിഡാനന്തര പ്രശ്നങ്ങൾക്കുമുള്ള ചികിത്സാ മാർഗരേഖയാണ് പുറത്തിറക്കിയത്.
കോവിഡിന്റെ ഒന്നും രണ്ടും തരംഗം കുട്ടികളെ അധികം ബാധിച്ചില്ല. ഇരു തരംഗത്തിലും 10 ശതമാനത്തിൽ താഴെയുള്ള കുട്ടികളെയാണ് രോഗം ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാൻ സാധ്യതയില്ല. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ കോവിഡ് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നു.
നേരിയ (മൈൽഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയർ) രോഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് കുട്ടികൾക്കുള്ള ചികിത്സ സജ്ജമാക്കുന്നത്. കോവിഡ് ബാധിച്ചാൽ ബഹുഭൂരിപക്ഷം കുട്ടികൾക്കും നേരിയ രോഗം വരാനാണ് സാധ്യത. നേരിയ രോഗലക്ഷണമുള്ള കുട്ടികളെ വീട്ടിൽ തന്നെ ചികിത്സിക്കും. കൂടുതൽ രോഗലക്ഷണമുള്ള കുട്ടികളെ തീവ്രതയനുസരിച്ച് താലൂക്ക്, ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സിക്കും.
ലഘുവായ രോഗലക്ഷണമുള്ളവരെ പോലും ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലാണ് ചികിത്സിക്കേണ്ടത്. മിതമായ രോഗലക്ഷണമുള്ളവരെ എച്ച്.ഡി.യു. (ഹൈ ഡിപ്പന്റൻസി യൂണിറ്റ്) സൗകര്യവും ഓക്സിജൻ നൽകാൻ സൗകര്യവുമുള്ള ജില്ലാ, ജനറൽ ആശുപത്രികളിലേക്കാണ് മാറ്റുക. ഗുരുതര രോഗലക്ഷണമുള്ളവരെ ടെറിഷ്യറി കെയർ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സിക്കും. ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ആശുപത്രികളിലൊരുക്കിയിട്ടുണ്ട്.
ഗർഭസ്ഥ ശിശുവിന് അമ്മയിൽ നിന്നും രോഗം പകരുമെന്നതിനും തെളിവില്ല. മുലപ്പാലിൽ നിന്ന് രോഗം പകരുമെന്നതിനും തെളിവില്ല. അതിനാൽ കുട്ടികൾക്ക് മുലപ്പാൽ നൽകാം. അമ്മയിൽ നിന്നും വായുവിലൂടെ മാത്രമേ കുട്ടിക്ക് രോഗം പകരാൻ സാധ്യതയുള്ളു. മുലപ്പാൽ നൽകുന്ന സമയത്ത് അമ്മ എൻ 95 മാസ്‌ക് ധരിക്കണം. കൈകൾ സോപ്പുയോഗിച്ച് ഫലപ്രദമായി കഴുകിയതിന് ശേഷം മാത്രമേ പാൽ നൽകാവൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...