അമ്മവീട്ടിലെ നാട്ടുരുചികളും കിഷോറിന്റെ വിശേഷങ്ങളും
അമ്മയുടെ പൊടികൈകളും പിന്നെ എന്റെ കുറച്ച് മിനുക്ക് പണികളും കൂട്ടിച്ചേർത്താണ് ഇവിടെ ഭക്ഷണങ്ങൾ ഒരുക്കുന്നത്
തിരുവനന്തപുരം: ടെലിവിഷനിലെ പ്രിയതാരം കിഷോറേട്ടന്റെ അമ്മവീട്ടിലേക്കാണ് ഇന്നത്തെ യാത്ര. അമ്മ വീട് ഭക്ഷണ ശാലയാണ് ട്ടോ. ‘ഇല എടുത്താൽ വലിയ സന്തോഷം, അല്ലെങ്കിൽ ഞങ്ങൾ എടുത്തോളാം’ എന്ന് ചുവരിൽ ഭംഗിയായി എഴുതിവച്ചിരിക്കുന്ന തിരുവനന്തപുരത്തിന്റെ സ്വന്തം അമ്മവീട്. അഭിനയം, പാചകം, പാട്ട്, മോട്ടിവേഷൻ ക്ലാസ്, കൃഷി ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് കിഷോർ.
‘അമ്മവീടെ’ന്ന ഭക്ഷണശാലയും അവിടുത്തെ പാചകവിശേഷങ്ങളും കിഷോറേട്ടൻ തന്നെ പറയുമ്പോൾ അല്ലേ അതിന്റെ ഭംഗി. അത് കൊണ്ട് തുടക്കത്തിലെ ഞാൻ ചോദിച്ചത് തൈക്കാട് ശിശുക്ഷേമ സമിതിയിലെ അമ്മത്തൊട്ടിലിനു നേരെ എതിരെ ആയതുകൊണ്ടാണോ ഈ പേര് തെരഞ്ഞെടുത്തത് എന്നാണ്.
എന്നാൽ ചിരിച്ചു കൊണ്ട് കിഷോർ പറഞ്ഞു ഇവിടെ വരുന്ന എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ഇത്, എന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ വീട്ടിൽ വരുമായിരുന്നു സുഹൃത്തുക്കൾ . അത് സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ അങ്ങനെയാണ്. അന്ന് മുതലേ എല്ലാവർക്കും അമ്മയുടെ രുചി ഇഷ്ടമാണ്. അത് നിലനിർത്തി അമ്മയുടെ പൊടികൈകളും പിന്നെ എന്റെ കുറച്ച് മിനുക്ക് പണികളും കൂട്ടിച്ചേർത്താണ് ഞാൻ ഇവിടെ ഭക്ഷണങ്ങൾ ഒരുക്കുന്നത്. അങ്ങനെയാണ് അമ്മ വീട് എന്നൊരു പേരിൽ എത്തിയത്.
തിരക്കിനിടയിലും പാചകശാല എന്നൊരു ആശയം എപ്പോളാണ് തോന്നിയത് എന്ന് ഞാൻ ചോദിച്ചു
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഭക്ഷണം തയ്യാറാക്കുന്നതും അത് പാചകം ചെയ്യുന്നതും എനിക്കിഷ്ടമാണ് . പിന്നെ ഭക്ഷണത്തിന്റെ രുചി തിരിച്ചറിയണമെങ്കിൽ ഭക്ഷണം എങ്ങനെ ആയിരിക്കണമെന്ന് നമുക്ക് കൃത്യമായ ഒരു ധാരണ വേണം. അങ്ങനെ ഓരോ വർക്ക് ചെയ്യുമ്പോളും ഞാൻ ഇത്തരം ആശയത്തെക്കുറിച്ച് ചിന്തിച്ചതാണ്. കൂടാതെ എവിടെപ്പോയാലും വീട്ടിൽ വന്നു ഭക്ഷണം കഴിക്കാനാണ് എനിക്ക് ഇഷ്ടം. കാരണം നമ്മുടെ വീട്ടിലെ രുചി മറ്റെവിടെ നിന്നും കിട്ടില്ല. പിന്നെ കുട്ടിക്കാലത്തെ സുഹൃത്തുക്കൾക്ക് എന്റെ വീട്ടിൽ വിളമ്പുന്ന രുചികൾ വളരെ ഇഷ്ടമായിരുന്നു. അങ്ങനെ അന്ന് തോന്നി ഈ രുചി പുറത്തും എല്ലാവർക്കും ഇഷ്ടപ്പെടുമല്ലോ എന്ന്. അങ്ങനെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ എല്ലാവരും ഒരേ അഭിപ്രായം ആണ് പറഞ്ഞത്. പിന്നെ ഒരുപാട് യാത്ര ചെയ്യുന്ന ആളാണ് ഞാൻ അപ്പോൾ വ്യത്യസ്തമായ പാചകവും ഭക്ഷണരീതിയും കൊണ്ട് വരാം എന്ന് ചിന്തിച്ച് ഡോ. സജിത്തിനൊപ്പം ചേർന്ന് ‘അമ്മവീട്’ എന്ന ഭക്ഷണശാല തുടങ്ങി.
അമ്മവീട്ടിലെ പ്രത്യേകതകളെക്കുറിച്ച് പറയുകയാണെങ്കിൽ
വീട്ടിൽ അമ്മയുണ്ടാക്കുന്ന രുചി കിട്ടുന്നയിടം എന്നാണ് , ഇവിടെ വന്ന് ഭക്ഷണം കഴിക്കുന്നവർക്ക് അമ്മയുണ്ടാക്കുന്ന ടേസ്റ്റ് അത് പോലെ കിട്ടും. അതായത് വീട്ടിലുളള പച്ചക്കറികൾ ഉപയോഗിച്ച് മാത്രം വലിച്ചു വാരി തയ്യാറാക്കാതെ സിംപിളായി തയ്യാറാക്കും. പിന്നെ ഇവിടെ എല്ലാം വാഴയിലയിലാണ് വിളമ്പുന്നത്. ഞാൻ ‘ഷാപ്പിലെ കറി’ എന്നൊരു പരിപാടി ചെയ്തിട്ടുണ്ട് ആ യാത്രയിൽ രുചിച്ചറിഞ്ഞ നന്മകൾ മാത്രം എടുത്തിട്ടാണ് ഞാൻ ഇവിടെ ചെയ്യുന്നത്. അതിൽ നിന്നും കിട്ടിയൊരു ആശയമാണ് താറാവ് ഇറച്ചിയുടെ കാര്യത്തിൽ ഇവിടെ നടപ്പാക്കിയതും. താറാവ് മപ്പാസ് എല്ലാവർക്കും തേങ്ങാ പാൽ ഒഴിച്ചത് ഇഷ്ടമുണ്ടാവണമെന്നില്ല അപ്പോൾ മപ്പാസ് മാറ്റി താറാവ് റോസ്റ്റ് ആക്കി അത് എല്ലാവരും ഇപ്പോ ചോദിച്ചു വാങ്ങും. ഇവിടെ കഞ്ഞിവെള്ളമാണ് കുടിക്കാൻ കൊടുക്കുന്നത്. ഇത് കുടിച്ചാൽ തന്നെ ഒരു ഉൻമേഷവും ആവേശവും ആണ്. പിന്നെ ഉണക്കമീൻ വിഭവങ്ങളും ഇവിടെ തയ്യാറാക്കുന്നുണ്ട്. ഹോംലി സ്റ്റൈൽ മീൽസ് ആണ് നമ്മൾ കൊടുക്കുന്നത്. ഇലക്കറികൾ, ചീര, വാഴക്കൂമ്പ് , വാഴപ്പിണ്ടി, ചമ്മന്തി, ഇവയൊക്കെയാണ് കറികൾ. ഇവിടെ കാബേജ് കേറ്റില്ല കാരണം എനിക്ക് ഇഷ്ടമല്ല. ഇക്കാര്യം പലരും എടുത്ത് പറഞ്ഞിട്ടുണ്ട്. പിന്നെ കട്ടതൈരും ഇതിനൊപ്പം ഉടൻകൊല്ലി മുളകും തരും . കരണത്തടി മുളക് എന്നും ഇതിന് പേരുണ്ട് . ഇത് ചൂട് ചോറും കൂട്ടി കുഴച്ച് ഒരു പിടി പിടിച്ചാൽ ഒരു പത്ത് പറ ചോറ് ഒറ്റയടിക്ക് അകത്താക്കാം.
ഭക്ഷണത്തിന് കൃത്യമായി ഓരോ ദിവസത്തെയും ടൈംടേബിൾ തയാറാക്കി കൊടുത്തിട്ടുണ്ട്. ഞാൻ ഷൂട്ടിന് പോകുമ്പോൾ അല്ലെങ്കിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ ആ രീതിയിൽ ആണ് ഇവർ കൈകാര്യം ചെയ്ത് പോകുന്നത്. ഒരു ദിവസം മഞ്ഞ നിറത്തിലുള്ള അച്ചാറാണെങ്കിൽ അടുത്ത ദിവസം ചുവന്ന അച്ചാറായിരിക്കും. പിന്നെ ഇവിടുത്തെ പുളിയും മുളകും എല്ലാവർക്കും വളരെ ഇഷ്ടമാണ്. വാളൻ പുളി, ചെറിയ ഉള്ളി, കാന്താരി മുളക് എല്ലാം കൂടി ഇടിച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ചെടുക്കും. അത് ഇവിടുത്തെ ഹൈലൈറ്റ് സാധനം ആണ്. പിന്നെ ഒരു ദിവസം അവിയൽ ആണെങ്കിൽ ഒരു ദിവസം തീയൽ ആയിരിക്കും വയ്ക്കുക.
‘അടുക്കളയിലേക്ക് സ്വാഗതം’ എന്ന് പറഞ്ഞിരിക്കുന്നത്
അതേ ഇവിടെ അടുക്കളയിലേക്ക് കസ്റ്റമേഴ്സിനു കയറി വരാം . കാരണം പലതരം മീനുകൾ ആവശ്യക്കാർക്ക് അനുസരിച്ചാണ് തയ്യാറാക്കി കൊടുക്കുന്നത്. അത് പോലെ മീൻ പൊരിക്കാൻ കുറച്ച് സമയം വേണം എന്നും ചുവരിൽ എഴുതി വച്ചിട്ടുണ്ട്. പിന്നെ ഇറച്ചി വയ്ക്കുമ്പോഴും എണ്ണ കുറച്ചാണ് വയ്ക്കുന്നത് . ബിരിയാണിയ്ക്കും ഫ്‌ളേവറുകൾ ചേർക്കാറില്ല. പൈനാപ്പിൾ മുറിച്ച് ജ്യൂസ് പോലെ ആക്കിയാണ് ഉപയോഗിക്കുന്നത്. ഒരു തരത്തിലുളള എസൻസ് പോലും ഉപയോഗിക്കാറില്ല. അതാണ് എല്ലാവർക്കും ‘അടുക്കളയിലേക്ക് സ്വാഗതം’ എന്ന് പറഞ്ഞിരിക്കുന്നത്. എല്ലാവർക്കും അടുക്കള വന്ന് കാണാനും സാധിക്കും. ഒരു കമ്പനിയുടെയും പൗഡർ അല്ല നമ്മൾ ഉപയോഗിക്കുന്നത്. വീട്ടിൽ അമ്മ തയ്യാറാക്കുന്ന പൊടികളാണ് ഉപയോഗിക്കുന്നത്.
എന്റെ അച്ഛൻ മിലിട്ടറിയിൽ ആയിരുന്നു. ഇവിടെ വന്ന ശേഷം പൊലീസ് ഡിപ്പാർട്മെന്റിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു. അച്ഛൻ നേരത്തെ പഠിപ്പിച്ച വലിയൊരു ശീലം ആണ് കഴിക്കുന്ന പാത്രം സ്വന്തമായിട്ട് കഴുകി വച്ചിട്ട് പോകണം എന്നത്. അത് അച്ഛനും അങ്ങനെ തന്നെയാണ് ചെയ്യാറുളളത്. ചിലർക്കത് ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് അങ്ങനെ എഴുതി വച്ചത്. എടുത്താൽ വലിയ സന്തോഷം അല്ലെങ്കിൽ ഞങ്ങൾ എടുത്തോളാം എന്ന്. എന്നാൽ ഇല എടുക്കാത്തത് ശരിയല്ല എന്ന് ആരും ഇവിടെ പറയാറില്ല. പക്ഷേ 90 ശതമാനം ആളുകളും ഇല സ്വയം എടുക്കാറാണ് പതിവ്. അതേസമയം എടുക്കാത്തവരോട് ഒരിക്കലും ഇല എടുക്കാൻ പറയരുത് എന്നും സഹപ്രവർത്തകരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്ത് പറഞ്ഞാലും കട്ടയ്ക്ക് കൂട്ട് നിൽക്കുന്ന സഹപ്രവർത്തകരും കൂട്ടിനുളളത് കൊണ്ട് വലിയ സന്തോഷമാണുളളത്.
അമ്മ വീട്ടിൽ വരുന്നവരിൽ ചിലർ ഫ്രൈഡ് റൈസ് ചെയ്യുന്നില്ലേ എന്ന് ചോദിക്കാറുണ്ട്. ഞാൻ പറയും അത് ചെയ്യില്ല കാരണം മയോണൈസ്, സോസ് ഇതൊന്നും നമ്മൾ ഉപയോഗിക്കില്ല. കെമിക്കൽ ഒന്നുമില്ല. വിനാഗിരി പോലും ഉപയോഗിക്കില്ല. നാരങ്ങാ ആണ് ഉപയോഗിക്കുന്നത് അത് കൊണ്ട് ചില്ലി എന്ന് പറയുന്ന ഒരു ഐറ്റമേ നമ്മളിവിടെ ചെയ്യുന്നില്ല. അതായത് റിസ്ക് എടുത്ത് ചൈനീസ് ജങ്ക് ഫുഡുകൾ ഒന്നും തയ്യാറാക്കുന്നില്ല.
പിന്നെ വെറും വാചകങ്ങൾ മാത്രം അല്ലാട്ടോ 'നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം' എന്ന പാട്ടും പിന്നെ അടുക്കളയിലെ വിശേങ്ങൾ നേരിട്ട് പരിജയപ്പെടുത്താനും കിഷോറേട്ടൻ മറന്നില്ല. അങ്ങനെ വിശേഷങ്ങൾക്ക് ശേഷം അമ്മവീട്ടിലെ ഭക്ഷണവും കഴിച്ചാണ് ഞാൻ മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...