Dementia: ഓർമ്മക്കുറവിനെ ചെറുക്കാം ഭക്ഷണത്തിലൂടെ; നാരുകളടങ്ങിയ ഈ ഭക്ഷണങ്ങൾ ഡിമൻഷ്യയെ തടയുമെന്ന് പഠനങ്ങൾ
ഡിമെൻഷ്യ ദീർഘകാല പരിചരണം ആവശ്യമുള്ള ഒരു രോഗാവസ്ഥയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ കസുമാസ യമാഗിഷി പറയുന്നു.
ഉയർന്ന നാരുകളുള്ള ഭക്ഷണക്രമം പിന്തുടരുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ. ന്യൂട്രിഷണൽ ന്യൂറോ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജപ്പാനിലെ ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. 40-നും 64-നും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഡിമെൻഷ്യ ദീർഘകാല പരിചരണം ആവശ്യമുള്ള ഒരു രോഗാവസ്ഥയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ കസുമാസ യമാഗിഷി പറയുന്നു.
ആരോഗ്യമുള്ള തലച്ചോറിന് നാരുകൾ പ്രധാനമാണ്. നല്ല ആരോഗ്യത്തിന് എല്ലാ ഭക്ഷണ വിദഗ്ധരും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിർദ്ദേശിക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കും ഇത് വളരെ പ്രധാനമാണ്. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനും നാരുകളടങ്ങിയ ഭക്ഷണം വളരെ സഹായകമാണ്.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ എന്ന രണ്ട് തരം നാരുകൾ തമ്മിൽ വ്യത്യാസമുണ്ടോ എന്നും ഗവേഷക സംഘം പരിശോധിച്ചു. ഓട്‌സ്, പയറുവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ കുടലിൽ വസിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകൾക്ക് നല്ലതാണ്. ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന ലയിക്കാത്ത നാരുകൾ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. പഠനത്തിന് വിധേയമാക്കിയവരിൽ നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിൽ ഡിമെൻഷ്യക്കുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.
ലയിക്കുന്ന നാരുകൾ കുടലിലെ ബാക്ടീരിയയുടെ ഘടനയെ നിയന്ത്രിക്കുന്നു. ശരീരഭാരം, രക്തസമ്മർദ്ദം തുടങ്ങിയ ഡിമെൻഷ്യയ്ക്കുള്ള അപകട ഘടകങ്ങളെ കുറയ്ക്കാൻ ഭക്ഷണത്തിലെ നാരുകൾ സഹായിക്കും. ഉയർന്ന നാരുകളുള്ള ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ സാധിച്ചേക്കുമെന്നാണ് പ്രൊഫസർ കസുമാസ യമാഗിഷി വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...