Diabetes: ഭക്ഷണത്തോടൊപ്പം വൈൻ കുടിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ
ഭക്ഷണം കഴിക്കാതെ മദ്യം കഴിക്കുന്നതിനെ അപേക്ഷിച്ച് ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14 ശതമാനം കുറയ്ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഭക്ഷണത്തോടൊപ്പം വൈൻ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനങ്ങൾ. മിതമായ അളവിൽ മദ്യം (സ്ത്രീകൾക്ക് പ്രതിദിനം 14 ഗ്രാമിലും പുരുഷന്മാർക്ക് പ്രതിദിനം 28 ഗ്രാമിലും കൂടരുത്), വൈൻ എന്നിവ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മദ്യം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ മിതമായ അളവിൽ ശരിയായ രീതിയിൽ കഴിക്കുകയാണെങ്കിൽ മദ്യം ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലെന്നാണ് ട്യൂലെൻ സർവകലാശാലയിലെ ഗവേഷകൻ ഹാവോ മാ പറയുന്നത്. ഒരു വ്യക്തി കുടിക്കുന്ന മദ്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ആരോഗ്യസ്ഥിതിയിലെ അപകടങ്ങൾ വർധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, പക്ഷാഘാതം, സ്തനാർബുദം, കരൾ രോഗം, വിഷാദം, ആത്മഹത്യ പ്രവണത എന്നിവ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളാണ്.
ഭക്ഷണം കഴിക്കാതെ മദ്യം കഴിക്കുന്നതിനെ അപേക്ഷിച്ച് ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14 ശതമാനം കുറയ്ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പഠനത്തിനായി, ഗവേഷകർ 3,12,400 പേരുടെ വിശദാംശങ്ങളാണ് ശേഖരിച്ചത്. ഏകദേശം 11 വർഷത്തിനിടയിൽ (2006 നും 2010 നും ഇടയിൽ) ഇവരിൽ മിതമായ മദ്യപാനം ഉണ്ടാക്കുന്ന ഫലം പരിശോധനയ്ക്ക് വിധേയമാക്കി. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എപ്പിഡെമിയോളജി, പ്രിവൻഷൻ, ലൈഫ്‌സ്റ്റൈൽ & കാർഡിയോമെറ്റബോളിക് ഹെൽത്ത് കോൺഫറൻസ് 2022-ൽ അവതരിപ്പിച്ച പഠനത്തിൽ മുതിർന്നവരിൽ 8,600 പേർക്ക് മാത്രമാണ് ടൈപ്പ് 2 പ്രമേഹം ഉള്ളതായി കണ്ടെത്തിയത്. (പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഭക്ഷണ ക്രമീകരണത്തിലോ മരുന്നുകൾ ഉപയോഗിക്കുന്നതിലോ മാറ്റങ്ങൾ വരുത്തരുത്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...