Covid Vaccine: ആര്‍ത്തവ ദിവസങ്ങളില്‍ കോവിഡ് വാക്സിന്‍ എടുക്കാന്‍ പാടില്ലേ? ഡോ. ഷിംന അസീസ് പറയുന്നു
Covid വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പലതരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്, ഇത്തരം സന്ദേശങ്ങളില്‍ വാസ്തവ വിരുദ്ധമായതും ഏറെയുണ്ട് എന്നതാണ് വസ്തുത.
Covid വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പലതരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്, ഇത്തരം സന്ദേശങ്ങളില്‍ വാസ്തവ വിരുദ്ധമായതും ഏറെയുണ്ട് എന്നതാണ് വസ്തുത.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു സന്ദേശമാണ് ആര്‍ത്തവം അടുത്തിരിയ്ക്കുന്ന ദിവസങ്ങളില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പാടില്ലെന്നുള്ളത്. വാട്‌സ് ആപ്പില്‍ ഇതിനോടകം ഏറെ വ്യാപകമായി പ്രചരിച്ച സന്ദേശമാണ് ഇത്.
18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മെയ് 1 മുതല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഈ വ്യാജവാര്‍ത്തകള്‍ വ്യാപകമായി തുടങ്ങിയത്.
ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധ ശേഷി വളരെ കുറവായിരിക്കുമെന്നും വാക്‌സിനേഷന്‍ എടുക്കാന്‍ പാടില്ലെന്നുമാണ് ഈ സന്ദേശങ്ങളില്‍ പറയുന്നത്. എന്നാല്‍ ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ഷിംന അസീസ് രംഗത്തെത്തിയിരിയ്ക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷിംനയുടെ പ്രതികരണം.
ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിനേഷന്‍ എടുക്കരുതെന്ന് പുതിയ ‘വാട്ട്സ്ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍’ സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട് വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവരെക്കൂടി മെയ് ഒന്ന് മുതല്‍ വാക്സിനേഷന്‍ ഗുണഭോക്താക്കളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഐറ്റം റിലീസായിരിക്കുന്നത്.
അപ്പോള്‍ ഇത് സത്യമല്ലേ? സത്യമല്ല.
ഒന്നോര്‍ത്ത് നോക്കൂ, ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അവരില്‍ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീര്‍ച്ചയായും ആര്‍ത്തവമുള്ള സ്ത്രീകളും അവരില്‍ ഉള്‍പ്പെടുന്നു. ആര്‍ത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കില്‍ അന്ന് വാക്സിനേഷന്‍ കൊണ്ട് ഏറ്റവും വലിയ രീതിയില്‍ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആണ്, തൊട്ട് പിറകേ വാക്സിനേഷന്‍ ലഭിച്ച മുന്‍നിരപോരാളികളാണ്.
രോഗാണുവുമായി നേരിട്ടുള്ള സമ്പര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.
കിംവദന്തികളില്‍ വഞ്ചിതരാകാതിരിക്കുക. വാക്സിനേഷനും നിങ്ങളുടെ ആര്‍ത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ് വാക്സിന്‍ സ്വീകരിക്കുക, മാസ്‌ക് കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കുക.
അടിസ്ഥാനമില്ലാത്ത സോഷ്യല്‍ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുക.