Monsoon foods: മഴക്കാലം വന്നെത്തി, ഇനി ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം; ഇവ കഴിക്കാനേ പാടില്ല..!
Monsoon health care tips in Malayalam: മഴക്കാലത്ത് നമ്മുടെ ആമാശയം പെട്ടെന്ന് അസ്വസ്ഥമാകുന്നതിനാൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം.
കടുത്ത വേനലിന് വിരാമമിട്ട് ഒടുവിൽ മഴക്കാലം എത്തിയിരിക്കുകയാണ്. മഴക്കാലത്ത് ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. കാരണം, മൂന്നോ നാലോ മാസത്തോളം നീണ്ടുനിൽക്കാൻ സാധ്യതയുള്ള മഴക്കാലത്ത് രോഗങ്ങളും മറ്റ് അസ്വസ്ഥതകളും പിടിപെടാൻ സാധ്യത വളരെ കൂടുതലാണ്.
മഴക്കാലത്ത് നമ്മുടെ ആമാശയം പെട്ടെന്ന് അസ്വസ്ഥമാകുകയും അതുവഴി ദഹന പ്രക്രിയയുടെ വേഗം കുറയുകയും ചെയ്യും. ഈ സീസണിൽ, മരുന്നിന് പെട്ടെന്നുള്ള ഫലമുണ്ടാകില്ല. മഴക്കാലത്ത് നാം കഴിക്കുന്നത് എല്ലാം ആരോഗ്യകരമാണെന്ന തെറ്റിധാരണ പാടില്ല. ഈ സമയത്ത് ചുമ, പനി എന്നിവയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ മഴക്കാലത്ത് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: മാമ്പഴം രുചികരവും ഗുണപ്രദവും; ഈ തെറ്റുകൾ ഒഴിവാക്കിയാൽ ഇരട്ടി ഗുണം
സ്ട്രോബെറി
സ്ട്രോബെറിയെ സൂപ്പർഫുഡ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ സ്ട്രോബെറിയുടെ അമിതമായ ഉപയോഗം ശരീരത്തിന് ഹാനികരമാണ്. ശരീരത്തിൽ അസാധാരണമായ രീതിയിൽ രക്തം കട്ടപിടിക്കുന്നതിനും നെഞ്ചിൽ മ്യൂക്കസ് അടിഞ്ഞു കൂടുന്നതിനും കാരണമാകുന്ന ഹിസ്റ്റമിൻ എന്ന സംയുക്തം സ്ട്രോബെറിയിലുണ്ട്. ഇത് മൂക്കിലെയും സൈനസുകളിലെയും പ്രശ്നം വഷളാക്കും. അതിനാൽ, ജലദോഷമോ പനിയോ ഉണ്ടെങ്കിൽ സ്ട്രോബെറി കഴിക്കരുത്.
സിട്രസ് പഴങ്ങൾ
സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങൾ, അതായത് സിട്രസ് പഴങ്ങൾ ആസിഡ് റിഫ്ലക്സിന് കാരണമാകും. അതിനാൽ പൈനാപ്പിൾ, പേരയ്ക്ക, തണ്ണിമത്തൻ എന്നിങ്ങനെ ജലാംശം കൂടുതലുള്ളവ കഴിക്കുന്നതാണ് നല്ലത്.
പാൽ - തൈര്
ജലദോഷമോ പനിയോ ഉള്ളപ്പോൾ പാൽ, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇവ ശ്വാസനാളത്തിൽ കഫത്തിനും തൊണ്ടയിൽ വീക്കത്തിനും കാരണമാകുന്നു. മഴക്കാലത്ത് ചുമയോ നെഞ്ചുവേദനയോ അനുഭവപ്പെടുമ്പോൾ പാലോ പാൽ ഉൽപന്നങ്ങളോ കഴിക്കാൻ പാടില്ല.
പപ്പായ
നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പഴമായാണ് പപ്പായ കണക്കാക്കപ്പെടുന്നത്. എന്നാൽ ചുമയും പനിയും ഉണ്ടെങ്കിൽ പപ്പായ ഒഴിവാക്കണം. പപ്പായയിൽ നിന്ന് പുറന്തള്ളുന്ന ഹിസ്റ്റമിൻ നമ്മുടെ നാസികാദ്വാരങ്ങളെ ബാധിക്കും. ഇക്കാരണത്താൽ, ഒരു വ്യക്തിക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം. അതുകൊണ്ട് സൈനസ് മാറുന്നത് വരെ പപ്പായ കഴിക്കരുത്.
വാഴപ്പഴം
നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകുന്ന വാഴപ്പഴം ജലദോഷത്തിൻ്റെയും പനിയുടെയും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കാൻ കാരണമാകും. ഏത്തപ്പഴത്തിൽ പഞ്ചസാരയുടെ അംശം കൂടുതലാണ്. ഇത് നീര്, വീക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. മാത്രമല്ല, ഇത് പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഏത്തപ്പഴം ശരീരത്തിന് തണുപ്പ് നൽകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനാൽ ജലദോഷം, പനി എന്നിവയുള്ളപ്പോൾ ഏത്തപ്പഴം കഴിക്കരുത്.
നട്‌സ്
നട്‌സ് നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ ഇവ കഴിക്കുന്നത് ഒഴിവാക്കുക. നട്സ് തൊണ്ട വേദനയ്ക്ക് കാരണമായേക്കാം. കൂടാതെ ഇതിൽ ഹിസ്റ്റാമിന്റെ അളവ് കൂടുതലാണ്. അതിനാൽ ജലദോഷം, പനി തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളപ്പോൾ നട്സ് ഒഴിവാക്കണം.
കൊഴുപ്പുള്ള ഭക്ഷണം
മഴക്കാലത്ത് കൊഴുപ്പുള്ള ഭക്ഷണം കഴിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. റെഡ് മീറ്റ്, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ, അവോക്കാഡോ പോലുള്ള പഴങ്ങൾ എന്നിവയും നിങ്ങൾ ഒഴിവാക്കണം. ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ദഹനത്തെ ദുർബലപ്പെടുത്തും.
ചായ - കാപ്പി
എപ്പോഴും പനിയും ചുമയുമുള്ളവർ ചായയും കാപ്പിയും കുടിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ജലദോഷമോ പനിയോ ഉള്ളപ്പോൾ ഇവ എത്രത്തോളം ദോഷകരമാണെന്ന് പലർക്കും അറിയില്ല. കാപ്പിയിലെ കഫീൻ നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകുന്നു. കഫീൻ ശരീരത്തിൽ പ്രവേശിച്ചാലുടൻ പലപ്പോഴും മൂത്രശങ്ക അനുഭവപ്പെടുന്നു. ഇക്കാരണത്താൽ പേശി വേദന വർദ്ധിക്കുകയും വയറിളക്കം - ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.
വറുത്ത ഭക്ഷണം
വറുത്തതോ എരിവ് കൂടിയതോ ആയ ഭക്ഷണങ്ങൾ എന്തായാലും നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ ചുമയോ നെഞ്ചുവേദനയോ ഉള്ളപ്പോൾ ഇവ കഴിക്കുന്നത് കൂടുതൽ ദോഷം ചെയ്യും. ജലദോഷ സമയത്ത് നിങ്ങൾ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ജങ്ക് ഫുഡ് എന്നിവ ഒരു കാരണവശാലും കഴിക്കാൻ പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...