Fenugreek | ഉലുവ ആള് നിസാരക്കാരനല്ല; ഉലുവയുടെ ഈ ആറ് ഔഷധ ഗുണങ്ങൾ അറിയാമോ?
വിഭവങ്ങൾക്ക് രുചി കൂട്ടുന്നത് മുതൽ പ്രമേഹം നിയന്ത്രിക്കുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും വരെ ഉലുവയ്ക്ക് സാധിക്കും
അച്ചാറിനും കറിക്കും രുചി കൂട്ടാൻ മാത്രമല്ല, വളരെയധികം ഔഷധഗുണങ്ങളും ഉലുവയ്ക്ക് ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം, യൂറിക് ആസിഡിന്റെ അളവ്, മുടികൊഴിച്ചിൽ എന്നിവ നിയന്ത്രിക്കുകയും വിളർച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.
ആയുർവേദ ഡോക്ടറായ ഡോ. ദിക്ഷ ഭവ്‌സർ ഉലുവയുടെ വിവിധ ഗുണങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഉലുവയിൽ പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കാത്സ്യം, ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ എ, സി, കെ, ബി, മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ്, സിങ്ക്, നാരുകൾ, വെള്ളം എന്നിവ അടങ്ങിയിരിക്കുന്നുവെന്ന് ഡോ. ദിക്ഷ വ്യക്തമാക്കുന്നു.
വൈവിധ്യമാർന്ന ഉപയോഗങ്ങളും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ആയുർവേദ സസ്യമാണ് ഉലുവ. വിഭവങ്ങൾക്ക് രുചി കൂട്ടുന്നത് മുതൽ പ്രമേഹം നിയന്ത്രിക്കുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും വരെ ഉലുവയ്ക്ക് സാധിക്കും. നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും ഉലുവ മികച്ചതാണെന്ന് ഡോ. ദിക്ഷ പറയുന്നു.
ഉലുവയുടെ ഗുണങ്ങൾ ഇവയാണ്: വിശപ്പും ദഹനശക്തിയും മെച്ചപ്പെടുത്തുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുകയും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ, നര, യൂറിക് ആസിഡ് അളവ് (ഗൗട്ട്) എന്നിവ കുറയ്ക്കുന്നു. രക്തത്തിന്റെ അളവ് മെച്ചപ്പെടുത്തുന്നു (വിളർച്ച ഇല്ലാതാക്കുന്നു) കൂടാതെ രക്തത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.
പക്ഷാഘാതം, മലബന്ധം, വയറുവേദന, പുറംവേദന, കാൽമുട്ട് സന്ധി വേദന, പേശിവലിവ് തുടങ്ങിയ വാത വൈകല്യങ്ങളെ ചികിത്സിക്കാൻ ഇത് ഉപയോഗപ്രദമാണ്. ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ്, നെഞ്ചെരിച്ചിൽ, പൊണ്ണത്തടി തുടങ്ങിയ കഫ വൈകല്യങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. മൂക്കിലെ രക്തസ്രാവം, ശക്തമായ ആർത്തവം തുടങ്ങിയ അവസ്ഥകളിൽ ഉലുവ ഉപയോഗിക്കരുത്.
ഉലുവ എങ്ങനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് ഡോ.ദിക്ഷ പറയുന്നു:
1-2 ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം രാവിലെ കഴിക്കുക. അല്ലെങ്കിൽ ഉലുവ ചായയായി കുടിക്കുക.
1 ടീസ്പൂൺ ഉലുവ ദിവസത്തിൽ രണ്ടുതവണ ഭക്ഷണത്തിന് മുമ്പോ രാത്രിയിലോ ചെറുചൂടുള്ള പാലിലോ വെള്ളത്തിലോ ചേർത്ത് കഴിക്കുക.
ഉലുവ പേസ്റ്റ് രൂപത്തിലാക്കി തൈര്/കറ്റാർ വാഴ ജെൽ/വെള്ളം എന്നിവയിൽ ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ, മുടികൊഴിച്ചിൽ, നര എന്നിവ കുറയ്ക്കും.
മുഖക്കുരു, പാടുകൾ, ചുളിവുകൾ എന്നിവയ്ക്ക് ഉലുവയും റോസ് വാട്ടറും ഉപയോഗിച്ച് തയ്യാറാക്കിയ ഉലുവ പേസ്റ്റ് ഉപയോഗിക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...