Grape juice: രുചിയും ആരോഗ്യവും; അറിയാം മുന്തിരി ജ്യൂസിന്റെ ഗുണങ്ങൾ
Grape juice: വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മുന്തിരി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മുന്തിരി. ഇത് പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മുന്തിരി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
എൽഡിഎൽ കൊളസ്‌ട്രോൾ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു: റെഡ് വൈനിലും പർപ്പിൾ മുന്തിരിയിലും അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകൾ കൊറോണറി ഹൃദ്രോഗമുള്ള രോഗികളിൽ ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കുന്നതായി പഠനങ്ങളിൽ വ്യക്തമാക്കുന്നു. പർപ്പിൾ മുന്തിരി ജ്യൂസ് കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു: പർപ്പിൾ മുന്തിരി ജ്യൂസ് കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. മുന്തിരി ജ്യൂസ് കഴിക്കുന്നത് വിറ്റാമിൻ സിയുടെ അളവും വർധിപ്പിക്കുന്നു.
ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നു: മോളിക്യുലർ ന്യൂട്രീഷൻ ആൻഡ് ഫുഡ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, ചുവന്ന മുന്തിരി ജ്യൂസ് കഴിക്കുന്നവരിൽ അസിഡിറ്റി കുറവാണെന്നാണ്. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് മുന്തിരി ജ്യൂസ് സഹായിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: മുന്തിരി സത്തിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും ഹൃദയപേശികളെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. രക്തയോട്ടം മെച്ചപ്പെടുത്താനും അതുവഴി രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്താം; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് മുതൽ നിരവധിയാണ് ഗുണങ്ങൾ
ലോകമെമ്പാടും വർധിച്ചുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. ഇന്ത്യയിലും പ്രമേഹ രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നതാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. പ്രമേഹം കാലക്രമേണ ഹൃദയം, രക്തക്കുഴലുകൾ, കണ്ണുകൾ, വൃക്കകൾ, ഞരമ്പുകൾ എന്നിവയ്ക്ക് കാര്യമായ ദോഷം വരുത്തിയേക്കും. ടൈപ്പ് 2 പ്രമേഹമാണ് കൂടുതലായി കാണുന്നത്. ഇത് പലപ്പോഴും മുതിർന്നവരെയാണ് ബാധിക്കുന്നത്. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് കുറയുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
ചില ജീവിതശൈലി മാറ്റങ്ങളോടൊപ്പം മരുന്നുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഭക്ഷണശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചില ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്താൽ രകത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും. ഇത്തരത്തിൽ ഒരു ഭക്ഷണപഥാർത്ഥമാണ് കൂൺ. പ്രമേഹം ബാധിച്ച ആളുകൾക്ക് അവരുടെ ഭക്ഷണത്തിൽ നിന്ന് എന്ത് ഉൾപ്പെടുത്തണം അല്ലെങ്കിൽ ഒഴിവാക്കണം എന്ന് തീരുമാനിക്കുന്നത് പലപ്പോഴും വെല്ലുവിളിയാണ്. എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിലനിർത്താൻ, ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കൂൺ എങ്ങനെ സഹായിക്കുമെന്ന് മുംബൈയിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ. ജിനാൽ പട്ടേൽ വിശദീകരിക്കുന്നു.
പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും, പ്രമേഹമുള്ളവർക്ക് കൂൺ വളരെ മികച്ചതാണെന്ന് ഡോക്ടർ പട്ടേൽ ചൂണ്ടിക്കാട്ടുന്നു. താഴ്ന്ന ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഉള്ളതിനാൽ കൂൺ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ഉയരില്ല. ഉയർന്ന ജിഐ ഉള്ള ഭക്ഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ജിഐ ഉള്ള ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിലാണ് വർധിപ്പിക്കുക. കൂണിലെ വൈറ്റമിൻ ബി, പോളിസാക്രറൈഡ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവിനൊപ്പം കൊളസ്‌ട്രോളിന്റെ അളവും നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല, കൂണിൽ കാർബോഹൈഡ്രേറ്റ്, കലോറി, പഞ്ചസാര എന്നിവ കുറവാണെന്നും ഇവ പ്രമേഹത്തെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രമേഹം മാത്രമല്ല, ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. കൂണിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശ്വാസകോശം, പ്രോസ്റ്റേറ്റ്, മറ്റ് പലതരം അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നു. എന്നാൽ, ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. ഏത് തരം കൂൺ എത്ര അളവിൽ കഴിക്കണം എന്നത് സംബന്ധിച്ച് വിദഗ്ധാഭിപ്രായം സ്വീകരിച്ചതിന് ശേഷം മാത്രം ഭക്ഷണത്തിൽ മാറ്റം വരുത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...